Enter your Email Address to subscribe to our newsletters

Kerala, 06 ഏപ്രില് (H.S.)
കൊച്ചി : കേവലം വ്യക്തിപരമായ നന്മകൾക്കപ്പുറം, രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവെക്കുന്നവരാകണം പൗരന്മാരെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ധർമ്മസംരക്ഷണത്തിനായി സ്വസുഖങ്ങൾ ത്യജിച്ചവരുടെ ചരിത്രമാണ് ഭാരതത്തിന്റേതെന്നും അത് വരുംതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബാലഗോകുലം സുവർണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കപ്പെട്ട ബാലനേതൃ ശിബിരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവി ഭാരതത്തിന്റെ നേതൃപാടവം
രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ശിബിരത്തിന്റെ ഉദ്ഘാടനം രാവിലെ 9.30-ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നിർവ്വഹിച്ചു.
യോഗത്തിൽ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ. പ്രസന്നകുമാർ അദ്ധ്യക്ഷനായിരുന്നു. സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ പരിഭാഷ നടത്തി. ബാലഗോകുലം സംസ്ഥാന പൊതുസെക്രട്ടറി കെ.എൻ. സജികുമാർ, കാര്യദർശി വി.ജെ. രാജമോഹൻ എന്നിവർ സംസാരിച്ചു.
ത്യാഗത്തിന്റെ മാതൃകകൾ
നമ്മുടെയും കുടുംബത്തിന്റെയും സുഖസൗകര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ദേശത്തിന്റെ മൊത്തത്തിലുള്ള ഐശ്വര്യത്തിനായി ഓരോരുത്തരും പ്രവർത്തിക്കണം. ശ്രീകൃഷ്ണന്റെ ജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്. കാരാഗൃഹത്തിൽ ജനിക്കുകയും, ജനിച്ച നാൾ മുതൽ മാതാപിതാക്കളിൽ നിന്ന് അകന്നു കഴിയേണ്ടി വന്നിട്ടും ലോകക്ഷേമത്തിനായി തന്റെ ജീവിതം യുദ്ധഭരിതമാക്കാൻ അദ്ദേഹം മടിച്ചില്ല. ഇത്തരത്തിലുള്ള ത്യാഗപൂർണ്ണമായ ജീവിതങ്ങളാണ് നമുക്ക് വഴികാട്ടിയാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ ഭാരതം
ഭാരതം ഇന്ന് കരുത്തുള്ള രാജ്യമായി മാറിയിരിക്കുന്നു. ശത്രുക്കൾ ഭാരതത്തെ ആക്രമിക്കാൻ മുതിർന്നാൽ, അവരുടെ നാട്ടിൽ ചെന്ന് മറുപടി നൽകാനുള്ള സൈനികവും തന്ത്രപരവുമായ കരുത്ത് ഇന്ന് നമുക്കുണ്ട്. എന്നാൽ ഈ ശക്തിയോടൊപ്പം തന്നെ ധാർമ്മികമായ മൂല്യങ്ങളും നന്മകളും മുറുകെ പിടിക്കാൻ നമുക്ക് സാധിക്കണം.
കയ്യിൽ വിളക്കുണ്ടായിരുന്നാൽ മാത്രം പോരാ, ആ വെളിച്ചത്തിലേക്ക് നടക്കാനുള്ള ആർജ്ജവം കൂടി ഓരോ വ്യക്തിയും കാണിക്കണം. - മോഹൻ ഭാഗവത്
വ്യക്തിനിഷ്ഠയും സംസ്കാരവും
ദുർഗുണങ്ങളിൽ നിന്ന് അകന്നുനിൽക്കാനുള്ള ദൃഢമായ വ്യക്തിനിഷ്ഠ ഓരോ പൗരനും ആർജ്ജിച്ചെടുക്കണം. മോശമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ ലജ്ജ തോന്നുന്ന ഒരു മനസ്സാക്ഷി നമുക്കുണ്ടാകണം. ഏത് കഠിനമായ ഘട്ടത്തിലും സ്വന്തം സംസ്കാരത്തെ കൈവിടരുത്. വ്യക്തിജീവിതവും കുടുംബജീവിതവും ദേശത്തിന് ഗുണകരമാകുന്ന രീതിയിൽ ക്രമീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂട്ടായ പരിശ്രമം അനിവാര്യം
ഭാരതം വിശ്വഗുരുവായി മാറണമെന്നത് ഓരോ ഭാരതീയന്റെയും സ്വപ്നമാണ്. ഗോപീഗോപന്മാർ എല്ലാവരും ചേർന്ന് പരിശ്രമിക്കുന്നത് വരെ ഗോവർദ്ധന പർവ്വതം ഉയർത്താൻ ഭഗവാൻ തയ്യാറായില്ല എന്ന ഐതിഹ്യം അദ്ദേഹം ഓർമ്മിപ്പിച്ചു. അതുപോലെ, ഭാരതത്തിന്റെ ഉന്നതിക്കായി ഏതെങ്കിലും ഒരു വിഭാഗം മാത്രം ശ്രമിച്ചാൽ പോരാ, മറിച്ച് എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ രാജ്യം ലോകത്തിന്റെ നെറുകയിൽ എത്തുകയുള്ളൂവെന്നും അദ്ദേഹം പ്രസ്താവിച്ചു.
