Enter your Email Address to subscribe to our newsletters

Guwahati, 10 മെയ് (H.S.)
പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി അസം കെയർടേക്കർ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ബിജെപി നിയമസഭാ കക്ഷി നേതാവായും എൻഡിഎ നിയമസഭാ കക്ഷി നേതാവായും ഞായറാഴ്ച തിരഞ്ഞെടുത്തു. മെയ് 12-ന് രാവിലെ 11 മണിക്ക് ഹിമന്ത ബിശ്വ ശർമ്മ രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്ത് അധികാരത്തിലെത്തും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
ഇന്ന് (മെയ് 10) രാവിലെ ചേർന്ന അസം ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമ്മയെ തെരഞ്ഞെടുത്തത്. രാജിവച്ച ബിജെപി എംഎൽഎമാരായ രഞ്ജീത് കുമാർ ദാസ്, അജന്ത നിയോഗ്, അശോക് സിംഗാൾ, പിജുഷ് ഹസാരിക എന്നിവരുൾപ്പെടെ എട്ട് ബിജെപി നിയമസഭാംഗങ്ങൾ നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമ്മയുടെ പേര് നിർദേശിച്ചു എന്ന് ജെ പി നദ്ദ പറഞ്ഞു. കേന്ദ്ര നിരീക്ഷകനായി ജെ പി നദ്ദയും സഹ നിരീക്ഷകനായി ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു.
എൻഡിഎ ഘടകകക്ഷികളായ അസം ഗണ പരിഷദ് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവയും ശർമ്മയുടെ നാമനിർദേശത്തെ പിന്തുണച്ചു. ഇതോടെ അദ്ദേഹത്തെ ഏകകണ്ഠമായി എൻഡിഎ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു എന്നും വ്യക്തമാക്കി. എൻഡിഎ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോ. ഹിമന്ത ബിശ്വ ശർമ്മ ലോക് ഭവനിലെത്തി അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
നന്ദിയറിയിച്ച് ഹിമന്ത ബിശ്വ ശർമ്മ
സഖ്യ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എൻഡിഎ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്ത ശർമ്മ, തെരഞ്ഞെടുപ്പിലെ ജനവിധിക്ക് സംസ്ഥാനത്തെ ജനങ്ങളോട് നന്ദി പറഞ്ഞു. ചരിത്രപരമായ ജനവിധിക്ക് ശേഷം ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഇത് അഭിമാനകരമായ നിമിഷമാണ്. ഇത് നമ്മുടെ മുൻ സർക്കാരിൻ്റെ നല്ല പ്രവർത്തനങ്ങളുടെയും അസമിൻ്റെ വികസനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയുടെയും പിന്തുണയായിരുന്നു എന്നും ശർമ്മ കൂട്ടിച്ചേർത്തു.
തുടർന്ന് എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി അടുത്ത സർക്കാർ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയതിന് എജിപിക്കും ബിപിഎഫിനും ശർമ്മ നന്ദി പറഞ്ഞു. മെയ് 12 ന് ഖാനപാര വെറ്ററിനറി കോളജിൽ പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, എൻഡിഎ നേതാക്കൾ, മറ്റ് ഉന്നത വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.
അസമിലെ തുടർച്ചയായ മൂന്നാമത്തെ എൻഡിഎ സർക്കാരാണിത്. 2016 ലാണ് അസം ഭരണകൂടത്തിൽ ആദ്യമായി ബിജെപി അധികാരത്തിലേറുന്നത്. അന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളാണ് പാർട്ടിയ്ക്ക് നേതൃത്വം നൽകിയത്. 126 അംഗ നിയമസഭയിൽ ബിജെപി 82 സീറ്റാണ് ഇത്തവണ നേടിയത്. ഘടകകക്ഷികളായ എജിപിയും ബിപിഎഫും 10 സീറ്റ് വീതവും സ്വന്തമാക്കി. മൂന്നാം തവണയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിക്കൊണ്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ, അസമിൽ പുതുചരിത്രമാണ് കുറിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR