Enter your Email Address to subscribe to our newsletters

Wayanad , 06 ഏപ്രില് (H.S.)
വയനാട് ദുരന്തബാധിതർക്ക് വേണ്ടി പിരിച്ച പണത്തിൻ്റെ കണക്ക് പുറത്തുവിട്ടതിന് പിന്നാലെ കോണ്ഗ്രസിനോട് ചോദ്യങ്ങളുമായി തോമസ് ഐസക്.
കോണ്ഗ്രസ് പിരിച്ചെടുത്ത തുകയില് വീട് നിർമ്മാണത്തിന് പണം ബാക്കി ഇല്ലായെന്ന് സതീശന് അറിവുണ്ടായിരുന്നിട്ടും രാഹുലിനെയും പ്രിയങ്കയേയും കൊണ്ട് അവിടെ തറക്കല്ലിടല് നാടകം നടത്തിയത് എന്തിനാണെന്ന് തോമസ് ഐസക് ചോദിച്ചു. യഥാർത്ഥത്തില് എത്രപണമാണ് കോണ്ഗ്രസ് പിരിച്ചതെന്ന ചോദ്യവും ഐസക് ഉയർത്തി. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
'പ്രതിപക്ഷ പാർടി തെരഞ്ഞെടുപ്പില് അഴിമതിക്ക് പ്രതിക്കൂട്ടിലാകുന്നത് അപൂർവ്വമാണ്. അത്തരമൊരു ആപ്പിലാണ് കോണ്ഗ്രസ്. ആറ് മാസത്തിനുള്ളില് വീട് പണിതുകൊടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രശ്നം സമരിയാക്കാനാണ് കെ.സി. വേണുഗോപാലിന്റെ ശ്രമം. നിങ്ങള് എഐസിസി ഫണ്ട് എടുത്ത് വീട് നിർമ്മിച്ചുകൊടുത്താലും ചോദ്യങ്ങള് അവശേഷിക്കും. എന്തുകൊണ്ട് നിലപാടുകള് ദിവസംതോറും മറ്റേണ്ടിവരുന്നു? എത്ര കോടി പിരിച്ചു? 5.38 കോടി രൂപയുടെ കണക്കല്ലേ പുറത്തുവന്നിട്ടുള്ളൂ. ബാക്കി തുകയ്ക്ക് എന്ത് സംഭവിച്ചു?
⚫️ 2024 ജൂലൈ 30-ന് വയനാട് ദുരന്തം. ആഗസ്റ്റ് ആദ്യം വി.ഡി. സതീശൻ 100 വീടുകള് പണിതുകൊടുക്കുമെന്ന് പ്രഖ്യാപിക്കുന്നു.
⚫️ ആഗസ്ത് 21-ന് കോണ്ഗ്രസ്, 'സ്റ്റാൻഡ് വിത്ത് വയനാട്' എന്ന പേരില് ആപ്പുണ്ടാക്കി പിരിവ് തുടങ്ങി. ഉദ്ഘാടകൻ രാഹുല് ഗാന്ധി.
⚫️ ഡിസംബറില് വി.ഡി. സതീശൻ സർക്കാർ പുനരധിവാസ പ്രവർത്തനങ്ങള് വൈകുന്നതിനെതിരെ പ്രതിഷേധിക്കുന്നു. 100 വീടുകള് കർണ്ണാടക സർക്കാർ നല്കുമെന്ന് അറിയിക്കുന്നു. അങ്ങനെ 400 വീടുകളില് പകുതി കോണ്ഗ്രസിന്റെ വക. പിന്നെ പിരിവ് ഒഴികെ ബാക്കിയൊന്നും ഒരു വർഷത്തേക്ക് നടന്നില്ല.
