Enter your Email Address to subscribe to our newsletters

New delhi, 11 മെയ് (H.S.)
പശ്ചിമബംഗാളില്‍ സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡിജിറ്റല്‍ വിവരങ്ങളും കുറ്റകൃത്യം നടന്ന സ്ഥലത്തെ സാഹചര്യ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്.
പ്രതികളെ കനത്ത സുരക്ഷയില്‍ ബംഗാളിലെ ഭവാനി ഭവനിലേക്ക് കൊണ്ടുവന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായ മൂന്ന് പേരെയും നിലവില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇലക്ട്രോണിക് തെളിവുകളും മറ്റ് വിവരങ്ങളും കേസ് അന്വേഷണത്തിന് ഏറെ സഹായകമായി. കൊലപാതകത്തിന് ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണം ബാലി ടോള്‍ പ്ലാസയിലാണ് എത്തിയത്. ഇവിടെനിന്നും അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു.
പ്രതികളുടെ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിലൂടെ ഇവരുടെ താമസസ്ഥലവും ഫോണ്‍ കോള്‍ വിവരങ്ങളും കൃത്യമായി മനസിലാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചത്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കും രഹസ്യ നീക്കങ്ങള്‍ക്കും ഒടുവിലാണ് പ്രതികള്‍ വലയിലായത്.
സിസിടിവി ദൃശ്യങ്ങള്‍, വാഹന റൂട്ട് മാപ്പുകള്‍, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, ടോള്‍ പ്ലാസ ഡാറ്റ, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംയോജിപ്പിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. വളരെ കൃത്യതയോടെയാണ് ചന്ദ്രനാഥിന്റെ കൊലപാതകം നടപ്പാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ദിവസങ്ങളോളം ചന്ദ്രനാഥിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ കൃത്യം നടത്തിയത്. കൊലപാതകത്തിന് പിന്നില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ രഹസ്യമായി അന്വേഷിക്കുന്നുണ്ട്.
മെയ് ആറിനാണ് ബംഗാളിലെ മധ്യംഗ്രാമില്‍ വച്ച് ചന്ദ്രനാഥ് വെടിയേറ്റ് മരിച്ചത്. വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. നെഞ്ചിലും പുറത്തും തലയിലുമാണ് വെടിയേറ്റത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് കൃത്യം നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. അക്രമികള്‍ പിന്തുടര്‍ന്ന് വന്ന് നിറയൊഴിക്കുകയായിരുന്നു.
ആക്രമണത്തില്‍ വാഹനത്തിന്റെ ഡ്രൈവറായ ബുദ്ധദേബ് ബേറയ്ക്കും അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ കരള്‍, വലത് ശ്വാസകോശം, വലത് തോള്‍, വലത് കൈയുടെ സന്ധി എന്നിവിടങ്ങളിലാണ് വെടിയേറ്റത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രനാഥിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡ്രൈവര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
കൊലപാതക വിവരം അറിഞ്ഞയുടന്‍ സുവേന്ദു അധികാരി ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്ര സഹമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജുംദാര്‍, പാര്‍ട്ടി നേതാവ് അര്‍ജുന്‍ സിങ് തുടങ്ങി നിരവധി നേതാക്കളും വിവരങ്ങള്‍ ചോദിച്ചറിയാന്‍ എത്തി. ആരുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയത് എന്ന് പൊലീസ് കണ്ടെത്തേണ്ടതുണ്ട്.
---------------
Hindusthan Samachar / Sreejith S