Enter your Email Address to subscribe to our newsletters

Thiruvanathapuram, 07 ഏപ്രില്‍ (H.S.)
തിരുവനന്തപുരം:
സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇത് കേട്ട് താന്‍ ഞെട്ടിത്തരിച്ച് പോയി.കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിന് സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹിക ജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുകയാണ്.ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിന് തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയ്യാറാക്കിയതാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.
വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച വിഭജനതന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച കേരള സ്റ്റോറി എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്‌കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തിരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെയും സാമുദായിക സൗഹാര്‍ദത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാകണമെന്ന് കെസി തൊഴുകൈകളോടെ അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ സിപിഎം-ബിജെപി ഡീലിനുള്ള തെളിവുകള്‍ ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരായ അമിത് ഷായുമായും നിതിന്‍ ഗഡ്കരിയുമായും നിര്‍മല സീതാരാമനുമായും എത്ര തവണയാണ് അടച്ചിട്ട മുറിയില്‍ ഉദ്യോഗസ്ഥരെപ്പോലും ഒഴിവാക്കി ചര്‍ച്ച നടത്തിയത്? ഔദ്യോഗിക കൂടിക്കാഴ്ചയാണെങ്കില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് എന്തിന്? ലാവ്ലിന്‍ കേസ് പോലെ ഇത്രയധികം തവണ മാറ്റിവെച്ചൊരു കേസ് വേറെയുണ്ടോ? മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട എക്‌സാലോജിക് കേസ് എന്തായി? സ്വന്തം തടി രക്ഷപ്പെടുത്താന്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ പോലും ബലി കഴിക്കുകയാണ് പിണറായി വിജയന്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഡീലിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കാണുന്നത്. തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതെന്ന് അന്നത്തെ സിപിഐ സ്ഥാനാര്‍ഥി തുറന്നു പറഞ്ഞിട്ടുണ്ട്. പൂരം കലക്കിയത് ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തൃശൂരില്‍ ജയിച്ച സുരേഷ് ഗോപിയും പറഞ്ഞു. പൂരം കലക്കാന്‍ വേണ്ടി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടും ആരാണ് അദ്ദേഹത്തെ സംരക്ഷിച്ചത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി ആവശ്യപ്പെട്ട് പിണറായി വിജയന് നല്‍കാന്‍ താന്‍ തുറന്ന കത്ത് നല്കിയിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയത് പിണറായി സര്‍ക്കാരാണ്. ഈ അഴിമതികളുടെയെല്ലാം മര്‍മസ്ഥാനവും പ്രഭവകേന്ദ്രവും ഊരാളുങ്കല്‍ സൊസൈറ്റിയാണ്. സര്‍ക്കാരിന്റെ എല്ലാ പ്രധാനപ്പെട്ട കരാറുകളും സൊസൈറ്റിയുടെ പേരില്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് നല്‍കി കോടിക്കണക്കിന് രൂപയാണ് സിപിഎം സമ്പാദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനി എങ്ങനെയാണോ അതു പോലെയാണ് പിണറായി വിജയന് ഊരാളുങ്കല്‍ കമ്പനി. ഊരാളുങ്കലുമായി പിണറായി സര്‍ക്കാര്‍ നടത്തിയ എല്ലാ ഇടപാടുകളും അടുത്ത യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിച്ച്, ഉത്തരാവദികളെക്കൊണ്ട് കൃത്യമായ മറുപടി പറയിച്ചിരിക്കും.
