Enter your Email Address to subscribe to our newsletters

Thrissur , 01 മെയ് (H.S.)
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പപ്പാനെ ചവിട്ടി കൊന്നു. രണ്ടാം പപ്പാൻ ശ്രീകുട്ടനാണ് (25) മരിച്ചത്. ഇന്ന് (മെയ് 1) ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന തെറ്റിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേർ വീഴുകയും ചെയ്തു. ഉടൻ തന്നെ പാപ്പാൻ മാർ ആനയെ നിയന്ത്രിച്ച് ആനകളെ കെട്ടിയിരുന്ന ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു.
എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. അക്രമണത്തിൽ പാപ്പാൻമാരായ അമൽ (28) ശ്രീകുട്ടൻ (25) എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീകുട്ടൻ മരണപെടുകയായിരുന്നു.
അതേസമയം ഇന്ന് രാവിലെ ആങ്കമാലിയിൽ ആന ഇടഞ്ഞ് ഒരാൾ മരിച്ചിരുന്നു. ലോറി ഡ്രൈവറായ കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് എത്തിച്ച അരുണിമ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.
വിരണ്ടോടിയ ആനയെ തളയ്ക്കാൻ വിഷ്ണു പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ വിഷ്ണുവിനെ ആന തുമ്പിക്കൈകൊണ്ടടിച്ച് വീഴ്ത്തി. തുടർന്ന് നിലത്തുവീണ ഇയാളെ ക്രൂരമായി ചവിട്ടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ വിഷ്ണു മരിച്ചു. ഏറെക്കാലമായി ഇതേ ആനയ്ക്കൊപ്പം ജോലി ചെയ്യുന്നയാളാണ് മരിച്ച വിഷ്ണു.
നിയന്ത്രണങ്ങൾ കർശനമാക്കുംആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിയമങ്ങൾ പാലിക്കണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു. സർക്കാരും കോടതിയും പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ജനവാസ മേഖലകളിൽ ആനകളെ കൊണ്ടുവരുമ്പോൾ ഉയർന്ന ജാഗ്രത പാലിക്കണം. ഉത്സവ സീസണുകൾ കണക്കിലെടുത്ത് ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക സുരക്ഷ ഒരുക്കാൻ പൊലീസിനോട് കലക്ടർ നിർദേശിച്ചു.
ഇടഞ്ഞ ആനയുടെ പെരുമാറ്റ രീതികൾ വരുംദിവസങ്ങളിലും നിരീക്ഷിക്കും. ഇതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഭരണകൂടം വ്യക്തമാക്കി. ആനകളെ പരിപാലിക്കുന്ന കാര്യത്തിൽ പാപ്പാന്മാർക്കും ഉടമകൾക്കും കൃത്യമായ ബോധവത്കരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ആനകളുടെ ആരോഗ്യനില പരിശോധിക്കാൻ പ്രത്യേക ദൗത്യസംഘത്തെയും നിയമിക്കും. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ജാഗ്രത വേണമെന്ന അധികൃതരുടെ മുന്നറിയിപ്പുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR