Enter your Email Address to subscribe to our newsletters

Muvattupuzha , 07 ഏപ്രില് (H.S.)
2018ലെ കേരള മഹാപ്രളയം ഭരണകൂടം സ്പോൺസർ ചെയ്ത ദുരന്തമായിരുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവുമായി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. ഒന്നാം പിണറായി സർക്കാരിലെ ജലവിഭവ മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെ നിലവിലെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉന്നയിച്ച വെളിപ്പെടുത്തലുകൾ അടങ്ങിയ ശബ്ദരേഖ പുറത്തുവിട്ടാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. മൂവാറ്റുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ നിലപാട് വ്യക്തമാക്കിയത്.
അഴിമതിയും കൊള്ളയും
പ്രളയം കേവലം പ്രകൃതിക്ഷോഭമല്ലെന്നും മറിച്ച് ഡാമുകൾ കൈകാര്യം ചെയ്യുന്നതിലും ജലനിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും ഉണ്ടായ അഴിമതിയും വീഴ്ചയും കാരണമുണ്ടായതാണെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. കേരളത്തെ തകർത്തത് ഇവരുടെ ആക്രാന്തവും അഴിമതിയുമാണെന്നും ഡാം മാനേജ്മെൻ്റിൻ്റെ കാര്യത്തിൽ നടന്നത് വീഴ്ചയല്ല കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചതിന് തന്നെ വേട്ടയാടിയെന്നും ജീവനുള്ള കാലത്തോളം ഇതിനെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെയും ജനങ്ങളെയും തൂക്കിവിറ്റ സർക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ഇത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോട്ടപ്പള്ളി സ്പിൽവേയിലെ ക്രമക്കേട്
പുറത്തുവന്ന ശബ്ദരേഖയിലെ വിവരങ്ങൾ പ്രകാരം തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്ന കാര്യത്തിൽ വൻ ക്രമക്കേട് നടന്നതായി മാത്യു കുഴൽനാടൻ ചൂണ്ടിക്കാണിച്ചു. ഒരു മാസം മുമ്പ് തുറക്കേണ്ടിയിരുന്ന സ്പിൽവേയിലെ ഷട്ടറുകൾ അവിടെയുള്ള മണൽത്തിട്ട സംരക്ഷിക്കാനായി മനഃപൂർവം വൈകിപ്പിച്ചു എന്നാണ് ആരോപണം. മണൽ വാരുന്നതുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ കോൺട്രാക്ടർക്ക് 300 കോടി രൂപയുടെ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ വേണ്ടി നടത്തിയ ഒത്തുകളി പ്രളയത്തിൻ്റെ ആക്കം കൂട്ടാൻ കാരണമായി. ഇതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരും മുൻ മന്ത്രിയും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.
മണിയാർ പ്രൊജക്ടും ചട്ടലംഘനവും
പമ്പാനദിക്ക് മുകളിലുള്ള മണിയാർ പ്രൊജക്ടുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന ആരോപണം. സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടി ചട്ടവിരുദ്ധമായി ഡാമിൽ വെള്ളം നിറച്ചു. എന്നാൽ പിന്നീട് നിയന്ത്രണാതീതമായി വെള്ളം തുറന്നുവിടേണ്ടി വന്നത് ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മുങ്ങാൻ കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ പറമ്പിക്കുളത്തുനിന്ന് തമിഴ്നാട്ടിലേക്ക് പോകേണ്ട വെള്ളം അവിടുത്തെ ഒരു കരാറുകാരനെ സഹായിക്കാനായി കേരളത്തിലേക്ക് തിരിച്ചുവിട്ടു. ഈ നടപടി ചാലക്കുടി പുഴയിലെ ജലനിരപ്പ് കുത്തനെ ഉയരാനും വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ഇടയാക്കിയെന്നാണ് ആരോപണം. ഈ വിവരങ്ങളടങ്ങിയ ശബ്ദരേഖ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സജീവമായി ഉപയോഗിക്കാനാണ് സാധ്യത.
കർശന നടപടി വേണം
2018 പ്രളയകാലത്ത് ഉയർന്നുവന്ന മനുഷ്യനിർമിത ദുരന്തം എന്ന വാദത്തിന് ഭരണപക്ഷത്തെ മന്ത്രിയുടെ വാക്കുകൾ തന്നെ ഇപ്പോൾ തെളിവായിരിക്കുകയാണെന്നും അഴിമതിക്കും സ്വകാര്യ വ്യക്തികളുടെ ലാഭത്തിനും വേണ്ടി കേരളത്തെ പ്രളയത്തിൽ മുക്കിയവർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ കാര്യങ്ങൾ ഈ വിഷയത്തിലുള്ള പ്രതികരണം വന്നതിന് ശേഷം വെളിപ്പെടുത്തുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു.
തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം വലിയ ചർച്ചയാക്കുമെന്നാണ് വിലയിരുത്തൽ. ഈ വെളിപ്പെടുത്തലുകൾ സർക്കാരിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കാനും കേവലം രാഷ്ട്രീയ ആരോപണമായി ഇതിനെ ഭരണപക്ഷം നേരിടാനും സാധ്യതയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR