Enter your Email Address to subscribe to our newsletters

Thiruvanathapuram , 09 ഏപ്രില് (H.S.)
തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമങ്ങളും ക്രമക്കേട് ആരോപണങ്ങളും റിപ്പോർട്ട് ചെയ്തു. തൃശ്ശൂരിലും കണ്ണൂരിലും ആറന്മുളയിലുമുണ്ടായ സംഭവങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ടി.എൻ പ്രതാപനെതിരെ ബിജെപി:
തൃശ്ശൂരിൽ ബിജെപി പ്രവർത്തകനെ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപന്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി ബിജെപി ആരോപിച്ചു. പ്രതാപനും സംഘവും മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപി ഉന്നയിക്കുന്ന പരാതി. മർദ്ദനമേറ്റ ബിജെപി പ്രവർത്തകൻ ജയപ്രകാശ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ധർമ്മടത്ത് വ്യാപകമായ 'ഓപ്പൺ വോട്ട്' ആരോപണം:
നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദിനെ പോളിംഗ് ബൂത്തിൽ തടഞ്ഞതായും അസഭ്യം പറഞ്ഞതായും പരാതി ഉയർന്നു
സംഭവം നടന്നത്: മുഴപ്പിലങ്ങാട് ഭാഗത്തെ 140, 141 എന്നീ ബൂത്തുകൾ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് വി.പി. അബ്ദുൽ റഷീദ് ആരോപിച്ചു.
പരാതി: തന്നെ പരസ്യമായി അസഭ്യം പറയുകയും 'ശവത്തിനി' എന്ന് വിളിക്കുകയും ചെയ്തതായി സ്ഥാനാർത്ഥി ആരോപിക്കുന്നു. സംഭവത്തിൽ അദ്ദേഹം എടക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് വ്യാപകമായി ഓപ്പൺ വോട്ടുകൾ ചെയ്യിക്കുന്നതായി എൻഡിഎ സ്ഥാനാർത്ഥി കെ. രഞ്ജിത്ത് ആരോപിച്ചു. ഒരു ബൂത്തിൽ രേഖപ്പെടുത്തിയ 198 വോട്ടുകളിൽ 37 എണ്ണവും ഓപ്പൺ വോട്ടുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവരെ പോലും ഭീഷണിപ്പെടുത്തി ഓപ്പൺ വോട്ട് ചെയ്യിക്കുകയാണെന്നും, സിപിഎമ്മിന് വോട്ട് ചെയ്യില്ലെന്ന് സംശയമുള്ള പ്രായമായവരെയാണ് ഇതിന് നിർബന്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ബൂത്തിൽ ഉൾപ്പെടെ ബിജെപി ഏജന്റുമാരെ തടഞ്ഞതായും റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയതായും രഞ്ജിത്ത് വ്യക്തമാക്കി.
ആറന്മുളയിൽ വോട്ടിങ് മെഷീനിൽ ക്രമക്കേടെന്ന് പരാതി:
ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രവും ചിഹ്നവും മാത്രം വ്യക്തമായി തെളിയുന്നതായി എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, വോട്ടർമാരെ സ്വാധീനിക്കാൻ സാരി വിതരണം ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്. മണ്ഡലത്തിലെ ഉയർന്ന പോളിംഗ് ശതമാനം എൻഡിഎയ്ക്ക് അനുകൂലമായ മാറ്റത്തിന്റെ സൂചനയാണെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു
---------------
Hindusthan Samachar / Roshith K