Enter your Email Address to subscribe to our newsletters

Pathanamthitta, 06 ഏപ്രില് (H.S.)
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനെതിരെ കടുത്ത പ്രതിഷേധവുമായി മെഡിക്കൽ നെഗ്ലിജൻസിന് ഇരയായ കെ.കെ. ഹർഷിന രംഗത്ത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കാത്തതിനെത്തുടർന്നാണ് ഹർഷിന യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിയുടെ പ്രചാരണത്തിനായി ആറന്മുളയിൽ എത്തിയത്. മന്ത്രിയെന്ന നിലയിൽ വീണാ ജോർജ് തന്നെ അപമാനിച്ചെന്നും ഇങ്ങനെയുള്ള ജനപ്രതിനിധികളെ നാടിന് ആവശ്യമില്ലെന്നും ഹർഷിന തുറന്നടിച്ചു.
നീതി നിഷേധത്തിനെതിരെ പ്രതിഷേധം
ഏഴ് വർഷമായി താൻ അനുഭവിക്കുന്ന തീരാവേദനയ്ക്ക് ഉത്തരവാദിയായവർക്കെതിരെ നടപടി സ്വീകരിക്കാനോ തനിക്ക് അർഹമായ നഷ്ടപരിഹാരം നൽകാനോ ആരോഗ്യ മന്ത്രാലയം തയ്യാറായിട്ടില്ലെന്ന് ഹർഷിന കുറ്റപ്പെടുത്തി. വീണാ ജോർജ് ഐസിയുവിൽ വന്ന് നെറ്റിയിൽ ഉമ്മ വെച്ച് പോയതല്ലാതെ കഴിഞ്ഞ നാല് വർഷമായി തനിക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. ഒരു സ്ത്രീ എന്ന നിലയിൽ പോലും എന്റെ വേദനയെ അവർ മാനിച്ചില്ല, മറിച്ച് എന്നെ അപമാനിക്കുകയാണ് ചെയ്തത്, ഹർഷിന വൈകാരികമായി പ്രതികരിച്ചു. നീതി തേടി ദീർഘകാലം സമരം ചെയ്തിട്ടും സർക്കാർ മുഖം തിരിക്കുകയാണെന്ന് അവർ ആരോപിച്ചു.
ആശാ സമരസമിതിയുടെ പിന്തുണ
ഹർഷിനയ്ക്കൊപ്പം ആശാ സമരസമിതി നേതാക്കളും ആറന്മുളയിൽ പ്രചാരണത്തിനെത്തിയിട്ടുണ്ട്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരിനും ആരോഗ്യ മന്ത്രിക്കുമെതിരെ വോട്ട് ചെയ്യണമെന്നാണ് ഇവരുടെ ആഹ്വാനം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇവർ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 266 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ തങ്ങൾ സമരം ചെയ്യുകയാണെന്നും മന്ത്രി നൽകിയ ഉറപ്പുകളെല്ലാം പാഴ്വാക്കായെന്നും സമരസമിതി നേതാക്കളായ എസ്. മിനി, കെ.എസ്. ബിന്ദു എന്നിവർ പറഞ്ഞു. പത്തനംതിട്ട, കോഴഞ്ചേരി, പുല്ലാട്, ആറന്മുള തുടങ്ങിയ വിവിധ മേഖലകളിൽ ഇവർ മന്ത്രി വീണാ ജോർജിനെതിരെ ലഘുലേഖകൾ വിതരണം ചെയ്യുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ചൂടിൽ ആറന്മുള
ആരോഗ്യ മന്ത്രിക്കെതിരെ നേരിട്ട് ഇരകൾ തന്നെ രംഗത്തിറങ്ങിയത് ആറന്മുളയിലെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. യുഡിഎഫ് ഈ സാഹചര്യം പ്രചാരണ വിഷയമായി ഏറ്റെടുത്തിട്ടുണ്ട്. വീണാ ജോർജ് സ്ഥാനാർത്ഥിയായ മണ്ഡലത്തിൽ തന്നെ ഹർഷിനയെ എത്തിക്കാൻ കഴിഞ്ഞത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. അതേസമയം, സിഐടിയു സംഘടനയിൽപ്പെട്ട ആശാ പ്രവർത്തകർ ഈ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എല്ലാവരും ഈ പ്രതിഷേധത്തിന് ഒപ്പമില്ലെന്നും രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നുമാണ് ഇടത് പക്ഷത്തിന്റെ വാദം. ഹർഷിനയുടെയും ആശാ പ്രവർത്തകരുടെയും സാന്നിധ്യം മണ്ഡലത്തിലെ വോട്ടിംഗിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്.
---------------
Hindusthan Samachar / Roshith K