Enter your Email Address to subscribe to our newsletters

Goa, 11 മെയ് (H.S.)
വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യക്കാരനെന്ന വ്യാജേന യാത്ര ചെയ്ത അഫ്ഗാനിസ്ഥാന്‍ സ്വദേശി ഗോവയില്‍ പിടിയിലായി. ദബോലിം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സ്വദേശിയും നിലവില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ താമസക്കാരനുമായ ദിവ്രാജ് ഹിരോ ആണ് പരിശോധനയ്ക്കിടെ പിടിയിലായത്.
വ്യാജ യാത്രാരേഖകളുമായി എത്തിയ ഇയാളെ ഞായറാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റില്‍ വച്ചാണ് അധികൃതര്‍ പിടികൂടിയത്. രേഖകള്‍ പരിശോധിക്കുന്നതിനിടെ അവയുടെ ആധികാരികതയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതാണ് നിര്‍ണായകമായത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും.
ബഹ്‌റൈന്‍ വഴി റഷ്യയില്‍ നിന്നാണ് പ്രതി അടുത്തിടെ ഗോവയിലേക്ക് എത്തിയത്. ഡല്‍ഹി സ്വദേശിയാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് 'അനില്‍ ശുക്ല' എന്ന് രേഖപ്പെടുത്തിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ ഈ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ തുടരന്വേഷണത്തില്‍ പ്രതി ഇതിന് മുന്‍പും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
'സുരേഷ് അഹൂജ' എന്ന പേരില്‍ പ്രതി നേരത്തെ മറ്റൊരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വ്യാജമായി സ്വന്തമാക്കിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വലിയ രീതിയിലുള്ള ആള്‍മാറാട്ടം നടത്തിയാണ് പ്രതി നിരന്തരം ഇത്തരം യാത്രകള്‍ തുടര്‍ന്നിരുന്നത്. രാജ്യത്ത് നിന്ന് വ്യാജമായി നിര്‍മിച്ച പാസ്‌പോര്‍ട്ടുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് പുറമെ പ്രതിയുടെ കൈവശം അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ടും ഉണ്ടായിരുന്നു. ഈ രേഖകള്‍ ഉപയോഗിച്ച് 2009 മുതല്‍ ഇയാള്‍ പലതവണ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. വിദേശത്ത് വച്ച് തന്റെ അഫ്ഗാന്‍ പാസ്‌പോര്‍ട്ട് പുതുക്കിയ പ്രതി 2016 ജനുവരി രണ്ടിനാണ് അവസാനമായി ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഏത് വിസയിലാണ് ഇയാള്‍ രാജ്യത്ത് എത്തിയിരുന്നതെന്നും അന്നുമുതല്‍ രാജ്യത്ത് നിയമവിരുദ്ധമായി കഴിയുകയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
വ്യാജ യാത്രാരേഖകള്‍ ചമച്ചുവെന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമായതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇത്തരം കേസുകള്‍ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് വിദേശത്തേക്കടക്കം കടക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ആള്‍മാറാട്ടം തുടങ്ങി നിരവധി ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ദബോലിം വിമാനത്താവള പൊലീസ് പ്രതിക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഡല്‍ഹി പോലുള്ള വലിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ പാസ്‌പോര്‍ട്ട് റാക്കറ്റുകളുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ സമഗ്രമായ തുടരന്വേഷണം ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S