Enter your Email Address to subscribe to our newsletters

Malappuram, 11 മെയ് (H.S.)
കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നീളുന്നതില്‍ ഘടകക്ഷികള്‍ക്ക് കടുത്ത അതൃപ്തി. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളാണ് മികച്ച വിജയത്തിന്റെ ശോഭ മുഴുവന്‍ കളയുന്ന രീതിയില്‍ ചര്‍ച്ചകളും തെരുവിലെ പ്രതിഷേധവുമാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കാന്‍ കഴിയാത്ത ഹൈക്കമാന്‍ഡിന്റെ നടപടിയിലാണ് ഘടകക്ഷികള്‍ക്ക് എതിര്‍പ്പ്.
ഇതുവരേയും മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പരസ്യമായ അഭിപ്രായം പറയാത്ത ലീഗ് ഇന്ന് വിമര്‍ശനം കടുപ്പിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദിന്റെ വിമര്‍ശനം കോണ്‍ഗ്രസിനുള്ള വ്യക്തമായ സന്ദേശം തന്നെയാണെന്ന് വ്യക്തമാണ്. അണികളില്‍ നിന്ന് മുഖത്ത് അടി കിട്ടുന്ന സാഹചര്യമാണെന്നാണ് അബ്ദുല്‍ ഹമീദിന്റെ പ്രതികരണം.
വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇവരോട് പരിപാടിക്ക് വരേണ്ടെന്ന് പറയേണ്ട അവസ്ഥയാണ്. എവിടെ ചെന്നാലും ആളുകള്‍ക്ക് അതൃപ്തിയാണ്. ഇതിനാണോ വോട്ടു ചെയ്തതെന്ന് ആളുകള്‍ ചോദിക്കുന്നതായും ഹമീദ് വിമര്‍ശിച്ചു.
മറ്റ് ഘടകക്ഷികള്‍ക്കും സമാനമായ വിമര്‍ശനമുണ്ട്. ഇത് വരും ദിവസങ്ങളില്‍ പുറത്തേക്ക് വരനാണ സാധ്യത. കോണ്‍ഗ്രസിലാകട്ടെ സമവായം ഉണ്ടാക്കാന്‍ കഴിയാതെ ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നിവരെയാണ് ചര്‍ച്ചയ്ക്കായി ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരിക്കുന്നത്. വി.ഡി. സതീശന് അനുകൂലമായ പിആര്‍ റിപ്പോര്‍ട്ടുകളും അണികളുടെ വികാരപ്രകടനങ്ങളും ചര്‍ച്ചകളെ സ്വാധീനിക്കുന്നുണ്ടെന്നാണ് സൂചന.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ ഘടകകക്ഷികളെയും സംസ്ഥാന നേതാക്കളെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഹൈക്കമാന്‍ഡിനുണ്ട്. പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിച്ച വി.ഡി. സതീശനെയും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെയും പരിഗണിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകാവുന്ന സാഹചര്യങ്ങളും ഹൈക്കമാന്‍ഡ് ഗൗരവമായി കാണുന്നു.
ഘടകകക്ഷി നേതാക്കളുമായി ഒരു വട്ടം കൂടി കൂടിയാലോചനകള്‍ നടത്താനും ഈ കൂടിക്കാഴ്ചകള്‍ വഴി ഒരുക്കിയേക്കും. സമവായത്തിലെത്തുന്നതിന് മുന്നോടിയായി എഐസിസി നിയോഗിച്ച നിരീക്ഷകര്‍ മുഖേനയല്ലാതെ എംപിമാരുടെ അഭിപ്രായം നേരിട്ട് തേടുന്ന കാര്യവും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ ഡല്‍ഹിയിലെത്തുന്നതോടെ അടുത്ത രണ്ട് ദിവസത്തിനകം തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
---------------
Hindusthan Samachar / Sreejith S