Enter your Email Address to subscribe to our newsletters

Kasaragod , 07 ഏപ്രില് (H.S.)
വർഗീയ കാർഡ് ഇറക്കിയാണ് യുഡിഎഫും ലീഗും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഇത്തവണ ആ കാർഡ് മഞ്ചേശ്വരത്ത് ചെലവാകില്ലെന്നും എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ. മുസ്ലിം സഹോദരർ തന്നെ ഈ വർഗീയ കാർഡിന് എതിരായിട്ടുള്ള നിലപാട് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത്തവണഞങ്ങൾ നല്ല പ്രതീക്ഷയിൽ ആണ്. കാരണം യുഡിഎഫിൻ്റെ തെറ്റായ പ്രചാരണങ്ങളെ ജനങ്ങൾ തിരസ്കരിച്ചു കഴിഞ്ഞു. സർക്കാരിന് എതിരെ ഉള്ള വികാരം പോലെ തന്നെ മണ്ഡലത്തിൽ ലീഗിന് എതിരെയുള്ള വികാരവും ശക്തമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ഒരു തരത്തിലും വികസനം ഇല്ലാത്ത മണ്ഡലമാണ് മഞ്ചേശ്വരം. ആ വികസന പ്രശ്നങ്ങൾ ചോദിക്കുമ്പോഴാണ് ഇവർ വേറെ കാർഡ് ഇറക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കർണാടകയിൽ തന്നെ പൊളിഞ്ഞു പോയ ഇന്ദിര ഗ്യാരൻ്റി പദ്ധതികൾ ആണ് ഇവിടെ നടപ്പിലാക്കാൻ പോകുന്നത്. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര പൊളിഞ്ഞു പോയി. കേരളത്തിൽ യുഡിഎഫ് വാഗ്ദാനം വയനാട് പാക്കേജ് പോലെ ആണ്. വയനാട് 100 വീട് വെയ്ക്കും എന്നു പറഞ്ഞു. വീടുമില്ല സ്ഥലവുമില്ല പിരിച്ച പൈസയും ഇല്ല. അതുകൊണ്ട് ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല.
മഞ്ചേശ്വരം മണ്ഡലത്തിൽ ഒരു കെ എസ് ആർ ടിസി ബസും ഇല്ല. യുഡിഎഫിൻ്റെ സൗജന്യ ബസ് യാത്ര പദ്ധതി നടപ്പായാലും മഞ്ചേശ്വരത്ത് അതിൻ്റെ ഗുണം ലഭിക്കില്ല. ഇതൊക്കെ കള്ള പ്രചരണം ആണ്. കോൺഗ്രസിനെയും ലീഗിനെയും ജനങ്ങൾക്ക് മടുത്തു. കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിൽ എന്നെ തോൽപ്പിക്കണം എന്ന് എല്ലാ പാർട്ടിക്കാരുടെയും വികാരം ശക്തമായിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറി. എല്ലാവരും ആഗ്രഹിക്കുന്നത് തന്നെ ജയിപ്പിക്കണം എന്നാണെന്നും സുരേന്ദ്രന് പറഞ്ഞു.
അഷറഫ് എൻആർഐ എംഎൽഎ
എസ്ഡിപിഐക്കാരെ ചെരുപ്പൂരി അടിക്കണം എന്ന് പറഞ്ഞ ചങ്ങാതി ഇപ്പോൾ എസ്ഡിപിഐ നല്ല പാർട്ടി ആണെന്ന് പറഞ്ഞു നടക്കുകയാണെന്ന വിമര്ശനവും എകെഎം അഷറഫ് എംഎല്എയ്ക്കെതിരെ സുരേന്ദ്രന് ഉന്നയിച്ചു. ഇത് ആരും വിശ്വസിക്കില്ല. വോട്ടിനു വേണ്ടി ഏതു നിലപാടും യുഡി എഫ് സ്ഥാനാർഥിയായ എംഎൽഎ സ്വീകരിക്കുകയാണ്. എസ്ഡിപിഐയോട് ശക്തമായ എതിർപ്പ് ഞങ്ങൾക്ക് ഉണ്ട്. നമ്മൾ ആരും എഎസ്ഡിപിഐക്കാരുടെ മുഖത്ത് ചെരുപ്പ് എടുത്ത് അടിക്കണം പറഞ്ഞിട്ടില്ല. വി ഡി സതീശൻ പറഞ്ഞു തങ്ങൾക്ക് എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന്, ഇവിടെ എംഎൽഎ പറയുന്നു എസ്ഡിപിഐ വോട്ട് വേണം എന്ന്. ഇതൊക്കെ വികസനത്തിന് വേണ്ടി അല്ല.
ഇദ്ദേഹത്തെ പറ്റി എൻആർഐ എംഎൽഎ എന്നാണ് പറയുന്നത്. 15 ദിവസം ഗൾഫിൽ അഞ്ച് ദിവസം ബോംബെ. ബാക്കി 10 ദിവസം മാത്രമാണ് ഇവിടെ ഉള്ളത്. ജനങ്ങൾക്ക് ഇതൊക്കെ വ്യക്തമായി അറിയാം. ഇതൊക്കെ മനസ്സിലാക്കിയാണ് ഇത്തവണ വോട്ട് ചെയ്യുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR