Enter your Email Address to subscribe to our newsletters

Alappuzha,01 മെയ് (H.S.)
ആലപ്പുഴയില് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. അർത്തുങ്കല് അരീപറമ്പില് കളത്തില്പറമ്പില് ബിനുവിൻ്റെ മകൻ അഖില് കൃഷ്ണ (22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില് സുനില് ദാസിൻ്റെ മകള് അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ ദേശീയപാതയില് വണ്ടാനത്ത് ഇന്നലെ രാത്രി 11.50ന് ആയിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ് അച്ചു എസ് ദാസ്. ഐടിഐ പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഖില് കൃഷ്ണ. പെണ്കുട്ടിയെ കായംകുളം റെയില്വേ സ്റ്റേഷനില് നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം.
ദേശിയപാതയിൽ നിന്ന് സർവിസ് റോഡിലേക്ക് തിരിയവെയാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ അച്ചു എസ് ദാസിൻ്റെ തലയിലൂടെ ലോറിയുടെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പുന്നപ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. അയല്വാസികളും സുഹൃത്തുക്കളുമാണ് മരിച്ച ഇരുവരും.
അതേസമയം ബംഗളൂരുവിൽ മതിലിടിഞ്ഞുവീണ് മരിച്ച എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം രാമമംഗലം ഗ്രമപഞ്ചായത്ത് ആസ്ഥാനത്ത് പൊതു ദർശനത്തിന് വെച്ചു. ജില്ലാ കലക്ടര് ജി. പ്രിയങ്ക പുഷ്പചക്രം സര്ക്കാരിനായി അർപ്പിച്ചു. നൂറു കണക്കിനാളുകളാണ് തങ്ങൾക്ക് പ്രിയപ്പെട്ട കുടുംബ ശ്രീ പ്രവർത്തകരായ ലതയ്ക്കും സ്മിതയ്ക്കും അന്തിമോപചാരം അർപിച്ചത്.
ബുധനാഴ്ച വൈകുന്നേരം കർണാടക തലസ്ഥാനമായ ബംഗളൂരു നഗരത്തെ നടുക്കിയുണ്ടായ മതിൽ ഇടിഞ്ഞുള്ള അപകടത്തിൽ ഏഴു പേരാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞുവീണാണ് ദാരുണമായ ഈ ദുരന്തം സംഭവിച്ചത്. മരിച്ച ഏഴുപേരിലാണ് എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവർ ഉൾപ്പെട്ടത്. പരിക്കേറ്റ പ്രീത, സിജി, മായ എന്നിവർ ചികിത്സയിലാണ്.
ബുധനാഴ്ച വൈകിട്ട് ബംഗളൂരുവിൻ്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം നീണ്ടുനിന്ന അതിശക്തമായ മഴയാണ് നാശനഷ്ടങ്ങൾ വിതച്ചത്. ശിവാജി നഗർ, സിൽക്ക് റോഡ് തുടങ്ങിയ മേഖലകളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.
മഴ കനത്തതോടെ ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള പഴക്കമേറിയ ചുറ്റുമതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിരവധി പേർ മഴ നനയാതിരിക്കാൻ അഭയം പ്രാപിച്ചിരുന്നു. ഈ സമയത്താണ് പെട്ടെന്ന് മതിൽ ഇടിഞ്ഞുവീണത്. ഇതോടെയാണ് മലയാളികളായ രണ്ടുപേർക്ക് പുറമെ മറ്റ് അഞ്ചുപേർ കൂടി ഈ അപകടത്തിൽ ജീവൻ നഷ്ട്ടമായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR