Enter your Email Address to subscribe to our newsletters

Kannur, 10 മെയ് (H.S.)
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മുസ്ലിം ലീഗിൽ വൻ പൊട്ടിത്തെറി. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന്റെ തോൽവിക്ക് ഉത്തരവാദിയായ മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിനെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചു. ഷാഹുൽ ഹമീദിനെയും അദ്ദേഹത്തിന്റെ ഭാര്യയും മുൻ പഞ്ചായത്ത് അംഗവുമായ നദീറയെയും സംഘടനയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തതായി നേതൃത്വം അറിയിച്ചു.
യുഡിഎഫ് വിജയസാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായ കൂത്തുപറമ്പിൽ 1286 വോട്ടുകൾക്കാണ് ജയന്തി രാജൻ പരാജയപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർഥി പി.കെ. പ്രവീണിനാണ് ഇവിടെ വിജയം കൈവരിക്കാനായത്. തോൽവിക്ക് പിന്നാലെ ഷാഹുൽ ഹമീദിനെതിരെ അണികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ ഷാഹുൽ ഹമീദ് എൽഡിഎഫിന് വേണ്ടി രഹസ്യമായി പ്രവർത്തിച്ചുവെന്നും വോട്ടുകൾ മറിച്ചുവെന്നുമാണ് പ്രധാന ആരോപണം.
പ്രവർത്തകരുടെ പ്രതിഷേധം; ഷാഹുൽ ഹമീദ് 'യൂദാസ്'
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകർ വലിയ തോതിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഷാഹുൽ ഹമീദിനെ 'യൂദാസ്' എന്ന് വിശേഷിപ്പിച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഷാഹുൽ ഹമീദിന്റെ ഭാര്യ നദീറ, എതിർ സ്ഥാനാർഥിയായ പി.കെ. പ്രവീണിന്റെ പോസ്റ്റർ വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടതും പ്രവർത്തകരെ പ്രകോപിപ്പിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇതിലും വലിയ തെളിവ് വേറെ വേണ്ടെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്.
മണ്ഡലത്തിലെ പരാജയം സംബന്ധിച്ച് പ്രാദേശികമായി ഉയർന്ന പരാതികളും അന്വേഷണ റിപ്പോർട്ടും പരിഗണിച്ച ശേഷമാണ് സംസ്ഥാന കമ്മിറ്റി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. എന്നാൽ തനിക്ക് പറയാനുള്ളത് കേൾക്കാതെയാണ് പാർട്ടി നടപടിയെടുത്തതെന്ന് ഷാഹുൽ ഹമീദ് പ്രതികരിച്ചു.
ലീഗിന് കനത്ത തിരിച്ചടി
കണ്ണൂർ ജില്ലയിൽ ലീഗിന് ഏറെ സ്വാധീനമുള്ള മേഖലകളിൽ വോട്ടു ചോർച്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. മണ്ഡലം ഭാരവാഹികൾ തന്നെ കാലുവാരിയത് മുന്നണിയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയുണ്ട്. കൂത്തുപറമ്പിലെ ഈ അച്ചടക്ക നടപടി വരും കാലങ്ങളിൽ ജില്ലയിലെ പാർട്ടി രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കിടയാക്കിയേക്കും. മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങളും പാർട്ടി തലത്തിൽ ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K