Enter your Email Address to subscribe to our newsletters

Ernakulam , 06 ഏപ്രില് (H.S.)
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ നൽകിയ ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ്. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്നാണ് ടി.കെ ഗോവിന്ദൻ്റെ വാദം. എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദ്യമുന്നയിച്ചു.
സാഹചര്യം വ്യത്യസ്ഥമെന്നും കഴിഞ്ഞ 60 വർഷമായി സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചയാളാണ് താൻ നിലവിൽ സ്വാതന്ത്രനായാണ് മത്സരിക്കുന്നത്. ഭീഷണിപ്പെടുത്താൻ ശ്രമം ഉണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നുവെന്നും പൊലീസ് സംരക്ഷണം വേണമെന്നും ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് ഇന്ന് കോടതിയെ അറിയിച്ചു.
പൊലീസ് സംരക്ഷണ ഹർജിയിൽ ഡി.ജി.പിയുടെ മറുപടി ലഭിച്ച ശേഷം ഹർജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. വ്യാജ വോട്ട് ആക്ഷേപം ഉയര്ത്തി ടികെ ഗോവിന്ദൻ നൽകിയ ഹര്ജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനടക്കം നോട്ടീസ് അയച്ചു. ആബ്സൻ്റ് - ഡെത്ത് - ഷിഫ്റ്റ് വോട്ടര് പട്ടിക തയ്യാറാക്കണം. പട്ടിക എല്ലാ ബൂത്തുകളിലെയും പോളിങ് ഓഫിസര്മാര്ക്ക് നല്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് നിര്ദേശം നല്കണമെന്നുമാവശ്യപ്പെട്ടാണ് ടികെ ഗോവിന്ദൻ്റെ ഈ ഹർജി. ഇടതു കോട്ടകളില് വ്യാജവോട്ട് സാധ്യതയുണ്ടെന്നും ടികെ ഗോവിന്ദന് ഹർജിയിൽ പറഞ്ഞിട്ടുണ്ട്. അടുത്തിടെ സി.പി.എം വിട്ട ആളാണ് ടി.കെ ഗോവിന്ദൻ.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മേഖലയിൽ നിർണായക സാന്നിധ്യമായിരുന്ന വ്യക്തിയാണ് ടി.കെ. ഗോവിന്ദൻ. ഏതാണ്ട് അറുപത് വർഷക്കാലം സി.പി.എമ്മിൻ്റെ അടിയുറച്ച പ്രവർത്തകനായിരുന്നു. കേരള സ്റ്റുഡൻ്റ്സ് ഫെഡറേഷനിലൂടെ (KSF) വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. കെ.എസ്.വൈ.എഫ് (KSYF) തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, സി.പി.എം ശ്രീകണ്ഠാപുരം ഏരിയ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ 9 വർഷവും, ജില്ലാ കമ്മിറ്റിയിൽ 25 വർഷത്തിലേറെയും അംഗമായിരുന്നു. ഇക്കാലയളവിൽ പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ ശക്തമായ സ്വാധീനം അദ്ദേഹം ചെലുത്തി.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിനെ അദ്ദേഹം പരസ്യമായി എതിർത്തു. ഇത് 'കുടുംബവാഴ്ച'യാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനത്തെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR