Enter your Email Address to subscribe to our newsletters

Thiruvananthapuram, 09 ഏപ്രില്‍ (H.S.)
തിരുവനന്തപുരം: ഭരിക്കാനുള്ള ഭൂരിപക്ഷം സിപിഎമ്മിനും കോണ്‍ഗ്രസിനും ലഭിക്കില്ലെന്നും ഈ തെരഞ്ഞെടുപ്പോടുകൂടി ബിജെപി നിര്ണ്ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ജവഹര്‍നഗര്‍ എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെയും നാട്ടുകാരുടെയും കുട്ടികളുടെയും ഭാവി തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിത്. ബിജെപി എന്‍ഡിഎ മുമ്പോട്ട് വയ്ക്കുന്ന വികസിത കേരളം എന്ന കാഴ്ചപ്പാടും ആഗ്രഹവും ജനങ്ങളിലെത്തിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ജനങ്ങളോട് അവസരം ചോദിക്കുന്നത് നിയമസഭയില്‍ പോയി ബഹളം വയ്ക്കാനല്ല, കമ്പ്യൂട്ടര്‍ തല്ലിതകര്‍ക്കാനല്ല, സ്പീക്കറുടെ മേശയുടെ മുകളില്‍ കയറി ഭരതനാട്യം ചെയ്യാനല്ല. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ്. അതിന് വേണ്ടിയാണ് മത്സരിക്കുന്നതും.
കേരളം മാറണം, മാറാത്തത് മാറണം, കേരളം വളരണം. കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കുന്ന ബിജെപി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നു. വികസിത കേരളമെന്ന ബിജെപിയുടെ കാഴ്ചപ്പാട് ജനങ്ങളേറ്റെടുത്തിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാവിലെ ഏഴേകാലോടെ ബൂത്തിലെത്തിയ അദ്ദേഹം തിരക്കുകാരണം മുക്കാല്‍ മണിക്കുറോളം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍.ശ്രീലേഖ, മുന്‍ കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ തുടങ്ങിയവരും രാജീവ്ചന്ദ്രശേഖറിനൊപ്പമുണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S