Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 മെയ് (H.S.)
ആഗോളതലത്തിൽ ഊർജ ആശങ്കകൾക്കിടയിലും വാണിജ്യ എൽപിജി വിലവർധനവിനെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അന്താരാഷ്ട്ര വിലകൾ എത്രമാത്രം വർധിച്ചുവെന്ന് പൊതുജനങ്ങൾ പരിഗണിക്കണമെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി പറഞ്ഞു.
അതേസമയം, പെട്രോൾ, ഡീസൽ വില വർധിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.“ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ എത്രമാത്രം വില ഉയർന്നുവെന്ന് ദയവായി പരിശോധിക്കുക. ഈ പരിധി വരെ ഞങ്ങൾക്ക് പിടിച്ചുനിർത്താൻ കഴിയും” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാണിജ്യ പാചകവാതക വില കുത്തനെ കൂട്ടി
പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ആഗോള ഊർജ്ജ വിലയിലെ വർധനവ് കാരണം വാണിജ്യ എൽപിജി വില ഉയര്ന്നിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന് 993 രൂപയായാണ് ഉയർന്നത്. തുടർച്ചയായ മൂന്നാമത്തെ പ്രതിമാസ വർധനവാണിത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് ഇത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമായി ഉയർന്നു. തുടർച്ചയായുള്ള വില വർധന ഹോട്ടൽ, റെസ്റ്റോറൻ്റ്, വഴിയോര കച്ചവട മേഖലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.
ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ എൽപിജി സിലിണ്ടറിന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ വ്യാപാരികളുടെ പ്രവർത്തനച്ചെലവ് കുത്തനെ വർധിക്കുന്നതിന് കാരണമാകും. ഇത് മറികടക്കാൻ ഹോട്ടൽ ഭക്ഷണവില കൂട്ടാൻ വ്യാപാരികൾ നിർബന്ധിതരാകാനും സാധ്യതയുണ്ട്. അമിതവില ഹോട്ടലുകളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റുമെന്ന ആശങ്കയും ഉടമകൾക്കുണ്ട്.
നാട്ടിൻപുറങ്ങളിലെ ബേക്കറികൾ, കാറ്ററിങ് സർവീസുകൾ, ചെറുകിട തട്ടുകടകൾ എന്നിവയെയും ഈ വില വർധന സാരമായി ബാധിക്കും. ചെലവ് കുറയ്ക്കാനായി പാചകവാതക ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാർ. പല ചെറുകിട ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെയും ദൈനംദിന ചെലവ് വലിയ അളവിൽ കൂടും. സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ട്.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില മൂന്നു തവണ വർധിപ്പിച്ചിട്ടുണ്ട്. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ 1 ന് ഏകദേശം 200 രൂപയും വർധിപ്പിച്ചു. എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടർ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വർധനവ് കൂടി വന്നിരിക്കുന്നത്. എൽപിജി ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR