സ്വ'തന്ത്ര' നേട്ടങ്ങളില് കണ്ണുംനട്ട്- ഇടത് വിമതരില് യുഡിഎഫിന് പ്രതീക്ഷ, 12ല് എത്രയെന്ന് നോക്കി
Thiruvananthapuram , 08 ഏപ്രില് (H.S.) മുന്നണികള് സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുന്നതും അവർ ജയിക്കുന്നതുമൊക്കെ എല്ലാ തെരഞ്ഞെടുപ്പുകളിലേയും പതിവ് കാഴ്ചയാണെങ്കിലും ഇത്തവണത്തെ ചില സ്വ''തന്ത്ര''ർ ഇടതുമുന്നണിക്ക് വെല്ലുവിളിയാകുന്നവരാണെന്ന പ്രത്യേകതയുണ
Assembly election


Thiruvananthapuram , 08 ഏപ്രില് (H.S.)

മുന്നണികള് സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുന്നതും അവർ ജയിക്കുന്നതുമൊക്കെ എല്ലാ തെരഞ്ഞെടുപ്പുകളിലേയും പതിവ് കാഴ്ചയാണെങ്കിലും ഇത്തവണത്തെ ചില സ്വ'തന്ത്ര'ർ ഇടതുമുന്നണിക്ക് വെല്ലുവിളിയാകുന്നവരാണെന്ന പ്രത്യേകതയുണ്ട്.

യുഡിഎഫ് ഇത്തവണ നിർത്തിയിരിക്കുന്ന നാല് സ്വതന്ത്രർ ഇടതുപാളയത്തില് നിന്ന്, സിപിഎമ്മില് നിന്ന്, പിണങ്ങി ഇറങ്ങിയവരാണ്. ഇവർ പിടിക്കുന്ന വോട്ടോർത്ത് സിപിഎമ്മിന് നെഞ്ചിടിപ്പ് കൂടുന്നുമുണ്ട്.

പാർട്ടി സീറ്റ് നിഷേധിച്ചെന്നും അവഗണിക്കുന്നെന്നും ആരോപിച്ച് ആലപ്പുഴയിലെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരൻ ആണ് ആദ്യം കലാപക്കൊടി ഉയർത്തിയത്. സിപിഎം വിട്ട് അമ്പലപ്പുഴയില് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച സുധാകരനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കുകയും ചെയ്തു. പ്രചാരണത്തിനിടെ സഞ്ചരിക്കുന്ന ജീപ്പില് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി 'പിണങ്ങിയും' സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത നായർ വീടുകളിലേ കയറൂയെന്ന് ആരോപിച്ച് 'പിണക്കിയും' ഇപ്പോള് തന്നെ സുധാകരൻ ആവശ്യത്തിന് തലവേദന യുഡിഎഫിന് നല്കുന്നുണ്ട്.

യുഡിഎഫ് ഭരണത്തിലെത്തുകയും സുധാകരൻ ജയിക്കുകയും ചെയ്താല് മന്ത്രി സ്ഥാനമോ മറ്റ് പദവികളോ ആവശ്യപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുമോയെന്ന ആശങ്കയും പ്രാദേശിക കോണ്ഗ്രസ് നേതൃത്വം ഉയർത്തുന്നുണ്ട്. തളിപ്പറമ്പ് സീറ്റിനെ ചൊല്ലി സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനും പയ്യന്നൂരില് ടി.ഐ. മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെട്ടിപ്പ് ആരോപിച്ച് പാർട്ടി ജില്ല കമ്മിറ്റി മുൻ അംഗം വി. കുഞ്ഞികൃഷ്ണനുമാണ് കണ്ണൂരില് ഇടതുകോട്ടയില് വിള്ളലുണ്ടാക്കിയത്. ഇരുവരെയും യുഡിഎഫ് കയ്യോടെ പിടികൂടി.

