Enter your Email Address to subscribe to our newsletters

New delhi, 06 ഏപ്രില്‍ (H.S.)
മുന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പെയ്‌സ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'എക്‌സ്' കാറ്റഗറി സുരക്ഷ അനുവദിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെയാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ ലിയാന്‍ഡര്‍ പെയ്‌സും ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പം മിഥുന്‍ ചക്രവര്‍ത്തി, കങ്കണ റണാവത്ത് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങുക.
ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ച പെയ്‌സ് ഈ നീക്കം വെറുമൊരു ചടങ്ങല്ലെന്നും രാജ്യത്തെ സേവിക്കാനുള്ള വലിയൊരു ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയെ പെയ്‌സ് പ്രശംസിച്ചു.
താന്‍ ബംഗാളില്‍ ജനിച്ച വ്യക്തിയാണെന്നും ഒളിമ്പ്യന്മാരുടെ ഒരു കുടുംബ പാരമ്പര്യമാണ് തനിക്കുള്ളതെന്നും പെയ്‌സ് ബിജെപി പ്രവേശന ചടങ്ങില്‍ പറഞ്ഞു. യുവജന ക്ഷേമത്തിലും കായിക മേഖലയിലൂടെയുള്ള രാഷ്ട്ര നിര്‍മ്മാണത്തിലുമാണ് താന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ ഇതിലും മെച്ചപ്പെട്ട ഭരണം അര്‍ഹിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തില്‍ തന്റെ സംഭാവനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായി (ടിഎംസി) സഹകരിച്ചാണ് പെയ്‌സ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ടിഎംസിക്കായി പ്രചാരണ രംഗത്ത് സജീവമായിരുന്നു.
---------------
Hindusthan Samachar / Sreejith S