Enter your Email Address to subscribe to our newsletters

Ernakulam , 08 ഏപ്രില് (H.S.)
പോസ്റ്റല് ബാലറ്റ് ലഭിക്കാത്ത പോളിങ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഹർജി നൽകാമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് വന്ന് ഉച്ചയ്ക്ക് ശേഷം വ്യക്തിഗത അപേക്ഷകളല്ലാതെ കൂടുതൽ അപേക്ഷകൾ ലഭിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിക്കൊണ്ട് എന്ജിഒ യൂണിയന് നല്കിയ ഹര്ജി ഹൈക്കോടതി അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
21,156 ഉദ്യോഗസ്ഥര്ക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് എന്ജിഒ യൂണിയന് അഭിഭാഷകൻ അറിയിച്ചു. ലഭിച്ച അപേക്ഷകളിന്മേൽ ബാലറ്റ് നല്കാന് സാധ്യമായത് എല്ലാം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി. രാവിലെ എൻജിഒ യൂണിയൻ്റെ ഹർജി പരിഗണിച്ച കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. എല്ലാവര്ക്കും പോസ്റ്റല് ബാലറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും ആരുടെയും വോട്ടവകാശം തടയാനാവില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പരാമർശിച്ചിരുന്നു.
പോളിങ് ഉദ്യോഗസ്ഥരുടെയും പോളിങ് ഏജൻ്റുമാരുടെയും വോട്ടവകാശം തടയാനാവില്ല. ഇലക്ഷന് ഫെസിലിറ്റേഷന് കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് നടപടിയെടുക്കണം എന്നുമായിരുന്നു കോടതി നിർദേശം. ഏപ്രിൽ ഒന്നാം തീയതി മുതൽ എട്ടാം തീയതി വരെയായിരുന്നു പോസ്റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള സമയം.
പോസ്റ്റൽ ബാലറ്റ് എത്തിയില്ല
അതേസമയം, പോസ്റ്റൽ ബാലറ്റ് എത്തിയില്ല എന്ന കാരണത്താൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയോഗിച്ച 1,083 ജീവനക്കാർക്ക് വോട്ടു ചെയ്യാനായില്ല എന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് സംബന്ധിച്ച് കണക്കെടുത്തപ്പോഴാണ് 1,083 പേർക്ക് വോട്ടുചെയ്യാനായില്ലെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം-203, കൊല്ലം-317, പത്തനംതിട്ട-109, കോട്ടയം-277, ഇടുക്കി-26, എറണാകുളം-83, തൃശൂർ-13, പാലക്കാട്-20, മലപ്പുറം-10, വയനാട്-8, കോഴിക്കോട്-8, കണ്ണൂർ-4, കാസർകോട്-5 എന്നിങ്ങനെയാണ് വോട്ടു ചെയ്യാനുള്ളവർ. ആലപ്പുഴയിൽ മാത്രമാണ് ആവശ്യത്തിനുള്ള ബാലറ്റ് ലഭിച്ചത്. ചില ആരോഗ്യ വകുപ്പ് ജീവനക്കാർക്കും വോട്ട് ചെയ്യാനാകാത്ത സ്ഥിതിയുണ്ട്. ഇതിന് പുറമേ ക്ലറിക്കൽ പിശകുമൂലം പോസ്റ്റൽ വോട്ടർ പട്ടികയിൽ പേരില്ലാതെ പോയവരുമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR