Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 മെയ് (H.S.)
സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്കിൽപ്പെടുന്ന ചെറുതന പഞ്ചായത്തിനെ തെരഞ്ഞെടുത്തു. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തുവിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് റിപ്പോർട്ട് (പിഐഎ റിപ്പോർട്ട്) പ്രകാരമാണ് ചെറുതന പഞ്ചായത്ത് ഒന്നാമത് എത്തി നിൽക്കുന്നത്. ഒമ്പത് മാനദണ്ഡങ്ങളിലെ ഗ്രേഡ് പ്രകാരമാണ് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. 12855 പേരാണ് പഞ്ചായത്തിലെ മൊത്തം താമസക്കാരായുള്ളത്.
ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമാർഗവും, ആരോഗ്യാവസ്ഥ, ശിശു സൗഹൃദം, ശുചിത്വം, സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സുരക്ഷിതത്വം, സംഭരണം എന്നീ മാനദണ്ഡങ്ങളിൽ പഞ്ചായത്തിന് എ ഗ്രേഡ് ലഭിച്ചു. ശുദ്ധജലലഭ്യത, വനിതാ സൗഹൃദം എന്നിവയിൽ ബി ഗ്രേഡും ലഭിച്ച പഞ്ചായത്തിൻ്റെ പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് സ്കോർ 80.90മാണ്. ശുദ്ധജലലഭ്യത ഏറ്റവുമുള്ള പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ തിരുപുറം ഗ്രാമപഞ്ചായത്തും ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമാർഗവുമുള്ള മികച്ച പഞ്ചായത്തായി കടലുണ്ടിയും തെരഞ്ഞെടുക്കപ്പെട്ടു. ശിശുസൗഹൃദത്തിൽ മികവ് പുലർത്തിയതിന് ഒറ്റൂർ ഒന്നാം സ്ഥാനത്തെത്തി.
മികച്ച ആരോഗ്യാവസ്ഥയുള്ള പഞ്ചായത്തായി പത്തനംതിട്ട ജില്ലയിലെ നിരണത്തെയും ശുചിത്വത്തിൽ മികവ് പുലർത്തിയതിന് പാലക്കാട് ജില്ലയിലെ തൃത്താല പഞ്ചായത്തുമാണ് ഒന്നാമതെത്തിയത്. മികച്ച അടിസ്ഥാന സൗകര്യമുള്ള പഞ്ചായത്തായി കോട്ടയം ജില്ലയിലെ മേലുകാവിനെയും സാമൂഹ്യ സുരക്ഷിതത്വത്തിൽ മികവ് പുലർത്തിയതിന് കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിനെയും തെരഞ്ഞെടുത്തു. സദ്ഭരണത്തിൽ കണ്ണൂർ ജില്ലയിലെ കുരുമാത്തൂരും വനിതാ സൗഹൃദത്തിന് തിരുവനന്തപുരം ജില്ലയിലെ കോട്ടുകാലും മികച്ച ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് സ്കോർ പ്രകാരം (പിഐഎ സ്കോർ) ചെറുതന, കുമാരപുരം, പുതുക്കാട്, വിളപ്പിൽ, താഴേക്കോട്, ഇരിക്കൂർ, കോട്ടുകാൽ, മല്ലപ്പള്ളി, എഴുമാറ്റൂർ, തിരുപുരം എന്നീ പഞ്ചായത്തുകൾ സംസ്ഥാനത്തെ ആദ്യ പത്ത് പഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഇടമലക്കുടി, ആരങ്കാവ്, അമ്പലപ്പുഴ സൗത്ത്, കൊടുമ്പ, ദേവികുളം, ആലക്കോട്, കണ്ണാടി, ചേർത്തല സൗത്ത്, തേങ്കുറിശി, ചമ്പക്കുളം എന്നിവ അവസാന നിരയിലുള്ള പത്ത് പഞ്ചായത്തുകളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാമത്
രാജ്യത്ത് മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. ഒന്നാം സ്ഥാനത്ത് ത്രിപുരയും മൂന്നാം സ്ഥാനത്ത് ഒറീസയുമാണുള്ളത്. മന്ത്രാലയത്തിന്റെ പഠനത്തോട് സഹകരിക്കാൻ പശ്ചിമബംഗാൾ തയ്യാറായില്ല. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം, ജലസേചനം, ശുചിത്വം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം കണക്കിലെടുത്തുള്ള വികസനം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിങ് നിശ്ചയിച്ചത്.
941 പഞ്ചായത്തുകളുള്ള കേരളത്തിൽ 95 പഞ്ചായത്തുകൾക്കും (10 ശതമാനം) എ ഗ്രേഡും 840 പഞ്ചായത്തുകൾക്ക് ബി ഗ്രേഡും ആറ് പഞ്ചായത്തുകൾക്ക് സി ഗ്രേഡുമാണ് ലഭിച്ചത്. 1176 പഞ്ചായത്തുകളുള്ള ത്രിപുരയിലെ 943 ഗ്രാമപഞ്ചായത്തുകളും (80 ശതമാനം) എ ഗ്രേഡ് കരസ്ഥമാക്കി. 233 പഞ്ചായത്തുകൾക്കും ബി ഗ്രേഡ് ലഭിച്ചു. ഒഡിഷയിൽ ആകെയുള്ള 6794 പഞ്ചായത്തുകളിൽ 555 എണ്ണത്തിനാണ് എ ഗ്രേഡും 4566 പഞ്ചായത്തുകൾക്ക് ബി ഗ്രേഡും 1627 പഞ്ചായത്തുകൾക്ക് സി ഗ്രേഡും 46 എണ്ണത്തിന് ഡി ഗ്രേഡും ലഭിച്ചു.
റാങ്കിങിൽ ഏറ്റവും പിന്നിലുള്ളത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഹരിയാണ, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവയാണ്. റാങ്കിങിൽ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയാണ്.
പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് (പിഐഎ)
താഴെത്തട്ടിലുള്ള ഭരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് തയാറാക്കുന്നത്. 112 സൂചകങ്ങളാണ് പഠനത്തിനായി മുന്നോട്ട് വച്ചത്. ദാരിദ്ര്യനിർമാർജനം, ജീവനോപാധി കണ്ടെത്തൽ എന്നീ വിഭാഗങ്ങളിൽ നേട്ടമുണ്ടാക്കിയത് 3313 പഞ്ചായത്തുകളാണ്.
ആരോഗ്യപരമായ ജീവിതസാഹചര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചവയിൽ 1015 പഞ്ചായത്തുകളുണ്ട്.രാജ്യത്താകെ 2,59,867 പഞ്ചായത്തുകളാണ് പഠനപ്രക്രിയയുടെ ഭാഗമായത്. ഇവയിൽ റാങ്കിങിൽ ഏറ്റവും മുന്നിലെത്തിയത് 3635 പഞ്ചായത്തുകളാണ്. മികച്ച പ്രകടനം കാഴ്ച വച്ച 1,18,824 പഞ്ചായത്തുകളുണ്ട്. പ്രതീക്ഷ നൽകുന്ന പഞ്ചായത്തുകൾ 1,23,719ഉം തുടക്കക്കാരായ 13,689 പഞ്ചായത്തുകളുമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR