Enter your Email Address to subscribe to our newsletters

Malappuram , 01 മെയ് (H.S.)
മലപ്പുറം ജില്ല വിഭജിക്കണം എന്ന പ്രമേയം അവതരിപ്പിച്ച് യൂത്ത് ലീഗ്. മുസ്ലീം ലീഗിന്റെ മുതിര്ന്ന നേതാക്കള് ഉള്പ്പടെ പങ്കെടുത്ത തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ജില്ല വിഭജിക്കണം എന്ന പ്രമേയം അവതരിപ്പിച്ചത്.
മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണം എന്നാണ് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്.
തിരൂരങ്ങാടി, മലപ്പുറം എന്നിങ്ങനെയായി രണ്ട് ജില്ലകള് രൂപീകരിക്കണം എന്നാണ് പ്രമേയത്തിലെ ആവശ്യം. മലപ്പുറം ജില്ലയിലെ ജനങ്ങള്ക്ക് വികസനം നേരിട്ട് എത്താന് ജില്ല വിഭജിക്കണം എന്നാണ് പ്രമേയത്തില് പറയുന്നത്. തിരൂര്, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലുക്കുകള് ഉള്പ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായിട്ട് ഒരു ജില്ലയും എറനാട്, പെരിന്തല്മണ്ണ താലൂക്കുകള് ഉള്പ്പെടുത്തി മലപ്പുറം എന്ന ജില്ലയും രൂപീകരിക്കണമെന്നാണ് പ്രമേയത്തില് പറയുന്നത്.
വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തില് പറയുന്നു. ജില്ലയ്ക്ക് കിട്ടാതെ പോവുന്ന ആനുകൂല്യങ്ങള് വാങ്ങിയെടുക്കാന് ജില്ല വിഭജിക്കണം എന്നാണ് പ്രമേയത്തില് യൂത്ത് ലീഗ് പറയുന്നത്. അതേസമയം ജില്ലാ വിഭജനത്തില് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ നിലപാടൊന്നും അറിയിച്ചിട്ടില്ല.
ഇക്കാര്യത്തില് പാര്ട്ടി നിലപാട് എന്താണ് എന്നും അറിയേണ്ടതുണ്ട്. ഇതാദ്യമായല്ല മലപ്പുറം ജില്ല വിഭജനം എന്ന ആവശ്യം ഉയരുന്നത്. നേരത്തെ സമസ്ത, കേരള മുസ്ലീം ജമാഅത്ത് എന്നീ സംഘടനകളും മലപ്പുറം ജില്ല വിഭജിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തിരൂര്, മലപ്പുറം എന്നിങ്ങനെയായി ജില്ല വിഭജിക്കണം എന്നായിരുന്നു ആവശ്യം. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം എന്നായിരുന്നു സമസ്ത പറഞ്ഞത്.
മലപ്പുറം പോലുള്ള വലിയ ജില്ലകളില് ഭരണനിര്വഹണം കൂടുതല് കാര്യക്ഷമമാക്കുന്നതിനും വിഭവങ്ങള് തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അനിവാര്യമാണെന്നായിരുന്നു നൂറാം വാര്ഷികത്തില് സമസ്ത പ്രമേയം പാസാക്കിയത്. ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിക്കുമ്പോള് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പ്രശ്നങ്ങളുണ്ടെന്ന് സമസ്ത ചൂണ്ടിക്കാട്ടി.
പുതിയ ജില്ലകള് രൂപീകരിക്കുന്നതിലൂടെ സിവില് സ്റ്റേഷനുകള്, ആശുപത്രികള് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള് ജനങ്ങളിലേക്ക് വേഗത്തില് എത്തും എന്നും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്ച്ചയ്ക്ക് അത് കരുത്തേകും എന്നുമാണ് ജില്ലാ വിഭജനത്തിനായി വാദിക്കുന്നവര് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് നയിച്ച കേരള യാത്ര മലപ്പുറത്ത് എത്തിയപ്പോള് കേരള മുസ്ലിം ജമാഅത്തും സമാന ആവശ്യം ഉന്നയിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR