Enter your Email Address to subscribe to our newsletters

Alappuzha , 07 ഏപ്രില് (H.S.)
കേരളത്തിലുടനീളം യുഡിഎഫിന് അനുകൂലമായ അതിശക്തമായ യുഡിഫ് തരംഗമാണ് നിലനിൽക്കുന്നതെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണമാറ്റം സുനിശ്ചിതമാണ്. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുമുന്നണിയുടെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതാൻ തയാറെടുത്തു കഴിഞ്ഞുവെന്നും ചെന്നിത്തല.
അടുത്ത കാലത്തൊന്നും കാണാത്ത വിധത്തിലുള്ള അനുകൂല സാഹചര്യമാണ് യുഡിഎഫിന് ഓരോ നിയോജക മണ്ഡലങ്ങളിലും ദൃശ്യമാകുന്നത്. രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുകൊണ്ട് സ്ഥാനാർഥികളെയും നേതാക്കളെയും അപമാനിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയും ഇടതുമുന്നണിയും സ്വീകരിക്കുന്നത്. ജി. സുധാകരനെ പോലുള്ള മുതിർന്ന നേതാക്കളെ പോലും 'ചെറ്റ' എന്ന് വിളിച്ച് ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം ദൗഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
''അമ്പലപ്പുഴയിൽ ജി. സുധാകരൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിനെ ഇത്തരത്തിൽ തരംതാഴ്ന്ന പ്രസ്താവനകൾ നടത്താൻ പ്രേരിപ്പിക്കുന്നത്. മുല്ലപ്പൂ ചൂടുന്നതോ തുളസിപ്പൂവ് ഇടുന്നതോ മോശമായ കാര്യമല്ലെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഭാഷാശൈലി കേരളത്തിന് തന്നെ അപമാനമാണ്. ഇടതുമുന്നണിയുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ മലയോര മേഖലകളിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്'' - രമേശ് ചെന്നിത്തല പറഞ്ഞു.
വനാതിർത്തിയിൽ ബഫർസോൺ ഏർപ്പെടുത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം കർഷകരുടെ കഴുത്തിൽ കത്തിവെക്കുന്നതിന് തുല്യമാണ്. ജനരോഷം ഭയന്നാണ് ഇപ്പോൾ അവർ മാനിഫെസ്റ്റോയിൽ തിരുത്തലുകൾ നടത്തുന്നത്. വൈക്കത്ത് സിപിഐ ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന് തന്നെ വേദനജനകമാണ്. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കൃഷിമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
സർക്കാർ കൊട്ടിഘോഷിക്കുന്ന 'പ്രോഗ്രസ് കാർഡ്' വെറും പാഴ്വേല യും അഴിമതി മൂടിവെക്കാനുള്ള ശ്രമവുമാണ്. ഈ പ്രോഗ്രസ് കാർഡ് ജനങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സർക്കാർ പരാജയപ്പെടില്ലായിരുന്നു. കൂടാതെ, 2018-ലെ പ്രളയം മനുഷ്യ നിർമ്മിതമായിരുന്നു എന്ന തൻ്റെ മുൻപത്തെ നിലപാട് ശരിയാണെന്ന് കോടതി നിയോഗിച്ച അമിക്യസ് ക്യൂറി റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണ്.
അശാസ്ത്രീയമായ ഡാം മാനേജ്മെൻ്റിലൂടെ കേരളത്തെ പ്രളയത്തിൽ മുക്കിയതിൻ്റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാരിനാണ്. ഹരിപ്പാട്ടെ ജനങ്ങൾക്ക് വാസ്തവം അറിയാമെന്നും അവർ എപ്പോഴും തന്നോടൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതാക്കളായ അമിത് ഷായോ നരേന്ദ്ര മോദിയോ വന്നാലും ഹരിപ്പാട്ടെ വോട്ടർമാരുടെ പിന്തുണ തനിക്ക് തന്നെയായിരിക്കും. വൻ ഭൂരിപക്ഷത്തോടെ മണ്ഡലത്തിൽ വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR