Enter your Email Address to subscribe to our newsletters

New delhi, 06 ഏപ്രില്‍ (H.S.)
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ മന്ദിരത്തിന്റെ സുരക്ഷ കവാടം തകര്ത്ത് അജ്ഞാത വാഹനം അകത്ത് പ്രവേശിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. രണ്ടാം നമ്പര്‍ ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന വാഹനം നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയുടെ ഓഫിസിന് മുന്നില്‍ പൂച്ചണ്ട് വച്ച് രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ സ്പീക്കറുടെ വാഹനത്തിന് നേരെ മഷിയെറിഞ്ഞതായും റിപ്പോര്‍ട്ട് ലഭിച്ചു. നിയമസഭയ്ക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെയാണ് ഈ സംഭവം. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് ഉള്ള വാഹനം രണ്ടാം നമ്പര്‍ ഗേറ്റ് വഴിയാണ് അകത്തുകടന്നത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരില്‍ പരിഭ്രാന്തി പരത്തി. സംഭവത്തില്‍ അധികൃര്‍ ഉടനടി നടപടിയെടുത്തു.
നിയമസഭാ സമുച്ചയത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പര്യാപ്തതയെക്കുറിച്ച് ഈ സംഭവം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ അനുസരിച്ച്, നിയമസഭാ വളപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനം ബാരിയറില്‍ ഇടിച്ചു. നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉണ്ടായിരുന്നിട്ടും, വാഹനത്തിന് ബാരിക്കേഡ് ഭേദിച്ച് നിയന്ത്രിത പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്.
സഭ സമ്മേളിക്കാത്ത സമയമായതിനാല്‍ ഈ കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറവായിരുന്നുവെന്നത് അക്രമി മുതലെടുക്കുകായായിരുന്നു. അടുത്തിടെ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയ്ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു എന്നതും ഈ സുരക്ഷാ വീഴ്ചയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഡല്‍ഹിയില്‍ ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ച പൊലീസ്, അയല്‍ സംസ്ഥാനങ്ങളിലേക്കും വാഹനത്തിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S