കേരളത്തിൻ്റെ വികസന കുതിപ്പിന് കരുത്തുപകരാൻ എൽഡിഎഫിന് മാത്രമേ സാധിക്കൂ എന്ന ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി
Kannur , 09 ഏപ്രില് (H.S.) കേരളത്തിൻ്റെ വികസന കുതിപ്പിന് കരുത്തുപകരാൻ എൽഡിഎഫിന് മാത്രമേ സാധിക്കൂ എന്ന ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ധർമടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ അദ്ദേഹം പിണറായിയിലെ ആർ.സി അമല ബേസി
Pinarayi Vijayan


Kannur , 09 ഏപ്രില് (H.S.)

കേരളത്തിൻ്റെ വികസന കുതിപ്പിന് കരുത്തുപകരാൻ എൽഡിഎഫിന് മാത്രമേ സാധിക്കൂ എന്ന ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ധർമടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ അദ്ദേഹം പിണറായിയിലെ ആർ.സി അമല ബേസിക് യു.പി സ്കൂളിലെ 194-ാം നമ്പർ പോളിങ് ബൂത്തിലെത്തിയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വീട്ടിൽനിന്ന് കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം നടന്നാണ് അദ്ദേഹം വോട്ടിങ് കേന്ദ്രത്തിലെത്തിയത്.

തുടർഭരണത്തിൽ പ്രതീക്ഷ

കേരളത്തിൻ്റെ ഭാവി നിർണയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ മേഖലകളിലും വികസനം കൈവരിച്ച സർക്കാരിന് മാത്രമേ പ്രതിബദ്ധതയോടെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ. അഴിമതിയില്ലാത്ത ഭരണം ഉറപ്പാക്കാൻ എൽഡിഎഫിനെ സാധിക്കൂ എന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അഴിമതി കുറവാണെന്ന പദവി ലഭിച്ചത് സർക്കാരിൻ്റെ പ്രവർത്തന ശൈലി കൊണ്ടാണ്. ഇത് മറ്റ് മുന്നണികളെക്കൊണ്ട് സാധിക്കില്ലെന്ന് ജനങ്ങൾക്കറിയാം. അഴിമതിക്കെതിരായ പോരാട്ടവും വികസന നേട്ടങ്ങളും മുൻനിർത്തി ജനങ്ങൾ എൽഡിഎഫിന് വലിയ വിജയം സമ്മാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2021ൽ ജനങ്ങൾ നൽകിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

വികസന നേട്ടങ്ങൾ ജനങ്ങൾക്കൊപ്പം

കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. വികസിത കേരളത്തിലേക്കുള്ള വലിയ ചുവടുവെപ്പുകളാണ് കഴിഞ്ഞ കാലയളവിലുണ്ടായത്. ഈ പുരോഗതിയും വികസനവും തടസപ്പെടരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി.

പ്രതിബദ്ധതയോടെ പദ്ധതികൾ നടപ്പിലാക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു കാലത്ത് ഭരണത്തിലിരുന്നവർ പദ്ധതികൾ നടപ്പിലാക്കാൻ തയാറാകാതിരുന്ന സാഹചര്യം ജനങ്ങളുടെ ഓർമയിലുണ്ട്. എന്നാൽ പത്ത് വർഷം കൊണ്ട് ആ സ്ഥിതി മാറി. കേരളത്തെ ലോകത്തിന് മാതൃകയാക്കാവുന്ന രീതിയിൽ മാറ്റിയെടുക്കാൻ സർക്കാരിന് സാധിച്ചു.

ധ്രുവീകരണ ശ്രമങ്ങൾ വിലപ്പോവില്ല

തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ വർഗീയ പ്രചാരണങ്ങൾ നടത്തിയും പണമൊഴുക്കിയും വോട്ടർമാരെ സ്വാധീനിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളുമായി ചേർന്ന് എൽഡിഎഫിനെതിരെ ധ്രുവീകരണത്തിനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾ കൊണ്ട് ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. ഭൂരിഭാഗം ജില്ലകളിലും പര്യടനം നടത്തിയെന്നും എല്ലാ വിഭാഗം ജനങ്ങളും ആവേശത്തോടെ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതാണ് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം എന്നത് ഒരു സ്വപ്നമല്ല, മറിച്ച് 2031ഓടെ യാഥാർഥ്യമാക്കാൻ പോകുന്ന കൃത്യമായ കാഴ്ചപ്പാടാണ്.

കാത്തുനിന്ന് വോട്ട് രേഖപ്പെടുത്തി

രാവിലെ തന്നെ കാൽനടയായാണ് മുഖ്യമന്ത്രിയും കുടുംബവും പോളിങ് ബൂത്തിലേക്ക് പുറപ്പെട്ടത്. പാണ്ട്യാലമുക്കിലെ വീട്ടിൽനിന്ന് അര കിലോമീറ്റർ സഞ്ചരിച്ചാണ് എത്തിയത്. ഭാര്യ കമല, മകൾ വീണ എന്നിവർക്ക് പുറമെ സിപിഎം നേതാക്കളായ കെ.കെ രാഗേഷ്, സി.എൻ ചന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി തുടങ്ങിയവരും ഒപ്പമുണ്ടായിരിന്നു. വോട്ടർ പട്ടികയിലെ 241-ാം ക്രമനമ്പറുകാരനായാണ് അദ്ദേഹം വോട്ട് ചെയ്തത്.

ബൂത്തിൽ വോട്ടർമാരുടെ വലിയ നിരയുണ്ടായിരുന്നതിനാൽ അദ്ദേഹം അല്പനേരം വരിയിൽ കാത്തുനിന്നു. ഈ ബൂത്തിലെ വോട്ടിങ് യന്ത്രത്തിന് നേരത്തെയുണ്ടായ സാങ്കേതിക തകരാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വേഗത്തിൽ പരിഹരിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിരുന്നു. 140 മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഇടതുപക്ഷം അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. 48 മണ്ഡലങ്ങളിൽ മുഖ്യമന്ത്രി പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം മറ്റു ബൂത്തുകളിലെ പോളിങ് ശതമാനവും അദ്ദേഹം വിലയിരുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News