7-ന് വൈകിട്ട് 5-ന് ചേരുന്ന സമാപന സഭ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ അദ്ധ്യക്ഷനാകും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറൽ സെക്രട്ടറി ബി. പ്രകാശ് ബാബു, എറണാകുളം ജില്ലാ കാര്യദർശി എം. വിപിൻ എന്നിവർ സംസാരിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബാലപ്രതിഭകളെയും യോഗത്തിൽ ആദരിക്കും.
മജിഷ്യൻ ഗോപിനാഥ് മുതുകാട്, സാംബോധി ഫൗണ്ടേഷൻ സ്ഥാപകൻ അദ്ധ്യാത്മാനന്ദ സരസ്വതി, എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണ, ക്രിക്കറ്റ് കോച്ച് പി. ബാലചന്ദ്രൻ, സിനിമാതാരം രചന നാരായണൻകുട്ടി, ആർട്ടിസ്റ്റ് ടി. കലാധരൻ, സിപ്പി പള്ളിപ്പുറം, എം.എം. ബഷീർ, അഡ്വ. ജയസൂര്യൻ, ടി.എസ്. രാധാകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് കുട്ടികളുമായി സംവദിക്കും. വിവിധ ബാലഗോകുലങ്ങളിൽ നിന്നായി 8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന 3500-ഓളം കുട്ടികളാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്.
കല, സാഹിത്യം, ശാസ്ത്രം, കായികം, യോഗ, ഗീതാധ്യയനം, സംവാദങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികൾ ശിബിരത്തിൽ നടക്കും. കുട്ടികളുടെ കഴിവുകൾ ഉണർത്തുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
കേരളത്തിലുടനീളം 5000-ത്തിലധികം ബാലഗോകുലങ്ങളിലൂടെ ഏകദേശം അഞ്ച് ലക്ഷം കുട്ടികൾ വിവിധ പഠന-പരിശീലന പ്രവർത്തനങ്ങളിലായി ബാലഗോകുലത്തിൽ പങ്കാളികളാകുന്നുണ്ട്. അറിവും സംസ്കാരവും മൂല്യബോധവും സമന്വയിപ്പിച്ച പ്രവർത്തനങ്ങളിലൂടെ 2047-ഓടെ രാഷ്ട്രത്തിന്റെ വിവിധ മേഖലകളിൽ നേതൃത്വം ഏറ്റെടുക്കുന്ന ശക്തമായ യുവതലമുറയെ വളർത്തുകയാണ് ബാലഗോകുലത്തിന്റെ ദൗത്യം.
സുവർണ്ണജയന്തി വർഷത്തിലെ ഈ ശിബിരം ഭാവി ഭാരതത്തിലെ എല്ലാ മേഖലകളെയും നയിക്കുന്ന സമഗ്ര നേതാക്കളെ വളർത്താനുള്ള ശ്രമമാണെന്ന് സംഘാടകർ വ്യക്തമാക്കി.
ബിസിനസ്, രാഷ്ട്രീയം, ഭരണകൂടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ദിശാബോധമുള്ള നേതൃപാടവം കൈവരിക്കുന്ന തലമുറയെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്കാരത്തിന്റെ വേരുകളിൽ നിന്ന് ശക്തി ഉൾക്കൊണ്ട് മൂല്യബോധത്തോടെ ഉയർന്നു നിൽക്കുന്ന ഭാവി നേതാക്കളെ സൃഷ്ടിക്കുകയെന്നതാണ് ശിബിരത്തിന്റെ പ്രധാന ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജികുമാർ, ഡോ. പി.ആർ. വേണുഗോപാൽ, ദക്ഷിണകേരള അദ്ധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബി. പ്രകാശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Roshith K