Enter your Email Address to subscribe to our newsletters

Idukki , 01 മെയ് (H.S.)
പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവം ഭക്തിസാന്ദ്രമായി. ചൈത്ര മാസത്തിലെ ചിത്തിര നാളിലെ പൗർണമി ദിനത്തിൽ മാത്രമാണ് ഈ ക്ഷേത്രം ഭക്തർക്കായി തുറക്കാറുള്ളത്. അതു കൊണ്ടുതന്നെ ആയിരക്കണക്കിന് ഭക്തരാണ് ഒരുക്കങ്ങൾ പൂർത്തിയാക്കി ഇവിടേക്ക് എത്തിയത്.
വനത്തിനുള്ളിലെ ചരിത്ര പ്രസിദ്ധമായ കണ്ണകി ക്ഷേത്രത്തിലേക്ക് വൻ ഭക്തജനപ്രവാഹമാണ് ഉണ്ടായത്. കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇത്തവണയും ഈ മഹോത്സവം അതിവിപുലമായി സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ഭക്തരുടെ ആശ്രയ കേന്ദ്രമായ ഈ ക്ഷേത്രത്തിലെ ദർശനം തികച്ചും സവിശേഷമായ ഒരു അനുഭവമാണ്.
ചരിത്രമുറങ്ങുന്ന ക്ഷേത്രംആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഇവിടെ ഒരേസമയം കേരള, തമിഴ്നാട് രീതികളിലുള്ള പൂജാകർമങ്ങൾ ഭക്തിയോടെ നടന്നു. ചിത്രാപൗർണമി പ്രമാണിച്ച് പുലർച്ചെ അഞ്ചരയോടെയാണ് ക്ഷേത്രനട തുറന്നത്. തുടർന്ന് വളരെ വേഗത്തിൽ ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചു.
മംഗളാദേവി പ്രതിഷ്ഠയുള്ള ആദ്യ ശ്രീകോവിലിലും പെരുമാൾ കോവിലുകളിലുമാണ് കേരളരീതിയിലുള്ള പൂജകൾ നടന്നത്. ഇതിൽ ഗണപതി, ശിവപാർവതീ സങ്കൽപത്തിലുള്ള പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. തന്ത്രി സൂര്യകാലടി മന ജയസൂര്യൻ ഭട്ടതിരിപ്പാടും മേൽശാന്തി മൂലത്തടം എം എൻ നാരായണൻ നമ്പൂതിരിയും ഈ പൂജകൾക്ക് കാർമികത്വം വഹിച്ചു.
തൊട്ടടുത്തുള്ള രണ്ടാമത്തെ ശ്രീകോവിലിലാണ് തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടന്നത്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള രാജരാജ ചോളൻ നിർമിച്ചതെന്നു കരുതപ്പെടുന്ന ഗുഹാകവാടവും ഈ ക്ഷേത്ര സമുച്ചയത്തിൻ്റെ പ്രധാന ആകർഷണമാണ്. വർഷത്തിൽ ഒരു ദിവസം മാത്രം തുറക്കുന്ന ക്ഷേത്രമായതിനാൽ അതിരാവിലെ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
കാടും ദുർഘടമായ മലയും താണ്ടിയാണ് ഭക്തർ ക്ഷേത്രത്തിൽ എത്തിയത്. ലക്ഷ്യസ്ഥാനത്തേക്കുള്ള കാനനയാത്ര ഭക്തർക്ക് വല്ലാത്തൊരു ആത്മീയ അനുഭൂതിയാണ് സമ്മാനിച്ചത്. മണിക്കൂറുകളോളം വരി നിന്നാലും ദർശനം ലഭിക്കുന്നതിൻ്റെ വലിയ ആശ്വാസം ഭക്തരുടെ മുഖത്ത് പ്രകടമായിരുന്നു.
സുരക്ഷാ സജ്ജീകരണങ്ങൾഇടുക്കി, തേനി ജില്ല ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇത്തവണയും ഉത്സവ ചടങ്ങുകൾ പൂർത്തിയാക്കിയത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലേയും വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിച്ചു. പൊലീസ്, റവന്യു, വനം, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുടെ മികച്ച ഏകോപനം ഇവിടെ കണ്ടു. തുടങ്ങൽ മുതൽ അവസാനം വരെ അഗ്നിരക്ഷാ സേനാംഗങ്ങളും മികച്ച സേവനമാണ് കാഴ്ചവച്ചത്.
വനത്തിനുള്ളിലൂടെയുള്ള നീണ്ട യാത്രയായതിനാൽ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം വഴിനീളെ ഒരുക്കിയിരുന്നു. കുടിവെള്ളം, ഭക്ഷണം, ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ കൃത്യമായി സജ്ജമാക്കി. പുതിതായി എത്തുന്ന ഭക്തർക്ക് വഴി തെറ്റാതിരിക്കാൻ മലയാളത്തിലും തമിഴിലുമുള്ള ദിശാസൂചന ബോർഡുകളും പ്രത്യേകം സ്ഥാപിച്ചിരുന്നു. ദൂരദേശങ്ങളിൽ നിന്നും ദർശനത്തിന് എത്തിയവർക്ക് ഇത് വലിയ തോതിൽ ആശ്വാസമായി മാറി.
ക്ഷേത്രത്തിലും കാനന പാതയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇതിൻ്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളെ നേരിടാൻ ദുരന്ത നിവാരണ യൂണിറ്റിനെയും പ്രത്യേകം സജ്ജമാക്കി. ആംബുലൻസ് സൗകര്യത്തോടു കൂടിയ മെഡിക്കൽ സംഘങ്ങളെയും വിവിധ പോയിൻ്റുകളിൽ വിന്യസിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പെട്ടെന്ന് ഇടപെടാൻ ഉദ്യോഗസ്ഥരും സദാ ജാഗരൂകരായിരുന്നു.
ഇടുക്കി ജില്ല കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ല പൊലീസ് മേധാവി കെ എം സാബു മാത്യു എന്നിവർ ക്ഷേത്രം സന്ദർശിച്ചു. ഇവരെക്കൂടാതെ സബ് കലക്ടർ അനൂപ് ഗാർഗ്, എഡിഎം എസ് ശ്രീജിത്ത് എന്നിവരും ക്ഷേത്രത്തിൽ എത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാറും ദർശനത്തിനെത്തി. ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് കാര്യങ്ങൾ വിലയിരുത്തുകയും എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച നേതൃത്വം നൽകുകയും ചെയ്തു. വൈകുന്നേരത്തോടെ ദർശന സമയവും ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും പൂർണമായി പരിസമാപ്തിയിലെത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR