രാജ്യത്ത് വാണിജ്യ പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി.
Ernakulam , 01 മെയ് (H.S.) രാജ്യത്ത് വാണിജ്യ പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വർധനവാണുണ്ടായത്. പുതിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു. ഇതോടെ വാണിജ്യ സിലിണ്ടർ വില ചരിത്രത്തി
LPG


Ernakulam , 01 മെയ് (H.S.)

രാജ്യത്ത് വാണിജ്യ പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വർധനവാണുണ്ടായത്. പുതിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു. ഇതോടെ വാണിജ്യ സിലിണ്ടർ വില ചരിത്രത്തിലാദ്യമായി 3000 രൂപ കടന്നു. ഇത്രയും വലിയൊരു വർധന ഒറ്റത്തവണ ഉണ്ടാകുന്നത് വിപണിയിൽ വളരെ അപൂർവമാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസമായി.

കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് ഇത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമായി ഉയർന്നു. തുടർച്ചയായുള്ള വില വർധന ഹോട്ടൽ, റെസ്റ്റോറൻ്റ്, വഴിയോര കച്ചവട മേഖലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.

ഹോട്ടൽ ഭക്ഷണവില ഉയരുംപുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ വ്യാപാരികളുടെ പ്രവർത്തനച്ചെലവ് കുത്തനെ വർധിക്കും. ഇത് മറികടക്കാൻ ഹോട്ടൽ ഭക്ഷണവില കൂട്ടാൻ വ്യാപാരികൾ നിർബന്ധിതരാകും. അമിതവില ഹോട്ടലുകളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റുമെന്ന ആശങ്കയും ഉടമകൾക്കുണ്ട്.

നാട്ടിൻപുറങ്ങളിലെ ബേക്കറികൾ, കാറ്ററിങ് സർവീസുകൾ, ചെറുകിട തട്ടുകടകൾ എന്നിവയെയും ഈ വില വർധന സാരമായി ബാധിക്കും. ചെലവ് കുറയ്ക്കാനായി പാചകവാതക ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാർ. പല ചെറുകിട ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെയും ദൈനംദിന ചെലവ് വലിയ അളവിൽ കൂടും. സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ട്.

തുടർച്ചയായ വിലക്കയറ്റംഇതിനുമുമ്പും രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് പലവട്ടം വില കൂട്ടിയിരുന്നു. ഏപ്രിൽ ഒന്നിന് 195.50 രൂപയാണ് വർധിപ്പിച്ചത്. ഇതിന് മുൻപ് ജനുവരി ഒന്നിന് 111 രൂപ കൂടി. മാർച്ച് ഒന്നിന് 31 രൂപയും മാർച്ച് ഏഴിന് 115 രൂപയും കൂട്ടി. തുടർച്ചയായ വർധനവുകൾക്ക് പിന്നാലെയാണ് വ്യാപാരികൾക്ക് വലിയ തിരിച്ചടിയായി ഇപ്പോഴത്തെ പുതിയ നിരക്ക് വന്നത്.

എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വിലയിൽ മാറ്റങ്ങൾ വരുത്തുന്നത്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവില പരിഗണിച്ചാണ് ഈ മാറ്റം. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികൾ വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യത്തെ പ്രധാന പൊതുമേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ സംയുക്തമായാണ് വില പുതുക്കാറുള്ളത്. വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ വിമാന ഇന്ധന നിരക്കിലും ഇന്ന് മുതൽ മാറ്റംവരുത്തിയിട്ടുണ്ട്.

ഗാർഹിക മേഖലയ്ക്ക് ആശ്വാസംഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വില വിപണിയിൽ കൂട്ടിയിട്ടില്ല. കോഴിക്കോട്ട് 921.5 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. തിരുവനന്തപുരത്ത് 922 രൂപയും കൊച്ചിയിൽ 920 രൂപയുമാണ് വില. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഗാർഹിക പാചകവാതകത്തിന് വില കൂട്ടാത്തതെന്നാണ് വിലയിരുത്തൽ. ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ എന്നിവയുടെ വില തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണക്കമ്പനികൾ കൂട്ടുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമായിരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന പ്രചാരണം കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം ഭാഗികമായി തള്ളിയിരുന്നു.

വില മാറ്റമില്ലാത്തതിനൊപ്പം ഉജ്ജ്വല പദ്ധതിയിലുള്ള ഗുണഭോക്താക്കൾക്ക് കൂടുതൽ കാലത്തേക്ക് പ്രത്യേക സബ്സിഡി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ദൈനംദിന ജീവിത ചെലവുകളെ പിടിച്ചുനിർത്താൻ ഈ നടപടി സഹായകരമാകും.

വ്യാപാരികളുടെ ആശങ്ക

തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ പൂർണമായി മടങ്ങിയെത്തിയിട്ടില്ല. ഇത് കേരളത്തിലെ ഹോട്ടൽ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. തൊഴിലാളി ക്ഷാമത്തിന് പുറമെയാണ് പാചകവാതക വിലയിലെ വർധന. നിത്യോപയോഗ സാധനങ്ങളുടെ വിലയും ദിനംപ്രതി കുതിച്ചുയരുകയാണ്. വർധിച്ച സാമ്പത്തിക ബാധ്യത ഭാവിയിൽ നേരിട്ട് ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരും. പാചകവാതക വില വർധന ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും തയാറാകണമെന്ന് വ്യാപാരികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News