വൈക്കത്ത് സിപിഐ താലൂക്ക് കമ്മിറ്റി ഓഫിസിനുള്ളിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kottayam , 07 ഏപ്രില് (H.S.) വൈക്കത്ത് സിപിഐ താലൂക്ക് കമ്മിറ്റി ഓഫിസിനുള്ളിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി ചെല്ലപ്പൻ പുളിക്കശ്ശേരിയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഓഫിസിന് മുന്നിൽ വലിയ പ്രതിഷേ
VAIKOM FARMER DEATH


Kottayam , 07 ഏപ്രില് (H.S.)

വൈക്കത്ത് സിപിഐ താലൂക്ക് കമ്മിറ്റി ഓഫിസിനുള്ളിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി ചെല്ലപ്പൻ പുളിക്കശ്ശേരിയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഓഫിസിന് മുന്നിൽ വലിയ പ്രതിഷേധിച്ചു.

കോട്ടയത്ത് നിന്നുള്ള ആർഡിഒ നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ക്രമസമാധാന നില തകരാതിരിക്കാൻ പ്രദേശത്ത് വലിയ തോതിൽ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമേ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കൂ.

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഒരു കർഷകൻ പാർട്ടിയുടെ ഓഫിസിനുള്ളിൽ ജീവനൊടുക്കിയ സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും സംഘർഷാവസ്ഥയ്ക്കും വഴിവച്ചു. പ്രതിപക്ഷ പാർട്ടികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

സിപിഐക്കെതിരെ ആരോപണം

സിപിഐ പ്രാദേശിക നേതൃത്വത്തിനെതിരെ നിരന്തരം പരാതികൾ ഉന്നയിച്ചിരുന്ന വ്യക്തിയാണ് ഭിന്നശേഷിക്കാരനായ ചെല്ലപ്പൻ. വോക്കറിൻ്റെ സഹായത്തോടെ നടന്നിരുന്ന ഇദ്ദേഹം മികച്ച ഒരു കർഷകൻ കൂടിയായിരുന്നു. താൻ നടത്തിയിരുന്ന കൃഷി പ്രാദേശിക സിപിഐ നേതാക്കൾ ഇടപെട്ട് നശിപ്പിച്ചുവെന്നും ഉപജീവനമാർഗം പൂർണമായി ഇല്ലാതാക്കിയെന്നും കാണിച്ച് ഇദ്ദേഹം മുമ്പ് പലതവണ രംഗത്തെത്തിയിരുന്നു. ഇതിനുപുറമെ പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക സഹായത്തിനായി സിപിഐ ഭരണസമിതിയുള്ള ബാങ്കിൽ വായ്പയ്ക്കായി അപേക്ഷിച്ചിരുന്നെങ്കിലും അതും നിഷേധിച്ചു.

2009 മുതൽ ഇത്തരം കടുത്ത പ്രതിസന്ധികൾ ഇദ്ദേഹം നേരിട്ടിരുന്നതായി പറയുന്നു. കൃഷി നശിച്ചതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു കുടുംബം. സർക്കാർ തലത്തിൽ നിന്ന് അർഹമായ ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. കർഷകർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഈ സംഭവത്തോടെ വീണ്ടും ചർച്ചയായി.

വീഡിയോ പങ്കുവച്ച് കർഷകൻ

ജീവനൊടുക്കുന്നതിന് ഒരു ദിവസം മുമ്പ് സിപിഐ നേതൃത്വത്തിൻ്റെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരുന്നു. പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ദ്രോഹങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു വിഡിയോ. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൃഷിമന്ത്രിയെ അടക്കം നേരിൽ കണ്ട് പരാതി നൽകാൻ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ അനുകൂലമായ നടപടികൾ എങ്ങുനിന്നും ഉണ്ടായില്ല. സാമ്പത്തിക ബാധ്യതകൾക്കൊപ്പം മാനസികമായ പീഡനങ്ങളും ഇദ്ദേഹത്തെ തളർത്തിയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ആരോപണം നിഷേധിച്ച് പാർട്ടികർഷകൻ്റെ മരണത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഐ കോട്ടയം ജില്ല സെക്രട്ടറി വികെ സന്തോഷ് കുമാർ പ്രതികരിച്ചു. ബാങ്കിൽ നിന്ന് വായ്പ നിഷേധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാങ്ക് അധികൃതരാണ് വ്യക്തമാക്കേണ്ടതെന്നും പാർട്ടിയുമായി അദ്ദേഹത്തിന് നേരിട്ട് പ്രശ്നങ്ങളില്ലായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ പ്രതിഷേധങ്ങളെന്നും പാർട്ടി നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News