Enter your Email Address to subscribe to our newsletters

New delhi, 11 മെയ് (H.S.)
ന്യൂഡല്‍ഹി : വോട്ടെണ്ണി 102 സീറ്റിന്റെ ഗംഭീര വിജയം നേടി ഏഴാം ദിവസവും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമില്ല. മൂന്ന് നേതാക്കളില്‍ ആരെ കേരളത്തിലെ മുഖ്യമന്ത്രിയാക്കും എന്ന് തീരുമാനിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നട്ടംതിരിയുകയാണ്. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിയാകാന്‍ നീക്കങ്ങള്‍ നടത്തുന്നവര്‍.
മൂന്ന് നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനം എടുക്കാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞിട്ടില്ല. ഇന്നലെ ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. രാഹുല്‍ ഗാന്ധി വിജയിന്റെ സത്യപ്രതിജ്ഞയ്ക്കായി ചെന്നൈയ്ക്കു പോയി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ബെംഗളൂരുവിലേക്കു പോയി. ഖര്‍ഗെ ഇന്നു വൈകിട്ടോ നാളെ രാവിലെയോ മടങ്ങിയെത്തിയ ശേഷമേ ചര്‍ച്ച പുനരാരംഭിക്കു. അതുകൊണ്ട് തന്നെ തീരുമാനം ഇന്നും വൈകും.
മൂന്ന് നേതാക്കള്‍ക്കും ഒരുപോലെ തൃപ്തികരമാകുന്ന ഫോര്‍മുല കണ്ടെത്താനാണ് ശ്രമം. എന്നാല്‍ എല്ലാവരും കടുംപിടുത്തം തുടരുന്നതാണ് തീരുമാനം വൈകാന്‍ കാരണം. കേരളത്തില്‍നിന്നുള്ള എംപിയുമായ പ്രിയങ്ക ഗാന്ധി ഇതുവരെ ചര്‍ച്ചകളില്‍ ഔദ്യോഗികമായി പങ്കാളിയായിട്ടില്ല. പ്രിയങ്കയുടെ പിന്തുണയും തീരുമാനത്തെ സ്വാധീനിക്കും എന്ന് ഉറപ്പാണ്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ പ്രിയങ്കയെ നിലപാട് അറിയിച്ചിരുന്നു. സോണിയ ഗാന്ധിയുടെ അഭിപ്രായവും നിര്‍ണ്ണായകമാണ്.
എംഎല്‍എമാരുടെ പിന്തുണയോ ജനകീയ പിന്തുണയോ എന്ന തര്‍ക്കത്തില്‍ തട്ടിയാണ് ഹൈക്കമാന്‍ഡ് തീരുമാനം വൈകുന്നത്. ഹൈക്കമാന്‍ഡ് തീരുമാനം കെസി വേണുഗോപാലിന് അനുകൂലമെന്നാണ പുറത്തുവരുന്ന വിവരം. എംഎല്‍എമാരുടെ പിന്തുണ കണക്കിലെടുത്താണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ സതീശനും രമേശും എങ്ങനെ പ്രതികരിക്കും എന്ന് അറിയാനും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനുമാണ് തീരുമാനം വൈകിപ്പിക്കുന്നത്.
---------------
Hindusthan Samachar / Sreejith S