Enter your Email Address to subscribe to our newsletters

Alappuzha , 01 മെയ് (H.S.)
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 19-ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയൻ-അമ്പിളി ദമ്പതികളുടെ മകൾ ആര്യമോൾ (26) ആണ് മരിച്ചത്. വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ആര്യ വെള്ളിയാഴ്ച (മെയ് 1) രാവിലെയാണ് മരിച്ചത്.
വിദേശത്ത് ജോലിക്ക് പോകാനായി ആര്യ ബാംഗ്ലൂരിലെ ജോലി രാജിവെച്ച് രണ്ട് മാസം മുൻപ് നാട്ടിലെത്തിയിരുന്നു. ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ടത്തോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ചികിത്സ തേടുകയും ചെയ്തു.
പിന്നീട് ഇവിടെ നിന്നും ഡിസ്ചാർജായി വന്ന ശേഷം വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഓരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞു. രോഗം കൂടിയതോടെ ആര്യയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു, ഇവിടെ നിന്നാണ് ആര്യ മരിക്കുന്നത്.
അന്തരീക്ഷ താപനിലയിലെ വ്യതിയാനമാണ് അമീബയുടെ വളർച്ചയ്ക്ക് സഹായകമാകുന്നത്. പെട്ടെന്നുള്ള മഴയും പിന്നീടുണ്ടാകുന്ന കൊടുംചൂടും അമീബയുടെ വളർച്ചക്ക് വേഗം കൂട്ടും. 2016 ലാണ് കേരളത്തിൽ ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം(അമീബിക് എൻസെഫലൈറ്റിസ്). നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുന്നു. ഇതു കാരണം മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നു. 97 ശതമാനത്തിലധികമാണ് ഈ രോഗത്തിൻ്റെ മരണനിരക്ക്.
രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിൻ്റെ അടിത്തട്ടിലെ ചെളിയിലുള്ള അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയാണ് രോഗമുണ്ടാകുന്നത്. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, അസാധാരണമായ പ്രതികരണങ്ങൾ എന്നിവയാണ് കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ.
രോഗം ഗുരുതരമാകുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ്, മണക്കാനുള്ള ശേഷി നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ വിവരം ഡോക്ടറെ അറിയിക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR