Enter your Email Address to subscribe to our newsletters

Kozhikode , 07 ഏപ്രില് (H.S.)
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ശമ്പള വർധന ആവശ്യപ്പെട്ട് വീണ്ടും സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ ആശുപത്രി മാനേജ്മെൻ്റുകളുമായി നടത്തിയ ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താത്തതിനെ തുടർന്നാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. വേതന വർധന അംഗീകരിക്കാത്ത കോഴിക്കോട്ടെ പ്രധാന സ്വകാര്യ ആശുപത്രികളായ മെയ്ത്ര, ബേബി മെമ്മോറിയൽ, ആസ്റ്റർ മിംസ് എന്നിവിടങ്ങളിലെ നഴ്സുമാരാണ് വീണ്ടും പണിമുടക്കി രംഗത്തിറങ്ങിയത്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
രണ്ടാഴ്ച മുമ്പ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിവന്ന സമരം ചർച്ചയിലൂടെ പരിഹരിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്മെൻ്റുകളുടെ പ്രതിനിധികളും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കെപിഎച്ച്എയും ആശുപത്രി മാനേജ്മെൻ്റുകളും നിസഹകരണമാണ് കാണിക്കുന്നതെന്നും മാനേജ്മെൻ്റുകളുടെ ധാർഷ്ട്യമാണ് തങ്ങളെ തെരുവിലിറക്കിയതെന്നും യുഎൻഎ ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മാനേജ്മെൻ്റുകൾക്കെതിരെ യുഎൻഎ വീണ്ടും ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തത്.
പ്രതിഷേധം ശക്തം
കോഴിക്കോട് എരഞ്ഞിപ്പാലത്ത് മൂന്ന് ആശുപത്രികളിലെയും നിരവധി നഴ്സുമാർ പ്രതിഷേധ മാർച്ച് നടത്തി. മെയ്ത്ര ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് യുഎൻഎ നേതൃത്വത്തിൽ മാനേജ്മെൻ്റുകൾക്കെതിരെ മുദ്രാവാക്യം വിളികളും പ്രതിഷേധവും അരങ്ങേറി.
വേതന വർധന പ്രാബല്യത്തിൽ വരുത്തുന്നത് വരെ ആശുപത്രികളുടെ മുന്നിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് യുഎൻഎ വർക്കിങ് പ്രസിഡൻ്റ് വർഗീസ് അറിയിച്ചു. നഴ്സുമാർ പൂർണമായി പണിമുടക്കിലാണെന്നും കോഴിക്കോട്ടെ എല്ലാ പ്രധാന ആശുപത്രികൾക്ക് മുന്നിലും സമാനമായ രീതിയിൽ സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗികൾക്ക് ദുരിതംനഴ്സുമാരുടെ പണിമുടക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. അത്യാഹിത വിഭാഗങ്ങൾ ഒഴികെയുള്ള എല്ലാ സേവനങ്ങളും സമരം കാരണം തടസപ്പെടും. ഇത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികൾക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിലും ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ മിക്ക ആശുപത്രികളും രോഗികളെ നിർബന്ധിതമായി ഡിസ്ചാർജ് ചെയ്ത് പറഞ്ഞയക്കുന്ന സാഹചര്യവുമുണ്ടായി. ഇത്തവണയും സമാനമായ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
പുറത്തുനിന്ന് നഴ്സുമാർഅതേസമയം നഴ്സുമാരുടെ സമരം പൊളിക്കുകയെന്ന ഉദ്ദേശ്യത്തോടെ കോഴിക്കോട്ടെ ചില സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ആളെ ഇറക്കുന്നതായി യുഎൻഎ ആരോപിച്ചു. അസം, മേഘാലയ, മണിപ്പൂർ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നഴ്സുമാരെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇതിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് യുഎൻഎ ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ മാസം ശമ്പള വർധന ആവശ്യപ്പെട്ട് യുഎൻഎ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നഴ്സുമാർ അഞ്ച് ദിവസം സമരം നടത്തിയിരുന്നു. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR