Enter your Email Address to subscribe to our newsletters

Palakkad, 08 ഏപ്രില്‍ (H.S.)
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിനായി വയോധികയ്ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെയും പാലക്കാട്ടെ വോട്ടര്‍മാരെയും അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്ന് അവര്‍ ആരോപിച്ചു. കണ്ണാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്തു എന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ഒരു ക്യാന്‍സര്‍ രോഗിയെയും കുടുംബത്തെയും കാണാന്‍ പോയതിനെയാണ് പണം നല്‍കാനായി എത്തിയതെന്ന രീതിയില്‍ ചിലര്‍ വളച്ചൊടിച്ചതെന്നും ശോഭ പറഞ്ഞു
ഈ സംഭവത്തിന് പിന്നില്‍ കൃത്യമായ ഒരു തിരക്കഥയുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ഉറപ്പായപ്പോള്‍ അത് സഹിക്കാന്‍ കഴിയാത്തവരാണ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത്. പത്താമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന തനിക്ക് ചട്ടങ്ങള്‍ കൃത്യമായി അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്നോടും തന്റെ കൂടെയുണ്ടായിരുന്ന പ്രമിള എന്ന സ്ത്രീയോടും തങ്ങളെ പിന്തുടര്‍ന്ന ഒരു സംഘം യുവാക്കള്‍ അതീവ മോശമായി പെരുമാറി. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങള്‍ ഒരു യുവാവ് മൂന്ന് തവണ ആവര്‍ത്തിച്ചുവെന്നും അത് കണ്ടപ്പോഴാണ് താന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത്. തങ്ങളെ പിന്തുടര്‍ന്ന കാറിലുണ്ടായിരുന്ന വ്യക്തി വിനേഷ് സര്‍ഗ്ഗ എന്നയാളാണെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ശോഭ ആരോപിച്ചു. ഒരു സഹകരണ സംഘത്തിലൂടെ നൂറുകണക്കിന് ആളുകളെ പറ്റിച്ച കേസില്‍ പ്രതിയായ ഇയാള്‍ ഗുണ്ടകളെയും കയറ്റി തന്നെ അപമാനിക്കാനാണ് എത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി.
മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ തന്റെ കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്ന വാദത്തെ ശോഭാ സുരേന്ദ്രന്‍ ശക്തമായി നിഷേധിച്ചു. തന്റെ കാറില്‍ താനും പ്രമിള എന്ന ചേച്ചിയും അല്ലാതെ മറ്റാരുമില്ലായിരുന്നുവെന്നും ദൃശ്യങ്ങളിലുള്ള വെളുത്ത ചുരിദാര്‍ ധരിച്ച സ്ത്രീ ആരുടെ കൂടെയെത്തിയതാണെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കണം. തന്റെ കാറില്‍ ഇല്ലാത്ത ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ എങ്ങനെയാണ് ഒരു ചാനലിന് മാത്രം തത്സമയം ലഭിച്ചതെന്നും ആ സ്ത്രീയുടെ മുഖം വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അവര്‍ വെല്ലുവിളിച്ചു.
പണം സ്വീകരിച്ചു എന്ന് ആരോപിക്കപ്പെട്ട വീട്ടമ്മ തന്നെ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ എതിരാളികളുടെ കഥ പൊളിഞ്ഞുവെന്ന് ശോഭ അവകാശപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ആ പാവപ്പെട്ട കുടുംബത്തെയും അമ്മയെയും സമ്മര്‍ദ്ദത്തിലാക്കാനാണ് കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുകാരും ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു.
തന്നെ പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്ത യുവാക്കള്‍ക്കെതിരെ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട്ടെ വോട്ടര്‍മാര്‍ പണം വാങ്ങി വോട്ട് ചെയ്യുന്നവരാണെന്ന് ചിത്രീകരിച്ച് അവരെ മുഴുവന്‍ മാധ്യമങ്ങള്‍ അപമാനിച്ചു. ഇത്തരം വിവാദങ്ങള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും വലിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും ശോഭ പറഞ്ഞു.
കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവര്‍ത്തകരാണ് പണം വിതരണം ചെയ്തു എന്നാണ് പരാതി ഉയര്‍ന്നത്. മരണവീട്ടില്‍ പോകാനാണ് ബിജെപി സ്ഥാനാര്‍ഥിയും സംഘവും കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് എത്തിയത്. മരണവീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെത്തി വയോധികയുടെ കയ്യില്‍ 5000 രൂപ നല്‍കിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.
---------------
Hindusthan Samachar / Sreejith S