Enter your Email Address to subscribe to our newsletters

Kannur, 09 ഏപ്രില്‍ (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് കെ സുധാകരന്‍ എംപി. യുഡിഎഫിന്റെ വിജയിക്കുമെന്ന് വലിയ ആത്മവിശ്വാസമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരന്‍ പറഞ്ഞു. യുഡിഎഫ് മുന്നണിക്ക് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയില്‍, മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് ചെറിയൊരു നാക്കുപിഴ സംഭവിക്കുകയുണ്ടായി. 'തുടര്‍ഭരണം അവസാനിക്കില്ല' എന്ന് അദ്ദേഹം അറിയാതെ പറഞ്ഞുവെങ്കിലും, ഉടന്‍ തന്നെ ആ തെറ്റ് തിരുത്തി തുടര്‍ഭരണം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫിന്റെ ആധിപത്യം എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പേരാവൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. താന്‍ നേരിട്ട് ആ ഭാഗം പരിശോധിച്ചതാണെന്നും അവിടെ വലിയ അപാകതകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിനെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സണ്ണി ജോസഫ് എഐസിസിക്ക് അയച്ചു എന്ന് പറയപ്പെടുന്ന വിവാദമായ കത്തിനെ കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. ഈ കത്ത് യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കാന്‍ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വസ്തുത സ്ഥിരീകരിക്കാന്‍ ശരിയായ വഴിയിലൂടെയുള്ള പരിശോധനയും ഇന്‍വെസ്റ്റിഗേഷനും ആവശ്യമാണെന്നും അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അതില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
---------------
Hindusthan Samachar / Sreejith S