പാലക്കാട് ജില്ലയില് ഒറ്റപ്പാലത്ത് പി.കെ. ശശിയേയും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആക്കിയിട്ടുണ്ട്. ഇത് കാര്യമായ ഭീഷണി ഉണ്ടാക്കില്ലെന്ന പ്രതീക്ഷയിലാണ് സിപിഎം. തൃശൂർ ചേലക്കരയില് ശിവൻ വീട്ടിക്കുന്നും യുഡിഎഫ് സ്വതന്ത്രനാണ്. പാലായില് വീണ്ടും ജനവിധി തേടുന്ന മാണി സി. കാപ്പനാണ് യുഡിഎഫിന്റെ മറ്റൊരു സ്റ്റാർ സ്വതന്ത്രൻ. 2021ല് പാലായില് യുഡിഎഫ് പിന്തുണയോടു കൂടി സ്വതന്ത്രനായി മത്സരിച്ച കാപ്പൻ 15,378 വോട്ടിന്റെ ഭൂരിപക്ഷത്തില് അതികായനായ ജോസ് കെ. മാണിയെ പരാജയപ്പെടുത്തി ഞെട്ടിച്ചതാണ്.

കഴിഞ്ഞ തവണ എല്ഡിഎഫ് സ്വതന്ത്രനായി നിലമ്പൂരില് തുടർച്ചയായി രണ്ടാം വട്ടം ജയിച്ച പി.വി. അൻവർ ഇത്തവണ യുഡിഎഫ് ക്യാമ്പിലെത്തി ബേപ്പൂരില് മത്സരിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. എല്ഡിഎഫ് ഇത്തവണ 12 സ്വതന്ത്ര സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അതില് എട്ടും മലപ്പുറം ജില്ലയില് ആണെന്ന പ്രത്യേകതയുമുണ്ട്. കാസർകോട് മണ്ഡലത്തില് ഷാനവാസ് പാദൂർ ഇടത് സ്വതന്ത്രനാണ്. മലപ്പുറം ജില്ലയില് മഞ്ചേരിയില് വി.എം. മുസ്തഫ, മങ്കടയില് മുഹമ്മദ് കുന്നത്ത്, നിലമ്പൂരില് യു. ഷറഫലി, വേങ്ങരയില് മുഹമ്മദ് സബാഹ് കുണ്ടുപുഴക്കല്, തവനൂരില് കെ.ടി. ജലീല്, താനൂരില് ടി. മുഹമ്മദ് സമീർ, വള്ളിക്കുന്നില് സി.പി. മുസ്തഫ എന്നിവരാണ് ഇടത് സ്വതന്ത്രർ.

കൊല്ലം ചവറയില് സുജിത്ത് വിജയൻപിള്ള സിപിഎം സ്വതന്ത്രനാണ്. എംഎല്എ ആയിരിക്കെ മരണപ്പെട്ട വിജയന് പിള്ളയുടെ മകനായ സുജിത്ത് കഴിഞ്ഞ തവണ യുഡിഎഫിന്റെ ഷിബു ബേബി ജോണിനെ 1096 വോട്ടുകള്ക്ക് പരാജയപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മണ്ഡലത്തിലെ നടൻ സുധീർ കരമന, കോവളത്തെ ഭഗത് റൂഫസ് എന്നിവരാണ് മറ്റ് ഇടത് സ്വതന്ത്രർ.

കഴിഞ്ഞ തവണ ഒമ്പത് എല്ഡിഎഫ് സ്വതന്ത്രർ മത്സരിച്ചതില് അഞ്ച് പേർ ജയിച്ചിരുന്നു. കെ.ടി. ജലീല്, വി. അബ്ദുറഹിമാന്, പി.വി. അന്വര്, പി.ടി.എ റഹീം, ഡോ. സുജിത്ത് വിജയന് പിള്ള എന്നിവർ. യുഡിഎഫ് പക്ഷത്തുനിന്ന് മാണി സി. കാപ്പൻ ആണ് സഭയിലെത്തിയത്. കുന്നമംഗലത്ത് മൂന്ന് തവണ ഇടത് പിന്തുണയോടെ ജയിച്ച നാഷണല് സെക്യുലർ കോണ്ഫറൻസിന്റെ പിടിഎ റഹീമിനെ തന്നെയാണ് ഇത്തവണയും എല്ഡിഎഫ് പിന്തുണക്കുന്നത്.

കഴിഞ്ഞ തവണ 320 സ്വതന്ത്രരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില് ആറ് പേർ ജയിക്കുകയും 303 പേർക്ക് കെട്ടിവെച്ച കാശ് പോകുകയും ചെയ്തു. മൊത്തം 1208510 വോട്ടുകളാണ് സ്വതന്ത്രർ സ്വന്തമാക്കിയത്. അതായത് ആകെ പോള് ചെയ്തതിന്റെ 5.8 ശതമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News