പിണറായി വിജയന്‍ ഒരു 'സഖാവ് മാനേജര്‍' ആണെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഫ.എം.എന്‍.വിജയന്‍ പറഞ്ഞത് ഇപ്പോള്‍ സത്യമെന്ന് തെല്‍ഞ്ഞിരിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പിണറായി വിജയന്‍ സിപിഎമ്മിനെ ഒരു കോര്‍പറേറ്റ് സ്ഥാപനം പോലെയാക്കി മാറ്റിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ കേരളം അനുഭവിക്കുവന്നത്. പിണറായി വിജയനെ മൂന്നാം തവണയും മുഖ്യമന്ത്രിയാക്കാന്‍ മാത്രം ആവശ്യപ്പെടുന്ന തീര്‍ത്തും വ്യക്തികേന്ദ്രീകൃതമായ പ്രചാരണമാണ് ഈ തിരഞ്ഞെടുപ്പില്‍ സിപിഎം നടത്തുന്നത്. കേരളം ഭരിക്കാന്‍ ഞാനല്ലാതെ മറ്റാരുണ്ട് എന്നാണ് പിണറായിയുടെ ചോദ്യം. കേരളം പോലൊരു സംസ്ഥാനത്തെ സാധാരണസാമാന്യജനങ്ങളുടെ ബുദ്ധിശക്തിയെ ചോദ്യം ചെയ്യുകയാണ് പിണറായി. കോടിക്കണക്കിന് രൂപ ചെലവിട്ട് പിണറായിയുടെ അയ്യായിരം-ആറായിരം ഹോര്‍ഡിങ്ങുകളാണ് സിപിഎം സ്ഥാപിച്ചിരിക്കുന്നത്. ധാര്‍ഷ്ട്യവും ധിക്കാരവും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഈ മുഖ്യമന്ത്രിയെ ഞങ്ങള്‍ക്ക് മടുത്തിരിക്കുന്നു എന്നാണ് പിണറായിക്കുള്ള കേരള ജനതയുടെ മറുപടി.
പിണറായി പുറത്തിറക്കിയ കള്ള പ്രോഗ്രസ് കാര്‍ഡിലെ അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കള്ളം പറയാന്‍ കഴിയുന്നത്? 5 വര്‍ഷം കൊണ്ട് 5 ലക്ഷം വീട് പണിതു കൊടുക്കുമെന്ന് പറഞ്ഞ പിണറായി ഇപ്പോള്‍ 10 വര്‍ഷത്തിനു ശേഷം 5 ലക്ഷം വീട് നല്‍കിയെന്ന് വീമ്പ് പറയുകയാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായിയുടെ ഭരണത്തില്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് പെന്‍ഷന്‍ 2000 രൂപയാക്കിയത്. അതുവരെ 1600 രൂപ മാത്രമായിരുന്നു. 10 കൊല്ലം സമയം കിട്ടിയിട്ടും നടപ്പാക്കാതിരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി വീണ്ടും 5 കൊല്ലം കൂടി ചോദിക്കുന്ന പിണറായിയുടെ വിശ്വാസ്യത കേരള ജനത ചോദ്യം ചെയ്യും.
കോണ്‍ഗ്രസിന്റെ വയനാട് ഫണ്ടിനെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമൊന്നുമില്ല. സിപിഎം നേതാക്കള്‍ക്ക് മാത്രമാണ് സംശയമുള്ളത്. സ്വന്തം രക്തസാക്ഷിഫണ്ട് വരെ വെട്ടിച്ച് പ്രതിക്കൂട്ടിലായവരെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ഫണ്ട് പിരിവില്‍ സംശയമുണ്ടെങ്കില്‍ കേസെടുക്കട്ടെ. നിങ്ങളുടെ കയ്യിലല്ലേ പോലീസ്, കേന്ദ്രത്തിന്റെ കയ്യില്‍ പട്ടാളവുമില്ലേ, അന്വേഷിക്കാമല്ലോ.വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു മാസത്തിനകം പൂര്‍ത്തീയാക്കി കൈമാറുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
വൈക്കത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിണറായി സര്‍ക്കാര്‍ മറുപടി പറയണം. രാജ്യത്ത് ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. യുപിഎ ഭരണകാലത്ത് കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 75000 കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്.
ഹരിയാനയിലെ സീറ്റ് കോഴ സംബന്ധിച്ച് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നവരെ ആരാണ് രംഗത്തിറക്കിയതെന്നും അവരുടെ പിന്നില്‍ ആരാണെന്നും തനിക്ക് വ്യക്തമായി അറിയാം. ആരോപണത്തിനെതിരെ താന്‍ ആലപ്പുഴ കോടതിയിലും തിരഞ്ഞെടുപ്പു കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഡിജിപിക്ക് അവര്‍ ആദ്യം പരാതി കൊടുത്തെങ്കിലും എന്നിട്ടെന്താണ് അന്വേഷിക്കാത്തത്? ഡല്‍ഹിയിലും പരാതിയുണ്ടെന്നു പറഞ്ഞിട്ട് എന്താണ് ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ പോലും ഇടാത്തത്? എഫ്‌ഐആര്‍ ഇട്ടുവെന്ന് വ്യാജവാര്‍ത്ത നല്‍കിയ സിപിഎം ചാനലിനും പത്രത്തിനുമെതിരെ താന്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S