Enter your Email Address to subscribe to our newsletters

Kannur , 08 ഏപ്രില് (H.S.)
ഏപ്രിൽ ഒൻപതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമായതായി ജില്ല കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സുതാര്യവും നീതിപൂർവവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.
ജില്ലയിൽ 11,24,959 സ്ത്രീകളും 10,52,014 പുരുഷന്മാരും 11 ട്രാൻസ്ജൻഡറുകളും ഉൾപ്പെടെ 21,76,084 വോട്ടർമാരാണുള്ളത്. 2,183 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചു. ഓരോ മണ്ഡലത്തിലും മാതൃക പോളിങ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 15 പിങ്ക് പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.
സുരക്ഷ ക്രമീകരണങ്ങൾ
വോട്ടെടുപ്പ് സമാധാനപരമായി നടക്കാൻ ശക്തമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തി. കേന്ദ്രസേന ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 6,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ പി നിധിൻ രാജും കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാളും അറിയിച്ചു. സിറ്റി പരിധിയിൽ കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസുമുൾപ്പെടെ 20 കമ്പനി സേനയിൽ 1,500 പേരുണ്ട്. ഇതിന് പുറമെ 1,300 സ്പെഷ്യൽ പൊലീസുമുണ്ട്. 771 പ്രശ്നസാധ്യതാ ബൂത്തുകളിൽ പ്രത്യേക സുരക്ഷയും 493 മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചു.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ പുറത്തുവരുന്നത് വരെയുള്ള നടപടികൾ സിസിടിവി മുഖേന ജില്ല, മണ്ഡല തലങ്ങളിലുള്ള കൺട്രോൾ റൂമുകളിൽ നിന്ന് നിരീക്ഷിക്കും. പോളിങ് ജോലിക്കായി 10,488 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇവരെ ബൂത്തുകളിൽ എത്തിക്കാൻ സർക്കാർ വാഹനങ്ങൾക്ക് പുറമേ സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കും.
അവശ്യ സർവീസ്, ഹോം വോട്ടിങ്
ഹോം വോട്ടിങ്ങിൽ 97 ശതമാനം പേരും അവശ്യ സർവീസ് വിഭാഗത്തിൽ 96.69 ശതമാനം പേരും ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. 18,756 പേർ ഹോം വോട്ടിങ്ങും 3,624 പേർ അവശ്യ സർവീസ് വോട്ടും ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ജീവനക്കാരിൽ 20.77 ശതമാനം പേർ ഇതിനകം വോട്ട് പൂർത്തിയാക്കി.
പെരുമാറ്റച്ചട്ടം, നിരോധനാജ്ഞ
മാതൃക പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി നടപ്പിലാക്കുന്നുണ്ട്. 25 എംസിസി സ്ക്വാഡുകൾ പ്രവർത്തിക്കുന്നു. 42,659 അനധികൃത പ്രചാരണ വസ്തുക്കൾ നീക്കം ചെയ്തു. ഏപ്രിൽ ഏഴ് വൈകിട്ട് ആറ് മുതൽ 48 മണിക്കൂർ നിശബ്ദ പ്രചാരണം നിലവിൽ വന്നു. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ ഏഴ് വൈകിട്ട് മുതൽ ഒൻപത് വൈകിട്ട് വരെ സമ്പൂർണ മദ്യനിരോധനവുമുണ്ട്. വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ ശക്തമായ സുരക്ഷയിൽ സൂക്ഷിക്കും. ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് എച്ച്എസ്എസ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എന്നീ മൂന്ന് കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലേക്കാണ് ഇവ മാറ്റുക.
വോട്ടർമാർക്കുള്ള നിർദേശങ്ങൾവോട്ടെടുപ്പിനിടെ മൊബൈൽ ഫോൺ ബൂത്തിലേക്ക് കൊണ്ടുപോകാൻ പാടില്ല. ഫോൺ സൂക്ഷിക്കാൻ സംവിധാനമൊരുക്കും. ബൂത്തുകളിൽ എൻസിസി, എൻഎസ്എസ് വൊളൻ്റിയർമാർ വോട്ടർമാരെ സഹായിക്കും. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് മറ്റ് 11 അംഗീകൃത രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. ജനാധിപത്യ പ്രക്രിയ സുഗമമാക്കുന്നതിനായി വോട്ടർമാർ ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. സമാധാനപരമായ അന്തരീക്ഷത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
വിതരണ കേന്ദ്രങ്ങൾതെരഞ്ഞെടുപ്പിൻ്റെ തലേദിവസം സാധന സാമഗ്രികൾ നിർദിഷ്ട കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. വോട്ടിങ് പൂർത്തിയാക്കിയ ശേഷം ഇവ അതത് കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കണം. വിതരണ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:
- പയ്യന്നൂർ: പയ്യന്നൂർ ജിവിഎച്ച്എസ്എസ്
- കല്യാശ്ശേരി: മാടായി ഗവ. ഗേൾസ് എച്ച്എസ്എസ്
- തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്
- ഇരിക്കൂർ: കുറുമാത്തൂർ ഗവ. എച്ച്എസ്എസ്
- അഴീക്കോട്: കണ്ണൂർ കെഎംഎം ഗവ. വിമൻസ് കോളജ്
- കണ്ണൂർ: കണ്ണൂർ ജിവിഎച്ച്എസ്എസ്
- ധർമടം: പാലയാട് ജിഎച്ച്എസ്എസ്
- തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്
- കൂത്തുപറമ്പ്: കൂത്തുപറമ്പ് നിർമലഗിരി കോളജ്
- മട്ടന്നൂർ: മട്ടന്നൂർ എച്ച്എസ്എസ്
- പേരാവൂർ: തുണ്ടിയിൽ സെൻ്റ് ജോസഫ്സ് എച്ച്എസ്എസ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR