Enter your Email Address to subscribe to our newsletters

Thiruvananthapuram ,1 മെയ് (H.S.)
തിരുവനന്തപുരം: സിസ്സയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ മേളയായ 'കൃഷി വൈഭവ് 2026'ന്റെ ഭാഗമായി ഈമാസം 16 മുതൽ 18 വരെ വിവിധ വിഷയങ്ങളെ അധികരിച്ച് കാർഷിക സെമിനാർ സംഘടിപ്പിക്കും. നൂതന കൃഷിരീതികൾ, മൂല്യവർധനവ്, സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ട പ്രായോഗിക പരിശീലനം, കൂൺ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ പ്രവേശനം സൗജന്യമാണ്.
16ന് കാർഷിക മേഖലയിലെ സംരംഭകത്വ അവസരങ്ങളും സ്റ്റാർട്ടപ്പുകളും, പഴം, പച്ചക്കറി മൂല്യവർധനവും കർഷക തലത്തിലുള്ള സംസ്കരണ സാങ്കേതികവിദ്യകളും, കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ, എൻഡിഡിബിയുടെ സഹകരണ വികസന പരിപാടികൾ എന്നീ വിഷയങ്ങളിലാണ് സെമിനാർ.
17ന് ഭക്ഷ്യസുരക്ഷയ്ക്കായുള്ള പച്ചക്കറി കൃഷിയും ടെറസ് കൃഷിയും, കൂൺ കൃഷി, ആടുവളർത്തലിലൂടെയുള്ള സുസ്ഥിര വരുമാനം, മികച്ച വരുമാനത്തിനും വിളവിനുമായി തേനീച്ച വളർത്തൽ എന്നീ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.
18ന് കർഷകർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പിന്തുണ എന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ എംഎസ്എംഇ വകുപ്പ് അധികൃതർ സംസാരിക്കും. തുടർന്ന് കാർഷിക ഇൻഷുറൻസുമായി ബന്ധപ്പെട്ട സെഷനുകളും നടക്കും. സെമിനാറുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 8129767116 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S