Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 ഏപ്രില് (H.S.)
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. മാസങ്ങൾ നീണ്ട വാശിയേറിയ പോരാട്ടങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിയോടെ അവസാനിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കണ്ടും റാലികൾ സംഘടിപ്പിച്ചും അവസാന നിമിഷം വരെ ആവേശം നിലനിർത്താൻ മുന്നണികൾക്ക് സാധിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ.
ശക്തിപ്രകടനമായി കൊട്ടിക്കലാശം
സംസ്ഥാനത്തെ പ്രധാന കവലകളിലെല്ലാം ഉച്ചയ്ക്ക് ശേഷം മുന്നണികളുടെ കൊട്ടിക്കലാശം അരങ്ങേറി. പ്രവർത്തകർ വാദ്യമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ തെരുവിലിറങ്ങിയതോടെ നാട് ആവേശക്കടലായി മാറി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും വൻ ജനപങ്കാളിത്തമാണ് കൊട്ടിക്കലാശത്തിൽ പ്രകടമായത്. ഭരണത്തുടർച്ച ഉറപ്പെന്ന് എൽ.ഡി.എഫും, ഭരണമാറ്റം അനിവാര്യമെന്ന് യു.ഡി.എഫും, കേരളത്തിൽ വലിയ മാറ്റം വരുമെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു. പ്രമുഖ നേതാക്കളെല്ലാം വിവിധ മണ്ഡലങ്ങളിൽ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകാനായി എത്തിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ
കൊട്ടിക്കലാശത്തിനിടെയുണ്ടാകാൻ സാധ്യതയുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. സംഘർഷസാധ്യതയുള്ള മണ്ഡലങ്ങളിൽ ഡ്രോൺ നിരീക്ഷണവും വീഡിയോ ചിത്രീകരണവും ഏർപ്പെടുത്തിയിരുന്നു. മദ്യശാലകൾക്ക് ഇന്ന് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പ് മറ്റന്നാൾ
ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെ (ഏപ്രിൽ 8) സ്ഥാനാർത്ഥികൾ നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി വീടുകൾ സന്ദർശിച്ച് വോട്ട് ഉറപ്പിക്കും. പരസ്യമായ അനൗൺസ്മെന്റുകളോ മൈക്ക് പ്രചാരണങ്ങളോ നാളെ അനുവദിക്കില്ല. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മതിദായകർക്ക് തടസ്സമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നിർണ്ണായകമായ തിരഞ്ഞെടുപ്പ്
ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ, വികസന തുടർച്ച ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. പല മണ്ഡലങ്ങളിലും ത്രികോണ മത്സരം ശക്തമായത് ഫലം പ്രവചനാതീതമാക്കുന്നു. ശബരിമല, കെ-റെയിൽ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പ്രചാരണത്തിലുടനീളം ചർച്ചയായിരുന്നു. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്. കേരളത്തിന്റെ ഭരണാധികാരി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ബോധവൽക്കരണ പരിപാടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
---------------
Hindusthan Samachar / Roshith K