⚫️ 2025 മാർച്ച് 27-ന് സർക്കാർ പദ്ധതിയായ ടൗണ്ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടുന്നു. എല്സ്റ്റണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നിയമ തർക്കങ്ങള് കോടതിയില് തീർപ്പാക്കുന്നതിനുള്ള കാലതാമസത്തില് കോണ്ഗ്രസ് പ്രതിഷേധിച്ചു. ടൗണ്ഷിപ്പ് നിർമ്മാണം ഊലാളുങ്കലിനെ ഏല്പ്പിച്ചതില് പ്രതിഷേധിച്ചു. എന്നാല് തങ്ങളുടെ 100 വീടുകള്ക്കായി കോണ്ഗ്രസ് ഒന്നും ചെയ്തില്ല.
⚫️ 2026 ഫെബ്രുവരി 10-ന് വി.ഡി. സതീശൻ കോണ്ഗ്രസ് മേപ്പാടിയില് ഭൂമി വാങ്ങിക്കൊണ്ടിരിക്കുന്നത് വെളിപ്പെടുത്തുന്നു. സർക്കാർ ഭൂമി വാങ്ങാൻ ഒന്നരവർഷം എടുത്തപ്പോള് കോണ്ഗ്രസ് നാല് മാസംകൊണ്ട് ഭൂമി വാങ്ങിയെന്നു പറഞ്ഞ് സർക്കാരിനെ കളിയാക്കുന്നു.
⚫️ ഫെബ്രുവരി 27-ന് രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് മേപ്പാടിയിലെ ഭൂമിയില് വീട് നിർമ്മാണത്തിനുള്ള തറക്കല്ലിടുന്നു. സർക്കാർ പുനരധിവാസ ടൗണ്ഷിപ്പിലെ 178 വീടുകളുടെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് 1-ന് നടത്തുന്നതിന്റെ പശ്ചാത്തലത്തില് ആയിരുന്നു ഈ തറക്കല്ലിടലെന്നു വ്യക്തം.
⚫️ മാർച്ച് 26-ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെ.സി. വേണുഗോപാല് ഒരു പ്രസ്താവന നടത്തുന്നു- യുഡിഎഫ് അധികാരത്തില് വന്നാല് ആദ്യം ചെയ്യുക മുണ്ടകൈ-ചൂരല്മല വീടുകളുടെ പൂർത്തീകരണമായിരിക്കും.
⚫️ മാർച്ച് 28-ന് വയനാട് സ്ഥലം വാങ്ങി വീടുകളുടെ പണി തുടങ്ങിയെന്ന് വി.ഡി. സതീശൻ.
⚫️ ഏപ്രില് 1-ന് വീട് പണിതു പ്രൊജക്ട് പൂർത്തിയാക്കിയശേഷമേ ദുരിതാശ്വാസ ഫണ്ട് ഇടപാടുകള് സംബന്ധിച്ച വിശദാംശങ്ങള് നല്കാൻ കഴിയൂവെന്ന് സതീശൻ വ്യക്തമാക്കുന്നു. എന്നു മാത്രമല്ല, കാസർഗോഡ് നടന്ന പത്രസമ്മേളനത്തില് ഭൂമി വാങ്ങിയതോടെ ഫണ്ട് തീർന്നൂവെന്ന് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് സതീശൻ കയർക്കുന്നു.
⚫️ ഏപ്രില് 4-ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 5.38 കോടി രൂപയാണ് ആകെ പിരിച്ചെടുത്ത തുകയെന്നും 6.18 കോടി രൂപ ഭൂമി വാങ്ങുന്നതിനും ആപ്പ് ഉണ്ടാക്കുന്നതിനും ചെലവായിയെന്നും പത്രസമ്മേളനത്തില് വിശദീകരിക്കുന്നു. വീട് പണിയാൻ കോണ്ഗ്രസിന്റെ ദുരിതാശ്വാസ ഫണ്ടില് ബാക്കിയൊന്നും ഇല്ലായെന്നും അറിയിക്കുന്നു.
⚫️ ഏപ്രില് 5-ന് വി.ഡി. സതീശന്റെ ട്വീറ്റ്: വയനാട് ഫണ്ട് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകള് ഇതിനകം പൊതുമണ്ഡലത്തിലുണ്ട്. കെപിസിസി, എഐസിസി ഫണ്ടുകള് ഉപയോഗിച്ച് വീടുകള് പണിയും. ഇനി പ്രത്യേക ഫണ്ട് ശേഖരണമില്ല. എന്നിട്ടും സിപിഐ(എം) നുണകള് പ്രചരിപ്പിക്കുകയാണ്.
