Enter your Email Address to subscribe to our newsletters

Kochi, 11 മെയ് (H.S.)
അന്തർസംസ്ഥാന അവയവക്കച്ചവട റാക്കറ്റിലെ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബ് പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ചാണ് നജീബ് പിടിയിലായത്. അവയവക്കച്ചവടത്തിൻ്റെ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബ് സ്ഥിരം കുറ്റവാളിയെന്നും 1997ൽ മഞ്ചേശ്വരത്ത് ആണ് ആദ്യ കേസ് രജിസ്റ്റർ ചെയ്‌തതെന്നും പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസികളിലും പ്രതിയാണ് നജീബ്.
കർണാടകയിൽ ആയുധം കൈവശം വച്ചതിനും നജീബിനെതിരെ കേസുണ്ട്. കാസർകോട് ജില്ലയിൽ മാത്രം പത്ത് കേസുകളിൽ പ്രതിയാണ് നജീബ്. 2007ൽ കർണാടക ഉള്ളാളിൽ നടന്ന കൊലപാതക കേസ്, 2012ൽ നീലേശ്വരത്ത് മോഷണ കേസ്, 2020 മേല്‍പ്പറമ്പ പൊലീസ് സ്റ്റേഷനിൽ സാമ്പത്തിക തട്ടിപ്പ് എന്നീ കേസുകളും പ്രതിക്കെതിരെയുണ്ട്. നജീബിൻ്റെ കർണാടക ബന്ധത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. നജീബിൻ്റെ ഭാര്യ റഷീദ ഉൾപ്പെടെ ഒൻപതോളം പേർ അവയവ കച്ചവട കേസിൽ അറസ്റ്റിലായിട്ടുണ്ട്.
പാവപ്പെട്ടവരെ ചൂഷണം ചെയ്‌ത് 5–10 ലക്ഷം രൂപയ്ക്ക് അവയവങ്ങൾ ലഭ്യമാക്കുകയും സ്വീകര്‍ത്താക്കളിൽനിന്ന് 20 മുതൽ 50 ലക്ഷം വരെ ഈടാക്കി അവയവങ്ങൾ വിൽക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതിയെന്നു സംശയിക്കുന്നു.
തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ നടന്ന അവയവദാനവുമായി ബന്ധപ്പെട്ടു സമർപ്പിക്കപ്പെട്ട രേഖകളിൽ സംശയം തോന്നിയതാണ് ഈ വൻ മാഫിയയെക്കുറിച്ചുള്ള ആദ്യ സൂചന പൊലീസിനു ലഭിച്ചത്. അവയവദാനത്തിന് അനുമതി നൽകുന്ന ഓതറൈസേഷൻ സമിതിക്കു മുന്നിലെത്തിയ രേഖകളിലെ സീലുകളിലും ഒപ്പുകളിലും ചില പൊരുത്തക്കേടുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.
---------------
Hindusthan Samachar / Sreejith S