കോണ്ഗ്രസ് എംപി ശശി തരൂരിൻ്റേത് എന്ന പേരിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന എഐ നിർമ്മിത വ്യാജ വീഡിയോ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി.
Newdelhi , 10 മെയ് (H.S.) കോണ്ഗ്രസ് എംപി ശശി തരൂരിൻ്റേത് എന്ന പേരിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന എഐ നിർമ്മിത വ്യാജ വീഡിയോ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. പാകിസ്ഥാൻ്റെ നയതന്ത്രത്തെ തരൂർ പ്രശംസിക്കുന്നതായി കാണിക്കുന്ന എഐ നിർമിത ഡീപ് ഫേക്
Sasi tharoor


Newdelhi , 10 മെയ് (H.S.)

കോണ്ഗ്രസ് എംപി ശശി തരൂരിൻ്റേത് എന്ന പേരിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന എഐ നിർമ്മിത വ്യാജ വീഡിയോ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. പാകിസ്ഥാൻ്റെ നയതന്ത്രത്തെ തരൂർ പ്രശംസിക്കുന്നതായി കാണിക്കുന്ന എഐ നിർമിത ഡീപ് ഫേക്ക് വീഡിയോകൾ നീക്കം ചെയ്യാൻ എക്സ് (X) പ്ലാറ്റ്ഫോമിനോട് കോടതി നിർദ്ദേശിച്ചു. വ്യക്തിത്വ അവകാശ സംരക്ഷണ നിയമങ്ങള് സംരക്ഷിച്ചുകൊണ്ട് ജസ്റ്റിസ് മിനി പുഷ്കർണയാണ് ഉത്തരവ് ഇറക്കിയത്.

തരൂരിൻ്റെ പേര്, ചിത്രം, ശബ്ദം, അദ്ദേഹത്തിൻ്റെ സവിശേഷമായ സംസാരരീതി, പദപ്രയോഗങ്ങൾ എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കോടതി വിലക്കി. വാണിജ്യപരമോ രാഷ്ട്രീയമോ ദോഷകരമോ ആയ ആവശ്യങ്ങൾക്കായി ഡീപ് ഫേക്ക് വീഡിയോകൾ, വോയിസ് ക്ലോണിംഗ്, മോർഫ് ചെയ്ത വീഡിയോകൾ എന്നിവ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഇൻസ്റ്റാഗ്രാമിലെ വിവാദമായ റീലുകൾ ലഭ്യമല്ലാതാക്കിയ നടപടി തുടരാൻ മെറ്റയോടും (Meta) കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായ സെൻസിറ്റീവ് പ്രസ്താവനകൾ നടത്തുന്നതായി കാണിക്കുന്ന ഡീപ്പ്ഫേക്ക് വീഡിയോകൾ ആവർത്തിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ തരൂർ കോടതിയിൽ നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് വിധി. ഒരു വ്യക്തിയുടെ ശബ്ദം, പെരുമാറ്റരീതികൾ എന്നിവ വോയ്സ്-ക്ലോൺ ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ പറയുന്നു.

ശശി തരൂർ ആദരിക്കപ്പെടുന്ന ഒരു പൊതുപ്രവർത്തകനാണെന്നും തൻ്റെ വ്യക്തിത്വത്തിൻ്റെ സവിശേഷതകൾ ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിന് മാത്രമാണ് പൂർണ നിയന്ത്രണമെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങൾ പ്രകാരം വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് പുഷ്കർണ വ്യക്തമാക്കി.

എഐ ഉപയോഗിച്ച് തരൂരിൻ്റെ ശബ്ദവും മുഖവും സംസാരശൈലിയും അനുകരിച്ച് നിർമിക്കുന്ന 'സിന്തറ്റിക് മീഡിയ' തരൂരിൻ്റെ സൽപ്പേരിനെ മാത്രമല്ല, രാജ്യത്തിൻ്റെ അന്താരാഷ്ട്ര പ്രതിച്ഛായയെയും ബാധിക്കുമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകർ വാദിച്ചു.

തെറ്റായ, വ്യാജ, നിയമലംഘന വീഡിയോകൾ കൂടുതൽ ഉണ്ടായാൽ, തരൂരിന് അവ നീക്കം ചെയ്യുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം നടത്തിയ അക്കൗണ്ടുകളുടെ രജിസ്ട്രേഷൻ വിവരങ്ങൾ, അടിസ്ഥാന സബ്സ്ക്രൈബർ വിവരങ്ങൾ, ഐപി ലോഗിൻ വിശദാംശങ്ങൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ മൂന്നാഴ്ചയ്ക്കുള്ളിൽ തരൂരിന് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് ഇത്തരം വീഡിയോകള് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തൻ്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ജനാധിപത്യ പ്രക്രിയയിൽ ഇടപെടാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് തരൂർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുതിർന്ന അഭിഭാഷകൻ അമിത് സിബലും നിയമ സ്ഥാപനമായ ട്രൈലീഗലും ആണ് തരൂരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായത്. നേരത്തെ ഐശ്വര്യ റായ് ബച്ചൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ തുടങ്ങിയ പ്രമുഖരും സമാനമായ രീതിയിൽ വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News