വി.ഡി. സതീശന് ഇങ്ങനെ ഒളിച്ചോടാൻ പറ്റില്ല. താഴെപ്പറയുന്ന ചോദ്യങ്ങള്ക്ക് മറുപടി തന്നേ തീരൂ.
❓1. 100 വീടുകള് പണിയുമെന്നല്ലേ ആദ്യം വാഗ്ദാനം ചെയ്തത്. നിങ്ങളെ വിശ്വസിച്ച് 15 ലക്ഷം രൂപയും വാങ്ങി സർക്കാരിന്റെ സ്കീമില് നിന്നു പിൻവാങ്ങിയ ഹതഭാഗ്യർ എന്ത് ചെയ്യണം? എംഎല്എ ടി. സിദ്ദിഖ് പറഞ്ഞു പറ്റിച്ച ശ്രുതി അടക്കം ഇനി എന്ത് ചെയ്യണം?
❓2. കോണ്ഗ്രസ് പിരിച്ചെടുത്ത തുകയില് വീട് നിർമ്മാണത്തിന് പണം ബാക്കി ഇല്ലായെന്ന് സതീശന് അറിവുണ്ടായിരുന്നല്ലോ. എന്നിട്ടും എന്തിനാണ് രാഹുലിനെയും പ്രിയങ്കയേയും കൊണ്ട് അവിടെ തറക്കല്ലിടല് നാടകം നടത്തിയത്?
❓3. തറക്കല്ലിട്ട പ്ലോട്ടില് വീടുകളുടെ പണി നടക്കുന്നുവെന്ന് പിന്നീട് കള്ളം പറഞ്ഞത് എന്തിന്? വീട് വയ്ക്കുന്നതിന് പെർമിറ്റ് അപേക്ഷ പോലും കൊടുക്കാതെ പണി നടക്കുന്നുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്?
❓4. ആപ്പ് എവിടെ എന്ന ചോദ്യം വന്നപ്പോള്, ആവശ്യത്തിന് പണം കിട്ടിക്കഴിഞ്ഞതിനാല് പിരിവ് നിർത്തി എന്നും സതീശൻ നേരത്തേ പറഞ്ഞിട്ടില്ലേ? രാഹുല് ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടി മാത്രമേ കിട്ടിയുള്ളൂവെന്ന് പറഞ്ഞാല് നാണക്കേടല്ലേ? ആപ്പ് വഴി ശേഖരിച്ച പണവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള് വെളിപ്പെടുത്താമോ?
❓5. ആപ്പിന് പുറത്ത് സംഭാവന നല്കിയവരുടെ എത്രയോ പോസ്റ്റുകള് സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. പ്രവാസി സംഘടനകളും, മറ്റു സംസ്ഥാന ഘടകങ്ങളും സർവീസ് സംഘടനകളും സംഭവാന നല്കി. അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎയും തമിഴ്നാട് കോണ്ഗ്രസ് കമ്മിറ്റിയും ഒരു കോടി രൂപ വീതം നല്കി എന്ന് വാർത്ത വന്നിരുന്നു. അതൊക്കെ എവിടെപ്പോയി?
❓6. ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോള് മാസങ്ങളോളം പിരിവ് നടത്തിയ കോണ്ഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ? പറയൂ, ആപ്പിലൂടെയും അല്ലാതെയും എത്ര കോടി രൂപയാണ് യഥാർത്ഥത്തില് പിരിച്ചത്?
കോണ്ഗ്രസ് ഇന്ന് അഴിമതിക്കൂട്ടിലാണ്. ദുരന്തഫണ്ട് പോലും അടിച്ചുമാറ്റുന്ന ശവംതൂക്കികള് അധികാരത്തില്വന്നാല് ഈ സംസ്ഥാനം അഴിമതിയില് മുങ്ങിക്കുളിക്കും'
---------------
Hindusthan Samachar / CHANDHU CHANDRASEKHAR