Enter your Email Address to subscribe to our newsletters

Palakkad , 10 മെയ് (H.S.)
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂറിനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ച് പാലക്കാട് നഗരപരിധിയിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്ന് 24 പേർ കൂട്ടമായി രാജിവച്ചു. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ടത്.
ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രവർത്തകർ പാർട്ടി വിട്ടത്. സുരേഷ് ബാബു വർഗീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് വിമത വിഭാഗത്തിന്റെ പ്രധാന ആവശ്യം. ജില്ലയിൽ പാർട്ടി നേരിട്ട തകർച്ചയ്ക്ക് കാരണം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യപരമായ സമീപനമാണെന്നും രാജിവച്ചവർ ആരോപിക്കുന്നു.
വിമർശനങ്ങളുടെ കുന്തമുന ജില്ലാ സെക്രട്ടറിയിലേക്ക്
തന്റെ ഔദാര്യത്തിലാണ് മറ്റുള്ളവർ പാർട്ടിയിൽ നിൽക്കുന്നതെന്ന വിചാരമാണ് ഇ.എൻ. സുരേഷ് ബാബുവിനുള്ളതെന്ന് രാജിവച്ചവർ ആരോപിച്ചു. അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്തിയത് വ്യക്തിപരമായ വൈരാഗ്യം തീർക്കാനാണെന്നാണ് ഇവരുടെ പക്ഷം.
പാർട്ടി ആരുടെയും ഔദാര്യമല്ല. വർഷങ്ങളോളം അധ്വാനിച്ചാണ് ഓരോ പ്രവർത്തകനും വളർന്നുവരുന്നത്. എന്നാൽ തനിക്ക് വിധേയപ്പെടാത്തവരെ ഒതുക്കുന്ന സമീപനമാണ് ജില്ലാ സെക്രട്ടറി സ്വീകരിക്കുന്നത്, എന്ന് രാജിവച്ച നേതാക്കളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന അവലോകന യോഗങ്ങളിൽ ഇ.എൻ. സുരേഷ് ബാബുവും അബ്ദുൽ ഷുക്കൂറും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷുക്കൂറിനെ തരംതാഴ്ത്താൻ പാർട്ടി തീരുമാനിച്ചത്.
---------------
Hindusthan Samachar / Roshith K