Enter your Email Address to subscribe to our newsletters

Wayanad , 07 ഏപ്രില് (H.S.)
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ മറവിൽ പണം പിരിച്ച് വീട് നിർമ്മാണം ആരംഭിക്കാത്തതിൽ കോണ്ഗ്രസിനെതിരെ പരാതിയുമായി ദുരന്തബാധിതർ. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് മേപ്പാടി പൊലീസിൽ ദുരിതബാധിതനായ ജിജീഷ് പരാതി നൽകിയത്.
വീടുകൾ വാഗ്ദാനം നൽകി ആപ്പുവഴി പണം പിരിച്ച് വഞ്ചിച്ചു എന്നാണ് ദുരിതബാധിതരുടെ പരാതിയിലുള്ളത്. നിലവിലെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് , മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. തങ്ങളുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അടക്കം പണം പിരിച്ച് ദുരുപയോഗം ചെയ്തുവെന്നും പരാതിയിലുണ്ട്.
നിലവിൽ കുന്നമ്പറ്റയിൽ ദുരിതബാധിതർക്കായി കോൺഗ്രസ് ഭൂമിക്ക് വിലകൊടുത്ത് സ്ഥലം വാങ്ങുകയും വീടുകളുടെ നിർമാണത്തിനായി തറക്കല്ലിടൽ കർമ്മം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഭവന നിർമ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. ആപ്പ് വഴി പിരിച്ച പണം തീർന്നുവെന്ന് കഴിഞ്ഞദിവസം കെപിസിസി പ്രസിഡൻ്റ് തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് വീടുകൾ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് പരാതിയുമായി ദുരിതബാധിതൻ രംഗത്തെത്തിയത്.
''സോഷ്യൽ മീഡിയ ആപ്പുവഴി പണം പിരിച്ച് മൂന്ന് ഏക്കർ സ്ഥലം വാങ്ങുക മാത്രമാണ് ചെയ്തിട്ടുള്ളത്. കോടിക്കണക്കിന് പണം പിരിച്ച ശേഷം യാതൊന്നും ചെയ്തിട്ടില്ല. ഒടുവിൽ പണം തീർന്നുപോയി എന്നാണ് പറയുന്നത്. അതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്'' - സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇജെ ബാബു പറഞ്ഞു.
ആദ്യമൊക്കെ നൽകിയ ഉറപ്പ് പിന്നീടുണ്ടായില്ല. നമ്മളെപ്പോലുള്ള ദുരിതബാധിതരെ മറയാക്കി കോണ്ഗ്രസ് പോലുള്ള ഒരു ദേശിയ പാർട്ടി തട്ടിപ്പ് നടത്താൻ പാടില്ലായിരുന്നു. അഞ്ച് കോടി രൂപ ബാങ്കിൽ സുരക്ഷിതമായുണ്ടെന്നാണ് ആദ്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ ജിജീഷ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR