Enter your Email Address to subscribe to our newsletters

Chennai , 10 മെയ് (H.S.)
കന്നി അങ്കത്തിൽ വിജയക്കൊടി പാറിച്ച് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് അഭിനന്ദനവുമായി കോണ്ഗ്രസ് നേതൃത്വം. സംസ്ഥാനം പുതിയ തലമുറയെയും ഒരു പുതിയ ശബ്ദത്തെയും ഒരു പുതിയ ഭാവനയെയും തെരഞ്ഞെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ചെന്നൈയിൽ നടന്ന വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളും രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തു.
60 വർഷത്തിനിടെ ആദ്യമായാണ് തമിഴ്നാട്ടിൽ ഡിഎംകെ, എഐഎഡിഎംകെ ഇതര സർക്കാർ ഭരണത്തിന് തുടക്കമിടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് ആശംസകൾ നേർന്ന കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, വിജയ്യുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക അവബോധത്തെ ദീർഘകാലമായി വിഭാവനം ചെയ്ത ആദർശങ്ങൾ വീണ്ടും തുടരുമെന്ന് തനിക്ക് വിശ്വാസമുള്ളതായി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ടിവികെ വിജയ്ക്കും തമിഴ്നാട് വെട്രി കഴകം പാർട്ടിക്കും മുഴുവൻ പുരോഗമന സഖ്യത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നുവെന്ന് ഖാർഗെ എക്സിൽ കുറിച്ചു. ഈ സർക്കാരിൻ്റെ രൂപീകരണം ആത്മാഭിമാനം, സാമൂഹിക നീതി, ശാക്തീകരണം, യുക്തിസഹമായ ചിന്ത എന്നിവയുടെ ശക്തിയെ വീണ്ടും ഊട്ടു ഉറപ്പിക്കുന്നുവെന്നും ഇവ തമിഴ്നാടിൻ്റെ രാഷ്ട്രീയ, സാമൂഹിക അവബോധത്തെ വളരെക്കാലമായി നിർവചിച്ച മൂല്യങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെരിയാറും കാമരാജറും രൂപപ്പെടുത്തിയ പാരമ്പര്യമാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.
തമിഴ്നാട്ടിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ ടിവികെയിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്. വിജയ്യുടെ നേതൃത്വത്തിൽ, ഈ ആദർശങ്ങൾ ഭരണത്തെ നയിക്കുകയും രാജ്യത്തെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഖാർഗെ പറഞ്ഞു.അനുകമ്പയോടും, പ്രതിബദ്ധതയോടും കൂടി ജനങ്ങളെ സേവിക്കുവാൻ പുതിയ സർക്കാരിന് കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും കോൺഗ്രസ് മേധാവി പറഞ്ഞു.
തൻ്റെ ആദ്യ പ്രസംഗത്തിൽ, താൻ ഒരു രാജകീയ വംശത്തിൽ നിന്ന് വന്ന ആളല്ലെന്നും ആളുകൾ തന്നെ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തുവെന്നും വിജയ് പറഞ്ഞു. തെറ്റായ വാഗ്ദാനങ്ങൾ നൽകി ആളുകളെ വഞ്ചിക്കില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. വിജയ്യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖർ, ശോഭ, പ്രമുഖ നടി തൃഷ തുടങ്ങി നിരവധി പ്രമുഖർ ചെന്നൈയിലെ വിശാലമായ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
തമിഴ്നാട് നിയമസഭയിൽ 118 എന്ന മാന്ത്രിക ഭൂരിപക്ഷം മറികടക്കാൻ വിജയ് നിരവധി പാർട്ടികളുടെ പിന്തുണ തേടിയിരുന്നു. ഇന്നലെ വിതുത്തലൈ ചിരുതൈഗൽ കക്ഷി (വിസികെ) യുടെയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റേയും (ഐയുഎംഎൽ) നാല് എംഎൽഎമാരുടെ പിന്തുണ നേടാൻ വിജയ്ക്ക് കഴിഞ്ഞതോടെ ഗവർണർ അദ്ദേഹത്തെ മുഖ്യമന്ത്രിയായി നിയമിച്ചു. ഇതിലൂടെ തെക്കൻ സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള വലിയ ഒരു അനിശ്ചിതത്വത്തിനാണ് അറുതി വന്നത്. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ കോൺഗ്രസ് തങ്ങളുടെ അഞ്ച് എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR