Enter your Email Address to subscribe to our newsletters

Kochi, 09 ഏപ്രില്‍ (H.S.)
പറവൂര്‍: ഇത്തവണ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ 135-ാം ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും. യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങള്‍ക്ക് ഭൂരിപക്ഷം തരാന്‍. അതിന്റെ റേറ്റ് ഇപ്പോള്‍ ഉയര്‍ന്നു വന്നു. എല്ലാ ദേശീയ സര്‍വേകളിലും യുഡിഎഫ് മികച്ച നിലയിലാണ്. തട്ടിക്കൂട്ടിയ സര്‍വേകളുടെ കാര്യമല്ല പറയുന്നത്. കേരളത്തില്‍ തട്ടിക്കൂട്ടിയ സര്‍വേകളുണ്ട്. അതിനെക്കുറിച്ച് വിശദമായി പിന്നെ പറയാം. മൂന്ന് മാസത്തിനിടയില്‍ നാല് പ്രാവശ്യം കേരളം മുഴുവന്‍ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ഞങ്ങള്‍ നൂറിലധികം സീറ്റുമായി അധികാരത്തില്‍ വരും എന്നതില്‍ ഒരു സംശയവുമില്ല'- വി.ഡി. സതീശന്‍ പറഞ്ഞു.
പ്രബുദ്ധരായ രാഷ്ട്രീയ ബോധ്യമുള്ള ആളുകളാണ് കേരളത്തിലുള്ളത്. എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണ്. എല്ലാവരും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് ജനാധിപത്യത്തെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകണം. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
140 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് ബൂത്തിലേക്ക് എത്തുകയാണ്. 883 സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ 53984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 27196936 സമ്മതിദായകരാണുള്ളത്. രാവിലെ 7 മുതല്‍ വോട്ടിങ് തുടങ്ങി. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് നടക്കുന്നത്. ഇവയില്‍ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.
രാവിലെ 6 മണിക്ക് മോക്ക് പോളിങ്ങിന് ശേഷമാണ് നടപടികള്‍ ആരംഭിച്ചത്. ഏഴു മണി മുതല്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. ഉ്ച സമയത്തെ കടുത്ത് വേനലിലെ ചൂട് കണക്കിലെടുത്താണ് രാവിലെ തന്നെയുള്ള ഈ നീണ്ട നിര. ചില പോളിങ് ബൂത്തുകളില്‍ വോട്ടിങ് മെഷിന്‍ തകരാറിലായി. തകരാറിലായ മെഷിനുകള്‍ മാറ്റിസ്ഥാപിച്ചു.
നടന്‍ മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തി. മുടവന്‍മുകളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.സ്ഥാനാര്‍ത്ഥികള്‍ ആദ്യം തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം പരമാവധി ബൂത്തുകളില്‍ നേരിട്ട് എത്തി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ്.
---------------
Hindusthan Samachar / Sreejith S