കളഞ്ഞു കിട്ടിയ 84500 രൂപ ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി യുവാവ്.
Malappuram , 10 മെയ് (H.S.) കളഞ്ഞു കിട്ടിയ 84500 രൂപ ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി യുവാവ്. എടവണ്ണ പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരനും പഞ്ചായത്ത് യൂത്ത് ലീഗ് മെമ്പറുമായ സൈഫുദ്ധീൻ ഐക്കാടനാണ് മാതൃകാപരമായ ഈ പ്രവർത്തനം നടത്തിയത്. പാലപ്പറ്റ
MAN RETURN LOST CASH


Malappuram , 10 മെയ് (H.S.)

കളഞ്ഞു കിട്ടിയ 84500 രൂപ ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി യുവാവ്. എടവണ്ണ പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരനും പഞ്ചായത്ത് യൂത്ത് ലീഗ് മെമ്പറുമായ സൈഫുദ്ധീൻ ഐക്കാടനാണ് മാതൃകാപരമായ ഈ പ്രവർത്തനം നടത്തിയത്.

പാലപ്പറ്റ മൂലങ്ങോട് പള്ളി പരിസരത്ത് വഴിയിലൂടെ പോകുന്നതിനിടെയാണ് റോഡിൽ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന നിലയിൽ പണം സൈഫുദ്ധീൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. ആദ്യം എന്താണെന്ന് മനസിലാകാതെ സമീപിച്ച സൈഫുദ്ധീൻ പിന്നീട് ഇത് വലിയ തുകയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ റോഡിൽ ചിതറി കിടന്ന മുഴുവൻ പണവും സൂക്ഷ്മമായി പെറുക്കി ശേഖരിക്കുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു. പണം നഷ്ടപ്പെട്ടയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഉടൻ ആരംഭിച്ചു. എന്നാൽ ഉടമയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പണം നേരിട്ട് എടവണ്ണ പൊലീസിൽ ഏൽപ്പിക്കാനാണ് സൈഫുദ്ധീൻ തീരുമാനിച്ചത്. തുടർന്ന് മുഴുവൻ തുകയും എടവണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കൈമാറുകയായിരുന്നു.

ഞങ്ങൾ മൂന്ന് പേര് എടവണ്ണയിൽ നിന്ന് പള്ളിപ്പടിയിലേക്ക് പോവുമ്പോൾ റോഡ് സൈഡിൽ പണം ചിതറി കിടക്കുന്നത് കണ്ടു. 500 രണ്ട് കെട്ടുകളും ബാക്കി പണം ചിതറി കിടക്കുകയുമായിരുന്നു. കണ്ടപ്പോൾ തന്നെ അത് പെറുക്കി എടുത്ത് അടുത്തുള്ള മിനി സ്റ്റോറിൽ പോയി എണ്ണി ചിട്ടപ്പെടുത്തിയ ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്, സൈഫുദ്ധീൻ പറഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പടി സ്വദേശി ആലങ്ങാടൻ മുബഷിറിൻ്റെ പണമാണ് നഷ്ടമായതെന്ന് വ്യക്തമായത്. ആവശ്യമായ പരിശോധനകൾക്ക് ശേഷം എടവണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ പ്രൈജുവിൻ്റെ നേതൃത്വത്തിൽ തുക യഥാർഥ ഉടമയ്ക്ക് കൈമാറി.

രാവിലെ ഞാൻ കുറച്ച് തിരക്കിലായിരുന്നു. വണ്ടിയുടെ മുകളിലായിരുന്നു ഞാൻ പണം അടങ്ങിയ കവർ വച്ചിരുന്നത്. തിരക്കിൽ പോകുന്ന നേരം അത് കാറിന് ഉള്ളിലേക്ക് എടുത്ത് വയ്ക്കാൻ മറന്നു പോയി. പിന്നീടാണ് പണത്തെ കുറിച്ച് ഓർക്കുന്നത്. പിന്നെ ഏകദേശം ഒരു കണക്ക് വച്ച് സൈഫുദ്ധീൻ്റെ നാട്ടിൽ പോയി അന്വേഷിച്ചു. അപ്പോൾ നാട്ടുകാരാണ് പണം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞത്, മുബഷിർ പറഞ്ഞു.

വലിയ തുക കൈയിൽ കിട്ടിയിട്ടും അത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ ഉടമയ്ക്ക് തിരികെ ലഭിക്കാനായി ആത്മാർഥമായി പ്രവർത്തിച്ച സൈഫുദ്ധീൻ്റെ സത്യസന്ധതയ്ക്ക് വലിയ അഭിനന്ദനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന പ്രവർത്തനമായാണ് നാട്ടുകാർ ഈ സംഭവത്തെ വിലയിരുത്തുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News