കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.
Ernakulam , 10 മെയ് (H.S.) കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടം സംഭവിച്ചത്. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ
STUDENTS DROWN IN RIVER


Ernakulam , 10 മെയ് (H.S.)

കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടം സംഭവിച്ചത്. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. കോതമംഗലം ബസേലിയോസ് ഡെൻ്റൽ കോളജിലെ വിദ്യാർഥികളാണ് അപകടത്തില് പെട്ടതെന്ന് പൊലീസ് അറിയിച്ചു.

അവധി ആഘോഷിക്കാനായി എത്തിയ ഒമ്പതംഗ വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഘം പുഴയിൽ കുളിക്കാനിറങ്ങിയത്. ഒമ്പത് പേരും പുഴയിൽ ഇറങ്ങി. ഇവരിൽ ഒരാളെ ആദ്യം കാണാതായി. ശേഷം അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മറ്റ് രണ്ട് വിദ്യാർഥികൾ ശ്രമിക്കുന്നതിനിടെ മൂന്നുപേരും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വനത്തോടു ചേർന്നുള്ള ഒറ്റപ്പെട്ട പ്രദേശമായതിനാലും മൊബൈൽ കവറേജ് ഇല്ലാത്തതിനാലും അപകടവിവരം പുറംലോകമറിയാൻ ഏറെ വൈകിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇടമലയാർ ഡാമിന് താഴെയാണ് പലവൻപടി പുഴ സ്ഥിതി ചെയ്യുന്നത്. ഡാമിൽ വൈദ്യുതി ഉൽപ്പാദനത്തിന് ശേഷം വെള്ളം തുറന്നുവിടുന്നതിനാൽ വേനൽക്കാലത്തും ഈ ഭാഗത്ത് പുഴയിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാര് പറയുന്നു. ഈ അപകടസാധ്യത അറിയാതെ പുഴയിൽ ഇറങ്ങിയതാകാം ദുരന്തത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും ഇത് അവഗണിക്കാറുണ്ടെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽദോസ് ബേബി പറഞ്ഞു.

രണ്ട് ദിവസത്തിനിടെ നാല് മരണം

കോതമംഗലത്ത് സമാനമായ രീതിയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. രണ്ട് ദിവസം മുൻപ് കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിൽ പാറപ്പുറത്ത്നിന്ന് കാൽ വഴുതി വീണ് പാലക്കാട് സ്വദേശിയായ എം എ അതുൽ എന്ന വിദ്യാർത്ഥിയും മരിച്ചിരുന്നു. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു അതുൽ. കടവിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിലൊരാളായിരുന്നു അതുൽ. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി തിരച്ചിൽ നടത്തി. അതുൽ തെന്നി വീണ സ്ഥലത്ത് നിന്ന് 50 മീറ്റർ മാറിയാണ് അതുലിനെ കണ്ടെത്തിയത്. ഉടൻ മുങ്ങിയെടുത്ത് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല. തുടർച്ചയായുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ നാടിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News