Enter your Email Address to subscribe to our newsletters

Chennai , 10 മെയ് (H.S.)
തമിഴക മുതൽ അമൈച്ചറായി അധികാരമേറ്റതിന് പിന്നാലെ രാഷ്ട്രീയപ്പോരും കടുക്കുന്നു. എംകെ സ്റ്റാലിനുമായി തുറന്ന യുദ്ധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിജയ് നടത്തിയ പ്രഖ്യാപനങ്ങളും മുൻ സർക്കാരിനെതിരെയുള്ള വിമർശനങ്ങളുമാണ് ഇപ്പോള് ദേശിയ തലത്തിൽ ചർച്ചയാകുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി കസേരയിൽ ഇരുന്നതിന് പിന്നാലെ ഖജനാവ് കാലിയാണെന്ന പരാമർശമാണ് വിജയ് ഉന്നയിച്ചത്. എന്നാൽ പരാമർശം വന്ന് മിനിട്ടുകള്ക്കകം എംകെ സ്റ്റാലിൻ മറുപടിയും നൽകുകായിരുന്നു. തമിഴ്നാടിൻ്റെ കടം പരിധിക്കുള്ളിലാണെന്നും അനാവശ്യ വാഗ്ദാനങ്ങള് നൽകി ജനങ്ങളെ വഞ്ചിക്കരുതെന്നുമാണ് സ്റ്റാലിൻ്റെ മറുപടി. ഒപ്പം മുൻ സർക്കാർ നേരിട്ട വെല്ലുവിളികളും അതിജീവനവും എണ്ണിപ്പറഞ്ഞാണ് സ്റ്റാലിൻ്റെ മറുപടി.
''തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അധികാരമേറ്റ ശേഷം നിങ്ങൾ ഒപ്പിട്ട പ്രഖ്യാപനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. നിങ്ങൾ അത് ഏറ്റെടുത്ത ഉടൻ തന്നെ സർക്കാരിന് പണമില്ലെന്ന് പറയാൻ തുടങ്ങരുത്. അത്രയേ ഉള്ളൂ. ജനങ്ങൾക്ക് നൽകാൻ നിങ്ങൾക്ക് ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവും മാത്രമേ ആവശ്യമുള്ളൂ.
അഞ്ച് വർഷമായി കൊവിഡ്, വെള്ളപ്പൊക്കം, ബിജെപി സർക്കാരിൻ്റെ സത്യസന്ധതയില്ലായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ മറികടന്ന് ഞങ്ങൾ എണ്ണമറ്റ ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മുൻ സർക്കാർ 10 ലക്ഷം കോടി രൂപയുടെ കടം കൊണ്ട് ഖജനാവ് ശൂന്യമാക്കി' എന്ന ആരോപണം നിങ്ങൾ ആദ്യ പ്രസംഗത്തിൽ ഉന്നയിച്ചു... തമിഴ്നാടിൻ്റെ കടം അനുവദനീയമായ പരിധിക്കുള്ളിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ തമിഴ്നാട് സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി ഞങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് നിങ്ങൾക്കറിയില്ലേ? അതിനുശേഷം, നിങ്ങൾ ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകി? നിങ്ങൾക്ക് വോട്ട് ചെയ്ത് ജനങ്ങളെ വീണ്ടും വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുത്!
അധികാരത്തിലെത്തിയാൽ സാധ്യമായത് മാത്രമേ ഞാൻ വാഗ്ദാനം ചെയ്യൂ എന്നാണ് നിങ്ങള് പറഞ്ഞത്. ഇപ്പോൾ സർക്കാർ ഭരണത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റാമെന്നതിൻ്റെ സങ്കീർണതകൾ ഞങ്ങളെപ്പോലെ തന്നെ നിങ്ങൾക്കും എത്രയും വേഗം പഠിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. വോട്ട് ചെയ്ത ജനങ്ങളോടൊപ്പം ഞാനും അതുതന്നെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഭരണത്തിൻ കീഴിൽ തമിഴ്നാടിൻ്റെ വികസന യാത്ര തുടരുന്നതിന് വീണ്ടും എൻ്റെ ആശംസകൾ! എന്നാണ് സ്റ്റാലിൻ്റെ മറുപടി.
അതേസമയം ടിവികെ ഡിഎംകെ സൈബർ പോരും കടുക്കുകയാണ്. അണ്ണൻ വിജയ് പക്ഷവും മുൻ മുതലമൈച്ചർ സ്റ്റാലിൻ പക്ഷവും സൈബറിടങ്ങളിൽ ചേരി തിരിഞ്ഞ് ആക്രമണം നടത്തുകയാണ്. മാസ് ബിജിഎം ഇട്ട വിജയ് റീലുകള്ക്ക് താഴെ കമൻ്റ് ബോക്സിലാണ് പോര് കടുക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR