Enter your Email Address to subscribe to our newsletters

Perambra, 10 മെയ് (H.S.)
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കും ഒരു ബസ് യാത്രക്കാരിക്കും ഗുരുതരമായി പരിക്കേറ്റു. ടാങ്കർ ഡ്രൈവർ നിസാർ, ബസ് യാത്രക്കാരിയായ കുറ്റ്യാടി സ്വദേശി സുമ (54) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്നത് ഇങ്ങനെ:
കോഴിക്കോട് ഭാഗത്തുനിന്ന് പേരാമ്പ്രയിലേക്ക് വരികയായിരുന്ന 'അജ്ഫാൻ' എന്ന സ്വകാര്യ ബസും പേരാമ്പ്രയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. വെള്ളിയൂർ കുടക്കൽ താഴെ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് തെറ്റായ ദിശയിൽ വന്ന് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ കാബിനും ബസ്സിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു.
അപകടം നടന്നയുടൻ ബസ് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും, ടാങ്കർ ലോറി ഡ്രൈവർ നിസാർ തകർന്ന കാബിനുള്ളിൽ കുടുങ്ങിപ്പോയി. അതുപോലെ തന്നെ ബസ്സിലെ മുൻസീറ്റിലിരുന്ന യാത്രക്കാരി സുമയും സീറ്റുകൾക്കിടയിൽ കുടുങ്ങി. നാട്ടുകാരും അഗ്നിശമന സേനയും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
പരിക്കേറ്റവർ:
ഗുരുതരമായി പരിക്കേറ്റ നിസാർ, സുമ എന്നിവരെ കൂടാതെ ബസ്സിലുണ്ടായിരുന്ന പന്ത്രണ്ടോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ നിഷ (35), ദിൽഷ (28), ബിന്ധ്യ (35), ഫാത്തിമ മറഹബ (15), നസീറ (40), മുഹമ്മദ് അർഹം (10), മറിയം ഫിറോസ (19) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൂടാതെ, ആദിലക്ഷ്മി (9), നേഹ (15), അശ്വതി (36), ഹരിചന്ദന (24) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു. അപകടത്തെത്തുടർന്ന് പേരാമ്പ്ര-കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മഴയുള്ള സമയമായതിനാൽ റോഡിലെ വഴുക്കലാണോ അതോ ബസ്സിന്റെ അമിതവേഗതയാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പരിഭ്രാന്തരായ യാത്രക്കാരെ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി ആശുപത്രികളിൽ എത്തിച്ചത്.
---------------
Hindusthan Samachar / Roshith K