Enter your Email Address to subscribe to our newsletters

Chandigarh, 10 മെയ് (H.S.)
100 കോടി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പഞ്ചാബ് വ്യവസായ മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ റിമാൻഡിൽ വിട്ട് ഗുരുഗ്രാം സെഷൻസ് കോടതി. ഇന്നലെ (മെയ് 9) രാത്രിയാണ് സഞ്ജീവ് അറോറയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ ഹജാരാക്കിയത്.
10 ദിവസത്തെ റിമാന്ഡ് ആയിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അഭിഭാഷകരുടെ വാദങ്ങൾക്ക് ശേഷം ജൂഡീഷ്യൽ മജിസ്ട്രേറ്റ് മുൻമുൻ ചൗധരി ഏഴ് ദിവസത്തെ റിമാൻഡ് മാത്രമാണ് അനുവദിച്ചത്. മെയ് 5 നാണ് ഇഡി സഞ്ജീവ് അറോറക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
മെയ് 9 ന് സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്തുവെങ്കിലും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും എഫ്ഐആറിൻ്റെ പകർപ്പ് പോലും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകൻ അർജുൻ പറഞ്ഞു. മെയ് 16 ന് മന്ത്രിയെ വീണ്ടും ഹാജാരാക്കാൻ കോടതി ഉത്തരവിട്ടു.
100 കോടിയുടെ തട്ടിപ്പ്
ഇന്നലെ പുലർച്ചെയാണ് സഞ്ജീവ് അറോറയുടെ വസതി ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. സഞ്ജീവ് അറോറ തൻ്റെ കമ്പനി വഴി നൂറ് കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വ്യാജ ജിഎസ്ടി ബില്ലുകൾ വഴി വാങ്ങി എന്നാണ് പ്രധാന ആരോപണം. ഡൽഹിയിലില്ലാത്ത വ്യാജ കമ്പനികളുടെ പേരിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും എക്സ്പോർട്ട് ക്രെഡിറ്റും ഉണ്ടാക്കി.
ഡ്യൂട്ടി ഡ്രോബാക്കിൽ ജിഎസ്ടി റീഫണ്ട് നേടുന്നതിനായി നിരവധി വ്യാജ ജിഎസ്ടി പർച്ചേസ് ബില്ലുകൾ ഉണ്ടാക്കിയതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഈ പണം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണമായി എത്തിച്ചു എന്നതാണ് കേസ്. ഇതിലൂടെ അദ്ദേഹം വ്യക്തിപരമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഛണ്ഡിഗഡ്, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലായി അഞ്ച് ഇടങ്ങളിലും ഡൽഹി എൻസിആറിലുള്ള സഞ്ജീവ് അറോറയുടെ ഔദ്യോഗിക വസതിയിലും അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹാംപ്ടൺ സ്കൈ റിയൽറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിലും ഇഡി റെയ്ഡ് നടത്തി.
ബിജെപിയെ പഴിച്ച് എഎപി
സഞ്ജീവ് അറോറയുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നിൽ ബിജെപിയാണെന്ന് എഎപി പഞ്ചാബ് സംസ്ഥാന പ്രസിഡൻ്റ് അമൻ അറോറ പറഞ്ഞു. പഞ്ചാബ് ഗുരുക്കന്മാരുടെ മണ്ണാണെന്നും ഔറംഗസേബിന് പോലും ഇവിടത്തെ ജനങ്ങളെ അടിയറവ് പറയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അമൻ അറോറ പറഞ്ഞു.
ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാത്ത ഭഗത് സിങ്ങിൻ്റെ നാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ കീഴടങ്ങില്ല. ഇഡിയും ബിജെപിയും തമ്മിലുള്ള ഈ കൂട്ടുകെട്ട് പഞ്ചാബ് അവസാനിപ്പിക്കുമെന്നും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് ഇഡി റെയ്ഡിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR