കോണ്ഗ്രസില് തുടരുന്ന ചര്ച്ചകള്; മുഖ്യമന്ത്രി ചര്ച്ചകള്ക്കായി മുതിര്ന്ന നേതാക്കളെ ഡല്ഹിക്ക് വിളിപ്പിച്ചു
New delhi, 11 മെയ് (H.S.) ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നീളും. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോട പ്രമുഖ നേതാക്കളുടെ അഭിപ്രായം തേടു
congress


New delhi, 11 മെയ് (H.S.)

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നീളും. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോട പ്രമുഖ നേതാക്കളുടെ അഭിപ്രായം തേടുകയാണ് ഇപ്പോള്‍. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നിവരെയാണ് ചര്‍ച്ചയ്ക്കായി ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ നിര്‍ദേശപ്രകാരമാണ് മുന്‍ കെപിസിസി അധ്യക്ഷന്മാരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ച നടത്താന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.സി. വേണുഗോപാലിന്റെ പേരിനാണ് മുന്‍തൂക്കം ലഭിക്കുന്നതെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചര്‍ച്ചകള്‍ കൂടുതല്‍ വിപുലമാക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നത്. കെ.സി. വേണുഗോപാലിന് വേണ്ടി കെ. സുധാകരന്‍ ഇതിനോടകം തന്നെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ ഘടകകക്ഷികളെയും സംസ്ഥാന നേതാക്കളെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഹൈക്കമാന്‍ഡിനുണ്ട്. പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിച്ച വി.ഡി. സതീശനെയും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെയും പരിഗണിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകാവുന്ന സാഹചര്യങ്ങളും ഹൈക്കമാന്‍ഡ് ഗൗരവമായി കാണുന്നു. വി.ഡി. സതീശന് അനുകൂലമായ പിആര്‍ റിപ്പോര്‍ട്ടുകളും അണികളുടെ വികാരപ്രകടനങ്ങളും ചര്‍ച്ചകളെ സ്വാധീനിക്കുന്നുണ്ടെന്നാണ് സൂചന.

ഘടകകക്ഷി നേതാക്കളുമായി ഒരു വട്ടം കൂടി കൂടിയാലോചനകള്‍ നടത്താനും ഈ കൂടിക്കാഴ്ചകള്‍ വഴി ഒരുക്കിയേക്കും. സമവായത്തിലെത്തുന്നതിന് മുന്നോടിയായി എഐസിസി നിയോഗിച്ച നിരീക്ഷകര്‍ മുഖേനയല്ലാതെ എംപിമാരുടെ അഭിപ്രായം നേരിട്ട് തേടുന്ന കാര്യവും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ ഡല്‍ഹിയിലെത്തുന്നതോടെ അടുത്ത രണ്ട് ദിവസത്തിനകം തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരടക്കമുള്ള പ്രമുഖ നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയിലെത്തുന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം ഫോണിലൂടെ അറിയിക്കുമെന്നാണ് വിവരം. അതേസമയം, ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News