Enter your Email Address to subscribe to our newsletters

Malappuram , 10 മെയ് (H.S.)
മലപ്പുറം: ഭരണപരമായ സൗകര്യങ്ങൾക്കും പൊതുജനങ്ങളുടെ മെച്ചപ്പെട്ട സേവനത്തിനുമായി മലപ്പുറം ജില്ല വിഭജിക്കണമെന്ന നിർദ്ദേശവുമായി തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കേരളത്തിന്റെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമെന്ന് തനിക്ക് തോന്നുന്ന അഞ്ച് പ്രധാന മാറ്റങ്ങൾ 'വിഷ് ലിസ്റ്റ്' (Wishlist) ആയി പങ്കുവെച്ചത്. പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇത്തരം ഭരണപരിഷ്കാരങ്ങൾ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ വിഭജനവും ഭരണസൗകര്യവും
മലപ്പുറം ജില്ലയുടെ വിഭജനം കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണെങ്കിലും ഒരു ഉദ്യോഗസ്ഥൻ തന്നെ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചത് ഏറെ ശ്രദ്ധേയമാണ്. ഏകദേശം ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാകണം ഒരു ജില്ലയുടെ ഐഡിയൽ സൈസ് (Ideal Size) എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സബ് കലക്ടർ വ്യക്തമാക്കി. മലപ്പുറം കൂടാതെ മറ്റ് വലിയ ജില്ലകളെയും ഇത്തരത്തിൽ വിഭജിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇതിന് സാമ്പത്തിക ചെലവുണ്ടാകുമെങ്കിലും, ഭരണപരമായ എളുപ്പത്തിനും പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഇത് വലിയൊരു നിക്ഷേപമായി മാറുമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
പെൻഷൻ പ്രായം 60 ആക്കണം
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്നതാണ് സബ് കലക്ടറുടെ മറ്റൊരു പ്രധാന നിർദ്ദേശം. മികച്ച ആരോഗ്യ സൂചികകളും ഉയർന്ന ആയുർദൈർഘ്യവുമുള്ള ഒരു സമൂഹത്തിൽ 56 വയസ്സിൽ വിരമിക്കുന്നത് ശരിയായ നടപടിയല്ല. പെൻഷൻ പ്രായം കുറഞ്ഞത് 58 എങ്കിലും ആക്കി ഉയർത്തണം. 60 വയസ്സാണ് വിരമിക്കലിന് ഏറ്റവും അനുയോജ്യമായ പ്രായമെന്നും ഇത് സർക്കാർ സേവന മേഖലയിലെ മാനവവിഭവശേഷിയുടെ ശരിയായ ഉപയോഗത്തിന് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ
വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സബ് കലക്ടർ നിർദ്ദേശിക്കുന്നുണ്ട്. മലയാളം മീഡിയം പഠനം പരമാവധി എൽ.പി (LP) തലം വരെ മാത്രമായി പരിമിതപ്പെടുത്തണമെന്നും യു.പി മുതൽ പ്ലസ് ടു വരെയുള്ള തലങ്ങളിൽ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം നടപ്പിലാക്കണമെന്നും അദ്ദേഹം പറയുന്നു. നിലവിലുള്ള സാമൂഹിക വ്യത്യാസങ്ങൾക്ക് മുകളിൽ പുതിയൊരു തരംതിരിവ് ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കും.
കൂടാതെ, സ്കൂളുകളിലെ ഗ്രേഡിംഗ് സംവിധാനത്തിൽ ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തണം. നിലവിലെ 'എ പ്ലസ്' ഉദാരവൽക്കരണം അവസാനിപ്പിക്കണം. കുട്ടികളുടെ യഥാർത്ഥ അക്കാദമിക് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ഗ്രേഡിംഗ് പരിഷ്കരിക്കണമെന്നും, അടിസ്ഥാന പഠന നിലവാരം ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ 'ഓൾ പാസ്' സംവിധാനം നടപ്പിലാക്കാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നൈറ്റ് ലൈഫും വിനോദസഞ്ചാരവും
കേരളത്തിൽ നൈറ്റ് ലൈഫ് (Nightlife) പ്രോത്സാഹിപ്പിക്കേണ്ടത് ടൂറിസം മേഖലയുടെയും സർവീസ് സെക്ടറിന്റെയും വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനും നിക്ഷേപങ്ങൾ കൊണ്ടുവരാനും രാത്രികാല വിനോദങ്ങൾ സഹായിക്കും.
2029 വരെ വലിയ തിരഞ്ഞെടുപ്പുകൾ ഇല്ലാത്ത മൂന്ന് വർഷങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. അതിനാൽ, ഹ്രസ്വകാലാടിസ്ഥാനത്തിൽ എതിർപ്പുകൾ ഉണ്ടായേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുന്ന ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ സർക്കാരിന് സാധിക്കുമെന്നും ദിലീപ് കെ. കൈനിക്കര തന്റെ കുറിപ്പിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.
---------------
Hindusthan Samachar / Roshith K