Enter your Email Address to subscribe to our newsletters

Thiruvananthapuram, 01 മെയ് (H.S.)
നാലര പതിറ്റാണ്ടുകാലത്തെ ഉറ്റ സൗഹൃദമാണ് ഡിജോ കാപ്പനുമായി ഉണ്ടായിരുന്നത്.
എ ഐ എസ് എഫിൻ്റെ സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ചിരുന്ന നാളുകളിൽ കേരളത്തിലെ മുഖ്യ വിദ്യാർത്ഥി യുവജന സംഘടനകൾ ഒരുമിച്ചു ചേർന്ന് നിരവധി പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സമര രംഗത്തിറങ്ങിയിരുന്നു. അന്ന് കേരള സർവകലാശാലാ യൂണിയൻ്റെ ജനറൽ സെക്രട്ടറിയും കേരള സ്റ്റുഡൻ്റ്സ് കോൺഗ്രസ് നേതാവുമായിരുന്ന ഡിജോ കാപ്പനുമായി ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള ധാരാളം അവസരങ്ങളുണ്ടായി.1981 ൽ മാർക്ക് തട്ടിപ്പിനെതിരെ യൂണിവേഴ്സിറ്റി ഓഫീസിനുള്ളിൽ കയറി സമരം ചെയ്ത വിദ്യാർത്ഥികൾ ഭീകരമായ മർദ്ദനത്തിനിരയായ സംഭവമൊക്കെ ഈ അവസരത്തിൽ ഓർമ്മ വരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ പ്രക്ഷോഭങ്ങൾ നയിച്ച ആ കാലഘട്ടത്തിൽ ഡിജോ കാപ്പൻ ഉശിരുള്ള വിദ്യാർത്ഥി പ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. ഒരു മികച്ച സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി രംഗത്തു നിന്ന് ചുവടുമാറിയ കാപ്പൻ പിന്നീട് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായെങ്കിലും പിന്നീട് അവിടെ നിന്ന് വഴി മാറി നടക്കുന്നതാണ് കണ്ടത്. പക്ഷെ അത് കാപ്പൻ്റെ അതുവരെ പരിചിതമല്ലാത്ത മറ്റൊരു മുഖം വെളിച്ചത്തുകൊണ്ടുവന്നു. കേരളത്തെ സംബന്ധിച്ച പല സാമൂഹിക /വികസന പ്രശ്നങ്ങളെയും കുറിച്ച് ഗവേഷണ ബുദ്ധിയോടെ പഠിച്ച് പൊതുവേദികളിൽ അവതരിപ്പിക്കുന്ന ഒരു വിദഗ്ധനായി മാറിയ ഡിജോ കാപ്പനുമായി പല വേദികളും പങ്കിടാൻ എനിക്കു സാധിച്ചു. അപ്പോഴൊക്കെ എൻ്റെ സുഹൃത്തിൻ്റെ, സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കാനും ആഴത്തിൽ പഠിച്ച് വിഷയങ്ങൾ അവതരിപ്പിക്കാനുമുള്ള കഴിവും വൈദഗ്ദ്ധ്യവുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു.
രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കാൻ കാപ്പന് ഒരു പ്രത്യേക കഴിവു തന്നെയു ണ്ടായിരുന്നു. പണ്ട് ഉണ്ടായിരുന്ന അതേ ഊഷ്മളതയോടെയാണ് കാപ്പൻ ഏറ്റവും ഒടുവിൽ കണ്ടപ്പോഴും പെരുമാറിയതെന്നോർക്കുന്നു. അന്നത്തെ വിദ്യാർത്ഥി യുവജന പ്രവർത്തകരായ ഞങ്ങൾക്കെല്ലാം ഏറ്റവും അടുത്ത ഒരു സുഹൃത്തിനെയോ, ഉറ്റ ബന്ധുവിനെയോ ആണ് ഡിജോ കാപ്പൻ്റെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S